ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ലോഡ്സ്, ഓവൽ തുടങ്ങിയ സ്റ്റേഡിയങ്ങളിൽ മൽസരങ്ങൾ കാണാൻ പോകുമ്പോൾ, ഒരുപാട് മുൻ ക്രിക്കറ്റ് താരങ്ങളെയും മറ്റു പ്രമുഖ വ്യക്തികളെയും കാണുന്നത് പതിവാണ്. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ലോഡ്സിൽ നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെ ബാങ്കുകളിൽ നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ്  മല്യയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വയനാട് സ്വദേശിയായ റഷീദും ഭാര്യ ജസ്ന റഷീദും.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുന്ന ലോഡ്സ് ഗ്രൗണ്ടാണ് വേദി. മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്, ഇംഗ്ലണ്ട് താരം മോന്റി പനെസർ എന്നിവരുടെ കൂടെ പുറത്തു നിന്നും സെൽഫി എടുത്തു തിരിച്ചു സ്റ്റേഡിയത്തിന് അകത്തേക്ക് പോകുമ്പോഴാണ് മാധ്യമങ്ങളിൽ ധാരാളം കണ്ടു പരിചയിച്ച ഒരു മുഖം ശ്രദ്ധയിൽപ്പെട്ടത്. എൻട്രി ഗെയ്റ്റിനു അടുത്തായി നിൽക്കുന്ന അദ്ദേഹം പക്ഷേ, മുൻപത്തേക്കാൾ ക്ഷീണിച്ചിരിക്കുന്നു. ബാങ്കുകളിൽ നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയായിരുന്നു അത്.

harbhajan-singh-monty-panesar
ഹർഭജനും പനേസറിനുമൊപ്പം റഷീദ്.

ഒരു കയ്യിൽ ബിയർ ഗ്ലാസും മറ്റൊരു കയ്യിൽ സിഗരറ്റുമായി നിൽക്കുന്ന മല്യയുടെ അടുത്തുപോയി വിജയ് മല്യ അല്ലെ എന്നു ചോദിച്ചു. അപ്പോൾ, കയ്യിലുണ്ടായിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു അദ്ദേഹം ‘അതെ’ എന്നു പറഞ്ഞു. കൈ മുൻപോട്ടു നീട്ടി ചോദിച്ചു: ‘ഹൗ ആർ യു?’. അൽപ നേരം സംസാരിക്കാനും മല്യ തയാറായി. പക്ഷേ, സംസാരം ക്രിക്കറ്റ് മൽസരത്തെ കുറിച്ചായിരുന്നു. അദ്ദേഹം കളിയെ കുറിച്ച് വാചാലനായി. തനിച്ചായിരുന്നു മല്യ മൽസരം കാണാൻ എത്തിയത്. തിരിച്ചു പോകുന്നതിനു മുൻപ് ഒരു സെൽഫിക്കും പോസ് ചെയ്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന വിജയ് മല്യ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ടു ഞെട്ടിയെന്ന് റഷീദും ഭാര്യ ജസ്നയും പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ലണ്ടനിലെ സ്ഥിര താമസക്കാരാണ് വയനാട് അമ്പലവയൽ സ്വദേശികളായ ഇവർ.

മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയിൽ ബ്രിട്ടനിലെ കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നടപടി പൂർത്തിയായിട്ടില്ല. കോടികളുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസിൽ പ്രതിയായി ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടിഷ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി, മല്യയുടെ ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് ഇത് വഴിയൊരുക്കി. മല്യയുടെ പല ആസ്തികളും ലേലത്തിൽ വയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ ലണ്ടനിൽ ജാമ്യത്തിൽ കഴിയുന്ന മല്യ, യുകെയിൽ അഭയം തേടി അപേക്ഷ നൽകിയിട്ടുണ്ട്.

English Summary : Keralite family share their experience of meeting Vijay Mallya in Lord's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com