ബര്‍ലിന്‍ ∙ ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്ത് ഉണ്ടായ ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാളി സമൂഹം. ഗോട്ടിഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായ അരുണ്‍ സത്യന് എന്ന 25കാരനെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം ഇതുവരെ വ്യക്തമല്ല.

തടാകത്തിൽ 16 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് അരുണിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. അരുണിന്റെ കൂട്ടുകാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ശനിയാഴ്ച മുതല്‍ അരുണിനെ കാണാതായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും സുഹൃത്തുക്കള്‍ അരുണിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടര്‍ന്നുവെങ്കിലും തടാകത്തിന്റെ അരികില്‍ നിന്ന് അരുണിന്റെ സൈക്കിളും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ അഗ്നിശമന സേനയില്‍ നിന്നുള്ള ഡൈവിങ് സംഘവും, മുങ്ങല്‍ വിദഗ്ധരും, റെസ്ക്യൂ ഹെലികോപ്റ്ററും, ഗോട്ടിഗന്‍ റെസ്ക്യൂ ഡോഗ് സ്ക്വാഡ് ഉള്‍പ്പടെ നടത്തിയ തിരച്ചിലിനൊടുവിലാണ് അരുണിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.
എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ വെസ്റ്റ് ശ്രീലക്ഷ്മിയില്‍ സത്യന്റെയും അജിതയുടെയും മകനാണ് അരുണ്‍. പിതാവ് സത്യന് കൊച്ചിന് ഷിപ്പ്യാഡ് ജീവനക്കാരനാണ്. അതുല്‍ ഏക സഹോദരനാണ്.
ഗോട്ടിഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാർഥിയായ അരുണ്‍ ജര്‍മനിയില്‍ എത്തിയിട്ട് ഒന്നര വര്‍ഷമായി. അരുണിന്റെ അപ്രതീക്ഷിത വേര്‍പാട് ഗോട്ടിഗനിലെയും ചുറ്റുമുള്ള മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തി. അരുണിന്റെ നാട്ടിലുള്ള മാതാപിതാക്കളുമായി ബന്ധപ്പെട്ടതായും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും ഗോട്ടിഗനിലെ മലയാളി സമൂഹം അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ ഹാംബുര്‍ഗ് കോണ്‍സുലേറ്റിന്റെ അധികാരപരിധിയില്‍ വരുന്നതുകൊണ്ട്, കോണ്‍സുലേറ്റിനെ വിവരം അറിയിക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും സഹായകരമായ നീക്കങ്ങള്‍ ലഭിക്കുന്നതുകൊണ്ട് നാളെത്തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് അരുണിന്റെ സുഹൃത്ത് വ്യക്തമാക്കി.
English Summary: Malayali Student found dead in Germany