ADVERTISEMENT

സൂറിക്∙ തടാകത്തോട് ചേർന്ന് 45 മീറ്റർ ഉയരത്തിലുള്ള റോഡിൽ നിന്ന് കാറും, ഓടിച്ചിരുന്ന ആളും സ്വിറ്റസർലന്റിലെ ഫിയർവാൾഡ് സ്‌റ്റേറ്റർ ലേക്കിന്റെ 182 മീറ്റർ ആഴങ്ങളിലേക്ക് പതിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ്. റോഡിൽ നിന്നും പതിച്ച ഉയരം കൂടി കണക്കിലെടുത്താൽ, കാറ് വീണത് 227 മീറ്റർ  താഴ്ചയിൽ. കാർ ഓടിച്ചിരുന്ന ആളുടെ വിധി എന്തെന്ന് വ്യക്തം. എന്നിരുന്നാലും തടാകത്തിലെ ആഴങ്ങളിൽ  നിന്നും കാറും ഓടിച്ച ആളെയും കണ്ടെടുക്കേണ്ടതുണ്ടല്ലോ. അപകടം നടന്ന് 72 മണിക്കൂറിനുള്ളിൽ കാറും ഒപ്പം ആളിനേയും പൊക്കിയെടുത്തു മികവ് തെളിയിച്ചിരിക്കുകയാണ് സ്വിറ്റസർലന്റിലെ രക്ഷാ സംവിധാനങ്ങൾ.

accident-in-lake-lucerne-2
അപകടത്തിൽപ്പെട്ട കാറിനും അതിലെ ഡ്രൈവറിനുമായി നടത്തിയ തിരച്ചിൽ. Photo Credit : 20min/Ela Celik

സർക്കാർ പ്രമാണിമാരോ ബഹളങ്ങളോ ഇല്ലാതെ, തികച്ചും ശ്രമകരമായ ഒരു ദൗത്യത്തെ പ്രൊഫഷണലായി കൈകാര്യം ചെയ്‌തു മൂന്ന് ദിവസത്തിനുള്ളിൽ ഉയർത്തിയെടുത്തത്തിന്റെ വിശദാംശങ്ങളിലേക്ക്:

ഒട്ടേറെ തടാകങ്ങളുള്ള രാജ്യമാണു സ്വിറ്റ്സർലൻഡ്. തടാകങ്ങളെ ചേർന്നുള്ള റോഡുകളിലൂടെയുള്ള ഡ്രൈവിങ് വളരെ ആകർഷകവുമാണ്. റോഡും ജലാശയങ്ങളും അതിരിടുന്നിടത്തു സുരക്ഷാ വേലികൾ കാണുമെങ്കിലും ചിലയിടങ്ങളിലെങ്കിലും അതിവേഗത്തിൽ വരുന്ന വാഹനത്തിന്, ഈ സുരക്ഷാവേലികളെ മറികടന്നു തടാകത്തിൽ പതിക്കാനുള്ള കരുത്തുണ്ട്. ഷ്വിറ്റ്സ് പ്രവിശ്യയിലെ ബ്രൂണ്ണൻ എന്ന സ്ഥലത്ത്‌, ഫിയർവാൾഡ് സ്‌റ്റേറ്റർ ലേക്കിന്റെ തീരത്തൂടെ പോവുന്ന അക്സൻ പാതയിലായിരുന്നു അപകടം. 

accident-in-lake-lucerne-4
അപകടത്തിൽപ്പെട്ട കാറിനും അതിലെ ഡ്രൈവറിനുമായി നടത്തിയ തിരച്ചിൽ. Photo Credit : 20min/Ela Celik

80 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കാവുന്ന സാമാന്യം വീതിയുള്ള ഡബിൾ ലൈൻ ട്രാക്കിലൂടെ ഉച്ചസമയത്ത്‌ വന്ന കാർ, നിയന്ത്രണം വിട്ട് സംരക്ഷണ ഗ്രില്ലും തകർത്തു ലേക്കിലേക്ക് പതിക്കുന്നതാണ് അതുവഴി പോയിരുന്ന മറ്റ് യാത്രികർ കാണുന്നത്. ഡ്രൈവിങിനിടയിൽ ശ്രദ്ധ പാളിയതാണോ, മനഃപൂർവം അപകടം വരുത്തിയതാണോ, കാറിൽ എത്രപേർ എന്നതെല്ലാം അവ്യക്തം. അപകടത്തിൽപ്പെട്ട കാറിന്റെ ഊരിത്തെറിച്ച ടയർ എതിരെ വന്ന കാറിൽ ഇടിച്ചു മറ്റൊരു കാറിനും അപകടം സംഭവിച്ചു. രക്ഷാ ദൗത്യം ഉടനടി ആരംഭിച്ചു. അപകടസ്ഥലത്തു നിന്നും സൂറിക് റെജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ പ്ളേറ്റ് കണ്ടുകിട്ടിയത്, കാർ ഏതെന്നു തിരിച്ചറിയാൻ സഹായകമായി. 

