ADVERTISEMENT

സ്റ്റീവനേജ് ∙ ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജറുശലേം,സന്ത്യാഗോ (സെന്റ് ജയിംസ്) എന്നീ കത്തോലിക്ക തീർഥാടന കേന്ദ്രങ്ങൾക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ സഭയുടെ തീർഥാടനം  ജൂലൈ 16 നു ശനിയാഴ്ച നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ സ്റ്റീവനേജ് അടക്കം ലണ്ടൻ റീജയനിലെ വിവിധ മിഷനുകളിൽ നിന്നായി നിരവധി തീർഥാടകർ എത്തിച്ചേരും. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും എത്തുന്ന നൂറുകണക്കിന് മരിയഭക്തരോടൊപ്പം തിരുമർമ്മങ്ങളിലും തീർഥാടനത്തിലും പങ്കുചേരുവാൻ ലണ്ടൻ റീജനൽ വിശ്വാസി സമൂഹങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അദ്ഭുതകരമായി പറിച്ചു നടപ്പെട്ടു. ഇതാണ് മരിയൻ തീർഥാടന കേന്ദ്രമായ വാല്‍സിങ്ങാം.

 

വാൽസിങ്ങാം പ്രദേശത്തെ പ്രഭ്വിയും, വലിയ  മരിയഭക്തയുമായ ലേഡി റിച്ചാൽഡ്‌സ് വാൽസിങ്ങാം ആരാധനാലയം സ്ഥാപിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.  ദൈവമാതാവിനോട് വലിയ ഭക്തിയും സ്നേഹവുമുള്ള ലേഡി റിച്ചൽഡിസ്, പരിശുദ്ധ അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന  ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചു കൊണ്ട് പ്രാർഥിച്ചു പോരുകയായിരുന്നു. പ്രാർഥനയ്ക്ക് ഉത്തരമായി, കന്യാമറിയം അവളെ ആത്മാവിൽ നസ്രത്തിലേക്ക് നയിക്കുകയും, ഗബ്രിയേൽ മാലാഖ മേരിയെ അഭിവാദ്യം ചെയ്ത അനൗൺഷ്യേഷൻ ഹൗസ് അവളെ കാണിച്ചു കൊണ്ട് , വാൽസിങ്ങാമിൽ ഇതിന്റെ ഒരു തനി പകർപ്പ് നിർമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

 

ദർശനം ലഭിച്ച ഇടത്തു ആരാധനാലയം പണിയുവാൻ സാധന സാമഗ്രികൾ എത്തിച്ചു. സ്ഥാനം ചതുപ്പു നിലമായതിനാൽ പണി നടക്കില്ലാ എന്ന്  പറഞ്ഞു പലതവണകളായി ആശാരിമാർ ജോലിയിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. നിരാശയായ പ്രഭ്വി വീണ്ടും പ്രാർഥനകളിൽ മുഴുകി കരഞ്ഞു പ്രാർഥിച്ചു കൊണ്ടിരിക്കെ ഒരു ദിവസം പുലർച്ചെ ജനാലയിലൂടെ പൂർത്തിയായ ആരാധനാലയം ദർശിക്കുകയായിരുന്നുവെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.  

 

'എന്റെ എല്ലാ  സന്തോഷങ്ങളുടെയും അടിസ്ഥാനവും ഉദ്ഭവവും മനുഷ്യരാശിയുടെ വീണ്ടെടുപ്പിന്റെ അടിസ്ഥാനവുമായ മംഗള വാർത്താ പ്രഖ്യാപനത്തിന്റെ മഹത്തായ ശാശ്വത സ്മാരകമായിരിക്കും ഇത് എന്നും, എന്റെ അങ്കണത്തിൽ വരുന്നവർക്ക് ഉണ്ണിയേശുവിനെ അനുഭവിക്കുവാനും, ചോദ്യങ്ങൾക്കു ഉത്തരം നൽകപ്പെടും' എന്നും പരിശുദ്ധ അമ്മ ദർശനത്തിൽ  സന്ദേശം നൽകിയിരുന്നു.

 

1922ൽ പുനർനിർമിക്കപ്പെട്ട  മരിയ പുണ്യ കേന്ദ്രം വീണ്ടും ആത്മീയ അനുഗ്രഹ അഭയ കേന്ദ്രമാക്കി ആഗോള മാതൃഭക്ത തീർഥാടകർ ഉയർത്തി. പാദ രക്ഷകൾ അഴിച്ചുവച്ചിരുന്ന സ്ലിപ്പർ ചാപ്പല്‍ മാത്രമാണ് ഇന്ന് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.1934 ൽ സ്ലിപ്പർ ചാപ്പൽ നാഷനൽ കാത്തോലിക് തീർഥാടന കേന്ദ്രമായി മാറി.

 

1954 ൽ പോപ്പ് പീയൂസ് XII ഇന്നത്തെ ലേഡി ഓഫ് വാൽസിങ്ങാം രൂപം വെഞ്ചിരിച്ചു പ്രതിഷ്‌ടിക്കുകയും, 2015 ൽ പോപ്പ് ഫ്രാൻസിസ് മൈനർ ബസിലിക്ക പദവി നൽകി വാൽസിങ്ങാമിനെ ഉയർത്തുകയും ചെയ്തു.

 

വാൽസിങ്ങാം തീർഥാടന കേന്ദ്രം അതിനാൽ തന്നെ ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ  "മഹത്തായ പ്രഖ്യാപനത്തിന്റെ സന്തോഷത്തിൽ" മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർഥാടന കേന്ദ്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com