ADVERTISEMENT

മാഞ്ചസ്റ്റർ∙ യുകെയിൽ താമസിക്കുന്ന ക്രൈസ്തവരായ മലയാളികൾക്ക് ഏറ്റവും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണു പള്ളിപെരുന്നാൾ. നാട്ടിലെ പള്ളിപ്പെരുന്നാൾ ഓർമ്മകളും ആഘോഷങ്ങളുമെല്ലാം ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആയി മനസിൽ കൂടുകൂട്ടിയതു തന്നെയാണ് ഇതിനു കാരണം.

ഈ  തനിമ ഒട്ടും ചോരാതെ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെ ആയി അവസ്മരണീയമായ മിഴിവോടെ നടത്തിവരുന്ന ഒന്നാണു മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ. യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന മാഞ്ചസ്റ്റർ തിരുന്നാൾ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാൾ എന്ന ഖ്യാതി ഇതിനോടകം നേടി കഴിഞ്ഞു. വിഥിൻഷോയുടെ തിരുമുറ്റത്തു രാജകീയ പ്രൗഢിയോടെ നിൽക്കുന്ന  സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ചു  മോടിപിടിപ്പിച്ചു അതിഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

തിരുക്കർമങ്ങൾ രാവിലെ 10 മുതൽ 

രാവിലെ കൃത്യം 9.45 ന് ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽ നിന്ന് ആരംഭിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്കു വൈദികരെ സ്വീകരിച്ച്  ആനയിക്കുന്നതോടെ  സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും. ഫാ.ലിജേഷ് മുക്കാട്ട്  റാസ കുർബാനയിൽ മുഖ്യ കാർമ്മികനാകുമ്പോൾ ഫാ.മൈക്കിൾ ഗാനൻ,ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ,എന്നിവർ സഹകാർമ്മികരാകും. ദിവ്യബലി മധ്യേ ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ സന്ദേശം നൽകും. 

മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി തിരുന്നാൾ പ്രദക്ഷിണം 

ദിവ്യബലിയെ തുടർന്നു നടക്കുന്ന ലദീഞ്ഞോടെയാണു തിരുനാൾ പ്രദക്ഷിണത്തിനു തുടക്കമാവുക .പൗരാണികത വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്ന് ആരംഭിക്കുമ്പോൾ നൂറുകണക്കിനു മുത്തുക്കുടകളും കൊടികളും പൊൻ വെള്ളി കുരിശുകളും വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും.വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിക്കും. സെന്റ് ആന്റണീസ് ദേവാലയത്തെ വലം വച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം കൺകുളിർക്കെ കാണാൻ തദ്ദേശീയരും റോഡിനിരുവശവും ചേരുക പതിവാണ്. മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

മേള വിസ്മയം തീർക്കാൻ വാറിങ്ങ്ടൺ ചെണ്ടമേളവും പൈപ്പ് ബാൻഡും 

യുകെയിലെ ഒട്ടേറെ വേദികളിൽ മേളപ്പെരുക്കം തീർത്തു പ്രശസ്തമായ വാറിങ്ങ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. യുക്മ സാരഥി ഷിജോയുടെ നേതൃത്വത്തിൽ എത്തുന്ന പ്രതിഭകൾ തീർക്കുന്ന വിസ്മയത്തിനായി കാതോർക്കുകയാണ് മാഞ്ചസ്റ്റർ. ഇവരെ കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ്‌ എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും. മാഞ്ചസ്റ്റർ തിരുനാളിന്റെ ആരംഭ കാലം മുതൽ  ഫിയാന പാഡ്രിഗ്‌ എന്ന കമ്പനിയാണു സ്കോർട്ടിഷ് പൈപ്പ് ബാൻഡുമായി തിരുന്നാളിന് എത്തുന്നത്.

വിപുലമായ പാർക്കിങ്ങ് സൗകര്യം 

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും, സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ.ഇവിടെ ചുമതലയുള്ള വോളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും തിരുനാൾ കമ്മിറ്റി അറിയിച്ചു.

1,St Anthonys R C Primary School

Dunkery Rd, Wythenshawe, Manchester M22 0NT

2, Cornishman pub

Cornishway, Wythenshawe, Manchester M22 0JX

വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ 

ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ്  അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്. വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും.യുവജന സംഘടനകളുടെ ഐസ് ക്രീം സ്റ്റാളും,ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ക്രമീകരിച്ചതായും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

ഇന്നു വൈകിട്ട് ആറിനു നടക്കുന്ന ദിവ്യബലിയിൽ ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ  ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

തിരുനാൾ ആഘോഷങ്ങളെ തുടർന്നു ഞായറാഴ്ച വൈകിട്ടു നാലിനു നടക്കുന്ന ദിവ്യബലിയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും.ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിനു മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്,ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്,ജോജി ജോസഫ്,ജോസ് ജോസഫ് ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം. 

ST.ANTONY’S CHURCH WYTHENSHAWE

DUNKERY ROAD, MANCHESTER

M22 0WR

വാഹനങ്ങൾ പാർക്കുചെയ്യേണ്ട വിലാസം 

1,St Anthonys R C Primary School

Dunkery Rd, Wythenshawe, Manchester M22 0NT

2, Cornishman pub

Cornishway, Wythenshawe, Manchester M22 0JX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com