accident-in-lake-lucerne-5
അപകടത്തിൽപ്പെട്ട കാറിനും അതിലെ ഡ്രൈവറിനുമായി നടത്തിയ തിരച്ചിൽ. Photo Credit : 20min/Ela Celik

182 മീറ്റർ താഴ്ച്ചയാണ് തടാകത്തിന് ആ ഭാഗത്ത്‌. കമ്പിവേലിയിൽ ഇടിച്ചു ആഴങ്ങളിലേക്ക് ഊളിയിടുമ്പോൾ ഡോർ തുറന്ന് യാത്രികർ തെറിച്ചുപോവാനും സാദ്ധ്യതയുണ്ടെങ്കിലും, അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ആദ്യമേ ഉറപ്പിച്ചു. ഷ്വിറ്റ്സ് പൊലീസിന്റെ വീണ്ടെടുക്കൽ സംവിധാനങ്ങൾ മതിയാകാതെ വന്നപ്പോൾ, തൊട്ടടുത്ത പ്രവിശ്യയായ സൂറികിലെ സ്‌റ്റേറ്റ് പൊലീസും ആഴങ്ങളിലെ വീണ്ടെടുക്കലിൽ പ്രാവീണ്യമുള്ള ഒരു സ്വകാര്യ കമ്പനിയും സഹായത്തിനെത്തി. 

accident-in-lake-lucerne-6
അപകടത്തിൽപ്പെട്ട കാറിനും അതിലെ ഡ്രൈവറിനുമായി നടത്തിയ തിരച്ചിൽ. Photo Credit : 20min/Ela Celik

തടാകത്തിലെ അപകടഭാഗത്ത്‌ ആരുടെയും ശല്ല്യമില്ലാതെ രക്ഷാപ്രവർത്തകർ അവരുടെ ജോലി സുഗമമായി ചെയ്‌തു. മാധ്യമങ്ങൾക്കു വേണ്ട വിവരങ്ങളും ദൃശ്യങ്ങളും ഷ്വിറ്റ്സ് പൊലീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കി. അതിലും കൂടുതലായി വേണ്ടവർ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകാതെ അകലെ നിന്നും വേണ്ടത് പകർത്തി. രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർ ആരുംതന്നെ അപകടസ്ഥലത്തേക്ക് എത്തിയില്ല. സ്വകാര്യത വിലമതിക്കുന്ന സമൂഹത്തിൽ, അപകടത്തിൽപ്പെട്ടത് 62 വയസ്സുള്ള സൂറിക് പ്രവിശ്യയിൽ നിന്നുള്ള പുരുഷനാണ് എന്നതൊഴികെ മറ്റു വിശദാംശങ്ങളും പുറത്തു വന്നില്ല. 

ആഴങ്ങളിലെ വീണ്ടെടുക്കൽ സംവിധാനങ്ങളുള്ള രണ്ട് ബോട്ടുകളിലായിരുന്നു വീണ്ടെടുക്കലിന്റെ സജ്ജീകരണങ്ങൾ അത്രയും. മുങ്ങൽ വിദഗ്ധരുൾപ്പെടെ 15 ൽ താഴെ പേരാണ് മുന്ന് ദിവസത്തെ ദൗത്യത്തിൽ പങ്കാളികളായത്. കാർ പൊക്കിയെടുക്കുന്ന സമയം തീർപ്പായതോടെ മൃതദേഹം കൊണ്ടുപോകാനുള്ള വാൻ, കാർ മാറ്റാനുള്ള റിക്കവറി ലോറി എന്നിവ എത്തി. എല്ലാം ഒരു  മണിക്കൂറിനുള്ളിൽ തീർന്നു. 

accident-in-lake-lucerne-3
അപകടത്തിൽപ്പെട്ട കാറിനും അതിലെ ഡ്രൈവറിനുമായി നടത്തിയ തിരച്ചിൽ. Photo Credit : 20min/Ela Celik

പൊലീസിന് ഇനിയും തിരക്ക് ഒഴിഞ്ഞിട്ടില്ല. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെടുത്ത്‌ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കണം. അപകടസ്ഥലത്തു ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന നടപടികളിലേക്ക് അധികൃതർ കടന്ന് കഴിഞ്ഞു. കാർ വീണ്ടെടുക്കാൻ ചിലവായ ലക്ഷങ്ങൾ കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. അത് കഴിഞ്ഞു വേണം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ വകുപ്പുകൾക്കും, ഇൻഷുറൻസ് സംവിധാനങ്ങൾക്കും ഒരുമിച്ചിരിക്കാൻ. 

accident-in-lake-lucerne-7
അപകടത്തിൽ മരിച്ച വ്യക്തിക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കൾ നൽകിയപ്പോൾ. Photo Credit : 20min/Ela Celik

അപകടത്തിൽ മരിച്ച മുഖം അറിയാത്ത ആളുടെ സ്മരണയ്ക്ക് പൂക്കളും മെഴുകുതിരിയും അപകടസ്ഥലത്ത്‌ നാട്ടുകാർ ഇപ്പോഴും സമർപ്പിച്ചുകൊണ്ടിരിക്കുന്നു

English Summary : Accident in Lake Lucerne: BMW is found from a depth of 182 meters within 72 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com