ADVERTISEMENT

ലണ്ടൻ∙കോവിഡ് കാരണം രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മത്സരവള്ളംകളി മടങ്ങിയെത്തുമ്പോള്‍ "കേരളാപൂരം 2022" വലിയ ആവേശമാണു ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. നാലാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷന്‍ ടിവിയിലൂടെ യുകെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും  ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള  ടീം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

 

വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷം അഭിനന്ദനങ്ങൾ വാങ്ങിയ  യുകെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യുകെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ (പ്രസ്റ്റണ്‍) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.

 

യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി  കൂടിയായ സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. 

 

റണ്ണിങ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ-അനൗണ്‍സ്മെന്റ് വേദികളില്‍ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോന്‍ തോട്ടുങ്കലും, കടുത്തുരുത്തിയില്‍ നിന്നുള്ള തോമസ് പോളും കുട്ടനാടിന്റെ എടത്വയില്‍ നിന്നുള്ള ജോണ്‍സണ്‍ കളപ്പുരയ്ക്കലും ഒത്തുചേരുമ്പോള്‍ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്നു തീര്‍ച്ചയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com