ADVERTISEMENT

ലണ്ടൻ ∙ ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി കണ്ടെത്തിയ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന് (47) പ്രത്യേകതകൾ ഏറെയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി മൽസരത്തിന് ഇറങ്ങിയ വ്യക്തിയായിരുന്നു ലിസ്. ഋഷി സുനക്കിന്റെയും കൂട്ടരുടെയും വിമത നീക്കത്തിലും അവസാനനിമിഷം വരെ ബോറിസ് ജോൺസണ് പിന്തുണ നൽകിയ ശേഷമായിരുന്നു ലിസിന്റെ ഈ നീക്കം. ലീഡർഷിപ്പ് ഇലക്ഷനിൽ എംപിമാരുടെ പിന്തുണയിൽ രണ്ടാമതായിട്ടും അവസാനവട്ടം പാർട്ടി അംഗങ്ങളുടെ പിന്തുണിൽ ഒന്നാമത് എത്താനായി എന്നതാണ് അപൂർവതകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിൽ ബോറിസ് പക്ഷത്തിന്റെ പിന്തുണ നിർണായകവുമായി. 

ലിസ് ട്രസ്. ചിത്രം: ഫെയ്സ്ബുക്ക്.
ലിസ് ട്രസ്. ചിത്രം: ഫെയ്സ്ബുക്ക്.

മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരുടെ പിൻഗാമിയായാണ് ഈ വനിതാ പട്ടികയിൽ ലിസ് ട്രസ് എത്തുന്നത്. 1721ൽ തുടങ്ങുന്ന ബ്രിട്ടന്റെ ജനാധിപത്യ ചരിത്രത്തിലെ വനിതാ പ്രധാനമന്ത്രിമാർ മൂന്നും കൺസർവേറ്റീവ് പാർട്ടിയിൽനിന്നും ആണെന്നത് ടോറികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. 

താച്ചറോട് ഉപമിക്കുന്നതിൽ നീരസം 

താച്ചറുടെ പാർട്ടിക്കാരിയാണെങ്കിലും തന്നെ താച്ചറോട് ഉപമിക്കുന്നതിൽ ലിസിന് താൽപര്യമില്ല. തനിക്ക് തന്റേതായ വ്യക്തിത്വവും രീതികളും ഉണ്ടെന്നാണ് ലിസിന്റെ നിലപാട്. ഒമ്പതാം വയസിൽ സ്കൂൾ പഠനകാലത്ത് മോക്ക് ഇലക്ഷനിൽ താച്ചറായി അഭിനയിച്ചതിന് ഒരു വോട്ടുപോലും ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തമാശയോടെ ലിസ് ഈ താരതമ്യത്തെ എതിർത്തത്. 

ലിസ് ട്രസ് ബിബിസി അഭിമുഖത്തിനിടെ. Photo by Jeff OVERS / BBC / AFP
ലിസ് ട്രസ് ബിബിസി അഭിമുഖത്തിനിടെ. Photo by Jeff OVERS / BBC / AFP

മൂന്നു മന്ത്രിസഭകളിൽ നിർണായക പദവികൾ

ഡോവിഡ് കാമറണിനൊപ്പം പരിസ്ഥിതി സെക്രട്ടറിയായും തെരേസ മേയ്ക്കൊപ്പം ജസ്റ്റിസ് സെക്രട്ടറിയായും ബോറിസ് ജോൺസണൊപ്പം വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ച പരിചയവുമാണ് ലിസ് പ്രധാനമന്ത്രിപദത്തിൽ എത്തുന്നത്. 12 വർഷത്തെ പാർലമെന്ററി പരിചയവും 47കാരിയായ ഈ വനിതാ നേതാവിനുണ്ട്. 

