ADVERTISEMENT

സൂറിക് ∙ യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ് താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ്-യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു വർഷം കൊണ്ട് ഇയുവിൽ ഉണ്ടായിരിക്കുന്നത്. യൂറോപ്പ്യൻ സ്ത്രീകളിലെ ഫെർട്ടിലിറ്റി നിരക്ക് (ഓരോ സ്ത്രീക്കും ജനിക്കുന്ന കുട്ടികളുടെ ആകെ എണ്ണം) കുറയുന്നതും, ജനസംഖ്യയുടെ വാർധക്യവുമാണ് നിഗമനങ്ങൾക്ക് ആധാരം. 

ജനനങ്ങളെക്കാൾ മരണങ്ങളാണ് വർഷങ്ങളായി യൂറോപ്പിൽ കുടുതലെങ്കിലും, കുടിയേറ്റങ്ങളിലൂടെയാണ് യൂറോപ്യൻ ജനസംഖ്യ പിടിച്ചുനിന്നിരുന്നത്. പോയ രണ്ടു വർഷങ്ങൾ കോവിഡ് വർഷങ്ങളായപ്പോൾ, മരണ നിരക്ക് ജനന നിരക്കിനേക്കാൾ ക്രമാതീതമായി കൂടിയതും, കുടിയേറ്റം കുറഞ്ഞതുമാണ് ഇപ്പോഴത്തെ കുത്തനെയുള്ള കുറവിന് ആധാരം. 2020 ആദ്യം 44.73 കോടിയായിരുന്നു ഇയു ജനസംഖ്യയെങ്കിൽ ഈ വർഷം ആദ്യം അത് 44.68 കോടിയിലേക്ക് താഴ്ന്നു. ഇറ്റലിയിലാണ് ഒരു വർഷത്തിനുള്ളിൽ ഏറ്റവും അധികം കുറവ്. ഇവിടെ 2.53 ലക്ഷം പേർ കുറഞ്ഞു. 

1960ലെ 35.45 കോടിയിൽ നിന്ന് 2022 ൽ യൂറോപ്യൻ യൂണിയൻ ജനസംഖ്യ 44.68 കോടിയിലേക്ക് വർധിച്ചു, 9.23 കോടിയുടെ വർധനവ്. 1960-കളിൽ പ്രതിവർഷം ഏകദേശം 30 ലക്ഷം ആളുകളുടെ വളർച്ചയാണ് ഉണ്ടായതെങ്കിൽ, 2005-നും 2022-നും ഇടയിൽ ഇത് പ്രതിവർഷം ശരാശരി ഏഴു ലക്ഷത്തിലേക്ക് കുറഞ്ഞുവെന്ന് യൂറോസ്റ്റാറ്റ് പറയുന്നു. 2011 വരെ മരണ നിരക്കിനേക്കാൾ ജനന നിരക്ക് ഉയർന്ന് നിന്നപ്പോൾ 2012 മുതൽ ഇത് മറിച്ചായി. പിന്നീട് കുടിയേറ്റമാണ് യൂറോപ്പിലെ ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകമായത്. 

youth-migration-house-impact

പോയ വർഷങ്ങളിലെ യൂറോസോണിലെ ശരാശരി ജനന നിരക്കായ 41 ലക്ഷം തുടർന്നേക്കാമെങ്കിലും, 2070-ഓടെ, ഇയു ജനസംഖ്യയുടെ 30.3 ശതമാനത്തിന് 65 ന് മുകളിൽ പ്രായമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ കണക്കാക്കുന്നു. ഇതിലെ തന്നെ 13.2 ശതമാനം 80 കഴിഞ്ഞവരായിരിക്കും. വൃദ്ധജന സംരക്ഷണം ആവശ്യമുള്ളവരുടെ എണ്ണം 2030-ൽ 23.6 ദശലക്ഷവും 2050-ൽ 30.5 ദശലക്ഷവുമായി ഉയരുമെന്നാണ് നിഗമനം. കണക്കുകൾ തൊഴിൽ വിപണിയുടെയും, പെൻഷനുകളും ആരോഗ്യ പരിരക്ഷയും പോലെയുള്ള സാമൂഹിക സുരക്ഷാ സേവനങ്ങളുടെയും ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്. 

ഇത് പരിഗണിച്ചു ഡെമോക്രസി ആൻഡ് ഡെമോഗ്രഫി കമ്മീഷണനെ ഇതിനായി ഇയു നിയമിച്ചിട്ടുണ്ട്. ജനന നിരക്ക് പ്രോത്സാഹിപ്പിക്കാൻ കുടുതൽ ആനുകൂല്യങ്ങൾ, സ്ത്രീകളുടെ തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കൽ, പെൻഷൻപ്രായം വർധിപ്പിക്കൽ, ഹൈ സ്‌കിൽഡ് മേഖലയിൽ ഇയു വിന് പുറത്തു നിന്നും കൂടുതൽ കുടിയേറ്റം എന്നിവ കമ്മിഷന്റെ വിഷയങ്ങളാണ്.  

ഇയു രാജ്യമായ ഓസ്ട്രിയയിലെ നിലവിലെ ജനസംഖ്യയിലെ നാലിൽ ഒന്നിനും കുടിയേറ്റ പശ്ചാത്തലമെന്ന് ഓസ്ട്രിയൻ സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് വ്യക്തമാക്കുന്നു. രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ടുള്ള കുടിയേറ്റമാണ് സിറിയ, അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ എന്നി രാജ്യങ്ങളിൽ നിന്നും ഇയു രാജ്യങ്ങളിലേക്ക് നടക്കുന്നത്. എന്നാൽ സാമ്പത്തിക കുടിയേറ്റവും ഇയു രാജ്യങ്ങൾക്കുള്ളിൽ നടക്കുന്നുവെന്നാണ് ഓസ്ട്രിയയിൽ നിന്നുള്ള സൂചിക. അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ റുമേനിയൻ പൗരർ ഇരട്ടിച്ചു. 2.18 ലക്ഷം ജർമ്മൻകാർക്ക് പുറകിൽ 1.40 ലക്ഷവുമായി കുടിയേറ്റത്തിലെ രണ്ടാം സ്ഥാനം ഇവിടെ റുമേനിയക്കാർക്കാണ്.

English Summary : European population continue to shrink; Migration might help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com