ADVERTISEMENT

ലണ്ടൻ ∙ യുക്മ (യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ  സംഘടിപ്പിക്കുന്ന ‘കേരളാ പൂരം 2022’നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്റെ റജിസ്ട്രേഷൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആയിരിക്കുമെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ‌

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യൻ ജോർജിന്റേയും നേതൃത്വത്തിൽ പുതിയതായി ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി വലിയ വിജയമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്.

വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിനു വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.  

പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ‘ബോട്ട് റേസ്-ടീം മാനേജ്മെന്റ് & ട്രെയിനിങ്‌’ വിഭാഗത്തില്‍ ചുമതല നൽകിയിരിക്കുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യുകെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി, നാട്ടിൽ വള്ളംകളി മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കുട്ടനാട്ടിൽ നിന്നു തന്നെയുള്ള ജോബി തോമസ് എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.  

ടീം റജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍

∙ ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് റജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ റജിസ്റ്റര്‍ ചെയ്യാം.

∙ കഴിഞ്ഞ വര്‍ഷം മത്സരം നടന്ന അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും ഇത്തവണയും ഉപയോഗിക്കുന്നത്‌. ഇവ  കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌. 

∙ ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർക്കാണ് തുഴക്കാരായി അവസരം. മറ്റു നാലു പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിനു പുറത്ത് ജനിച്ചു വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌. 

∙ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റു കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താം.   

∙ ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍  ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ റജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.  

∙ കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ടു തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.   

∙ എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

∙ ടീമുകളിൽ നിന്നുള്ള അഭ്യർഥന മാനിച്ച് ടീം ഒന്നിന് റജിസ്ട്രേഷന്‍ ഫീസ് കഴിഞ്ഞ വർഷത്തെ 300 പൗണ്ട് എന്നത് നിലനിർത്തിയിരിക്കുകയാണ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌. 

∙ ബ്രിട്ടനില്‍ നിന്നുമുള്ള  ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

∙ കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും "ഫൈനല്‍ 16" ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

∙ വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. വനിതാ ടീമുകളും ജൂൺ 30 നകം റജിസ്റ്റർ ചെയ്യേണ്ടതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.  

ടീം റജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ - 07403 223066, ജേക്കബ് കോയിപ്പള്ളി - 07402 935193, ജോബി തോമസ് - 07985234361. ‘യുക്മ - കേരളാ പൂരം 2022’ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565,  കുര്യൻ ജോർജ് (ജനറൽ സെക്രട്ടറി) : 07877348602 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com