ബാൽമോറിലെത്തി രാജ്ഞിയെ കാണും

ബർക്കിങ്ങാം പാലസിനു പുറത്ത് സ്ഥാമേൽക്കുന്ന പ്രധാനമന്ത്രി എന്ന പ്രത്യേകതയും ലിസിനുണ്ട്. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കണ്ടുവണങ്ങി ആചാരപരമായ വിധേയത്വപ്രഖ്യാപനം നടത്തുക. ബോറിസിന്റെ രാജിയും വിടവാങ്ങൽ സന്ദർശനവും ഇവിടെത്തന്നെയാണ്. 96കാരായിയ രാജ്ഞിയുടെ 70 വർഷത്തിലേറെയായുള്ള അധികാര ചരിത്രത്തിൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ ബോറിസ് ജോൺസൺവരെ ഇതിനോടകം 14 പേരെ അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. 

liz-truss-queen-elizabeth

2025 വരെ കാലാവധി 

2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലവധി അവശേഷിച്ചിട്ടുള്ളത്. 357 എംപിമാരുടെ ഭൂരിപക്ഷമുള്ള ടോറികൾക്ക് കാര്യമായ പ്രശ്നങ്ങളില്ലാതെ കാലാവധി പൂർത്തിയാക്കാനാകും. 

ലിബറൽ ഡെമോക്രാറ്റായി തുടക്കം

ഓക്സ്ഫെഡിൽ ജനിച്ച്, സ്കോട്ട‍്‍ലൻഡിലെ പെയ്സ്ലിയിൽ വളർന്ന്, ലീഡ്സിൽ പഠിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ലിസ് ഓക്സ്ഫെഡിലെ പഠനകാലത്ത് തുടക്കത്തിൽ ലിബറൽ ഡെമോക്രാറ്റ് അനുകൂലിയായിരുന്നു. പിന്നീടാണ് കൺസർവേറ്റീവിലേക്ക് ചുവടു മാറ്റിയത്. 

ബ്രക്സിറ്റിൽ നിലപാട് മാറ്റി

ബ്രക്സിറ്റ് റഫറണ്ടത്തിൽ റിമെയിൽ പക്ഷത്തായിരുന്ന ലിസ് പിന്നീട് ബ്രക്സിറ്റ് ബ്രിട്ടന് വലിയ അവസരമാണെന്ന് നിപാട് മാറ്റി. 

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനക് എന്നിവർ. 2022 ജൂൺ 15നു എടുത്ത ചിത്രം. Photo by JESSICA TAYLOR / various sources / AFP
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനക് എന്നിവർ. 2022 ജൂൺ 15നു എടുത്ത ചിത്രം. Photo by JESSICA TAYLOR / various sources / AFP

വിവാഹിത, അമ്മ

രണ്ടായിരമാണ്ടിൽ വിവാഹിതയായ ലിസ് രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. അക്കൗണ്ടന്റായ ഹ്യൂ ഒ ലാറിയാണ് ഭർത്താവ്. 

മതാചാരങ്ങളിൽ താൽപര്യമില്ല

ക്രിസ്തീയ വിശ്വാസങ്ങളുടെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുമ്പോഴും സ്ഥിരമായി മതാചാരങ്ങൾ പിന്തുടരുന്ന രീതി തനിക്കില്ലെന്നാണ് ലിസിന്റെ പ്രഖ്യാപിത നയം. 

കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിന് എത്തിയ ലിസ് ട്രസ്. (ഫയൽ ചിത്രം) Photo by Geoff Caddick / AFP.
കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിന് എത്തിയ ലിസ് ട്രസ്. (ഫയൽ ചിത്രം) Photo by Geoff Caddick / AFP.

ബ്രിട്ടൻ പ്രതീക്ഷിക്കുന്നത് ഏറെ 

പണപ്പെരുപ്പവും വിലക്കയറ്റവും ഊർജ പ്രതിസന്ധിയും നേരിടുന്ന ബ്രിട്ടനെ യുക്രെയ്ൻ യുദ്ധത്തിന്റെയും ബ്രക്സിറ്റിന്റെയും പശ്ചാത്തലത്തിൽ, ലിസ് വ്യത്യസ്തമായി എങ്ങനെ മുന്നോട്ടു നയിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. പുതിയ മന്ത്രിമാർ ആരൊക്കെയാകും എന്നറിയാനും കാത്തിരിക്കുകയാണ് ബ്രിട്ടൻ.

English Summary: A quick guide to the UK's new prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com