ADVERTISEMENT

റോം ∙ സ്വന്തമായി നിർമിച്ച ദേശീയപതാക വീശി വിദേശ സുഹൃത്തുക്കളുമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച മലയാളി സന്യാസിനി ഇറ്റലിയിലെ ഇന്ത്യക്കാർക്കിടയിൽ താരമായി. ഇറ്റലിയിലെ ഒറിസ്താനോയിൽ സേവനം ചെയുന്ന, ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ് (ഡിഎസ്ജെ) സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ സോണിയ തെരേസ് കുരുവിളയാണ് ഇറ്റലിയിൽ മലയാളികളുൾപ്പെടെ ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയത്. 

ഓഗസ്റ്റ് 15 പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഇന്ത്യൻ സ്വാതന്ത്ര്യദിനവും ആയതിനാൽ ഇറ്റലിയിലെ വിവിധ മഠങ്ങളിൽ സേവനമനുഷ്ഠിക്കുന്ന, എട്ടു രാജ്യങ്ങളിൽ നിന്നുള്ള സന്യാസിനികൾ 14ന് മദർ ഹൗസിൽ ഒരുമിച്ചു കൂടുമെന്ന് സിസ്റ്റർ സോണിയ പറഞ്ഞു. 15ന് രാവിലെ ആഘോഷമായ വിശുദ്ധ കുർബാനയിൽ എല്ലാവരും പങ്കെടുക്കും. 

തുടർന്ന് സന്യാസ വ്രതത്തിന്റെ സിൽവർ ജൂബിലിയും സുവർണ്ണ ജൂബിലിയും ആഘോഷിക്കുന്ന സന്യസ്തരെ ആദരിച്ച് അവർക്കു വേണ്ടി ചെറിയ കലാപരിപാടികൾ അവതരിപ്പിക്കുക പതിവുണ്ട്. കോൺവെന്റിലെ ഓരോ രാജ്യക്കാരും അവരുടെ മാതൃരാജ്യത്തിന്റെ പതാകകളുമായാണ് കലാപരിപാടിയിൽ പങ്കെടുക്കുക. പല രാജ്യക്കാരുടെയും കൈവശം വലിയ പതാകകൾ ഉണ്ടാകും. എന്നാൽ കോൺവെന്റിൽ ഉണ്ടായിരുന്ന ഇന്ത്യൻ പതാക വളരെ ചെറുതായിരുന്നു. ഇതാണ് പുതിയ ദേശീയപതാക സ്വന്തമായി ഉണ്ടാക്കാൻ സിസ്റ്റർ സോണിയയെ പ്രേരിപ്പിച്ചത്.

ഇന്ത്യൻ ദേശീയ പതാകയുമായി മറ്റുള്ളവർ.
ഇന്ത്യൻ ദേശീയ പതാകയുമായി മറ്റുള്ളവർ.

ഏതാനും വർഷംമുൻപ് മദർ ഹൗസ് സുപ്പീരിയറിനോട് 10 യൂറോ ചോദിച്ചുവാങ്ങിയാണ് സിസ്റ്റർ സോണിയ പാതകയ്ക്കുള്ള തുണികൾ വാങ്ങിയത്. മഠത്തിലെത്തി തുണികൾ ഭംഗിയായി മുറിച്ചെടുത്ത് മെഷീനിൽ തയ്‍ച്ചെടുത്തു. പതാകയുടെ നടുക്ക് കൃത്യമായ അളവിലും നിറത്തിലും അശോകചക്രം വരച്ചെടുക്കാനാണ് ഏറെ ബുദ്ധിമുട്ടിയതെന്ന് സിസ്റ്റർ പറഞ്ഞു. 

‘എന്റെ സ്വന്തം കൈകളാൽ മെനഞ്ഞെടുത്ത ആ ഇന്ത്യൻ പതാക പിന്നീട് ഞാൻ അഭിമാനത്തോടെയും അൽപ്പം അഹങ്കാരത്തോടെയും കൊണ്ടുനടക്കാറുണ്ട്. ആ പതാക ഇന്ന് ഞങ്ങളുടെ കോൺഗ്രിഗേഷനിലുള്ള ഏറ്റവും വലിയ പതാകയാണ്’– മുൻ കായികതാരം കൂടിയായ സിസ്റ്റർ സോണിയയുടെ വാക്കുകളിൽ രാജ്യസ്നേഹം തുടിക്കുന്നു. വർഷങ്ങൾക്കു മുൻപ് മദർ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങ് വത്തിക്കാനിൽ നടന്നപ്പോൾ സ്വന്തം പതാകയുമായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സിസ്റ്ററും ഉണ്ടായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മഠത്തിലുള്ള സന്യസ്തരെയും വിവിധ രാജ്യക്കാരായ കൂട്ടുകാരെയുമൊക്കെ ഒരുമിച്ചുകൂട്ടി, ഇന്ത്യൻ പതാക വീശി ആഘോഷം നടത്തി. മറ്റുരാജ്യക്കാർ നമ്മുടെ പതാകവീശി ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നിയെന്നും സിസ്റ്റർ സോണിയ പറഞ്ഞു. ഇടുക്കി ജില്ലയിലെ കാമാക്ഷി സ്വദേശിയാണ് സിസ്റ്റർ സോണിയ തെരേസ് കുരുവിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com