മാഞ്ചസ്റ്റർ ∙ 2004 മുതൽ മാഞ്ചസ്റ്ററിൽ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക ബോൾട്ടണിൽ സ്വന്തമായി സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികൾ പൂർത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തിയുടെയും ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയർക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ പിതാക്കന്മാർ എന്നിവരാൽ ദൈവാലയം വിശുദ്ധ മൂറോൻ കൂദാശ നടത്തുവാൻ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും അഹോരാത്രം പരിശ്രമിച്ചു വരികയാണ്.

ഇതിലേക്കുള്ള ധനശേഖരണാർഥം റാഫിൾ ടിക്കറ്റ് പുറത്തിറക്കുകയുണ്ടായി. ഒരു റാഫിൾ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില. 2022 ഡിസംബർ 24 ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു പവൻ സ്വർണം വീതം അഞ്ചുപേർക്ക് വിതരണം ചെയ്യും. റാഫിൾ ടിക്കറ്റ് വിതരണോദ്‌ഘാടനം മേയ് 22 ന് ഞായറാഴ്ച മാഞ്ചസ്റ്ററിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും സഹകരണത്തോടെ നടത്തപ്പെട്ടു. ഇടവക വികാരി ബഹുമാപ്പെട്ട ഫാദർ ഗീവർഗീസ് തണ്ടായത്ത്, ഇടവകയിലെ വൈദീകൻ ബഹുമാനപ്പെട്ട ഫാദർ എൽദോ രാജൻ എന്നിവർ ചേർന്നാണ് ടിക്കറ്റിന്റെ ആദ്യ വിൽപ്പന നടത്തിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, ലോ ആൻഡ് ലോയേഴ്സ് മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, അലൈഡ് ഫിനാൻസിനെ പ്രതിനിധീകരിച്ച് കിഷോർ ബേബി, എം എം എ പ്രസിഡന്റ് വിൽസൺ മാത്യു, എം എം സി എ പ്രസിഡന്റ് ആഷൻ പോൾ, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻന്റ് ജിജി എബ്രഹാം, ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡൻ്റ് ചാക്കോ ലൂക്ക്, മനോജ് ജോൺ, നോർത്ത് മാഞ്ചസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ്. സാജു പാപ്പച്ചൻ തുടങ്ങിയവരാണ് വിവിധ മലയാളി സമൂഹങ്ങളുടെ പ്രതിനിധികളായി ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഇടവകയുടെ മുൻപോട്ടുള്ള പ്രവത്തനങ്ങൾക്ക് യു കെയിലെ മലയാളി സംഘടനകൾ പൂർണ പിന്തുണ നൽകും എന്ന് പ്രതിനിധികൾ പറഞ്ഞത് ഇടവകയെ ആവേശത്തിലാക്കി.

ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ ഗീവർഗീസ് തണ്ടായത്ത്, സഹവികാരി ബഹുമാനപ്പെട്ട ഫാദർ എൽദോസ് വട്ടപ്പറമ്പിൽ, ഇടവക പട്ടക്കാരൻ ബഹുമാനപ്പെട്ട ഫാദർ എൽദോ രാജൻ, സെക്രട്ടറി ബിജോയ് ഏലിയാസ്, ട്രസ്റ്റീ എൽദോസ് കുര്യാക്കോസ് പെരിങ്ങാട്ടിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നിർമാണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
