ADVERTISEMENT

ലണ്ടൻ ∙ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ലണ്ടനിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കുന്നു. ലോക കേരളസഭയുടെ യുകെ - യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാൻ ഒക്ടോബർ 9ന് ഞായറാഴ്ച അവസരമൊരുക്കുന്നു. നോർക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യത്തെ മേഖലാ സമ്മേളനം ലണ്ടനിൽ ഇപ്പോൾ നടത്തുന്നത്. യുകെയിലെ പ്രവാസികൾക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം വിപുലമായ പ്രവാസി സമ്മേളനവും കലാ സന്ധ്യയും അരങ്ങേറും. സമ്മേളനത്തിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, യുകെയിലെ വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകർ പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരാവും.

കലാസാംസ്കാരിക സന്ധ്യയിൽ കേരളത്തനിമയുള്ള കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ സംഘാടകസമിതിയുമായി സെപ്തംബർ 24നു  വൈകിട്ട് എട്ടിനു മുൻപായി  07775435932 / 07960212334 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൾച്ചറൽ കോഓർഡിനേഷൻ സബ് കമ്മിറ്റി കൺവീനർ ശ്രീജിത്ത്‌ ശ്രീധരൻ, ലോക കേരളസഭയുടെ സബ് കമ്മിറ്റി ചുമതലയുള്ള നിധിൻ ചന്ദ് എന്നിവർ അഭ്യർഥിച്ചു. ക്ലാസിക്കൽ സെമി ക്ലാസിക്കൽ, നാടോടി, നാടോടി/ക്ലാസിക്കൽ ഫ്യൂഷൻ  മ്യൂസിക്, ഡാൻസ്, നാടകം എന്നിവയിൽ ഗ്രൂപ്പ് പരിപാടികൾക്കു മുൻഗണന നൽകും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും സംവദിക്കുവാൻ കിട്ടുന്ന അവസരം വിനിയോഗിച്ചു കേരളത്തിന്റെ സമഗ്രപുരോഗതിക്കായുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു പരിപാടി വൻവിജയം ആക്കുവാൻ  യുകെയിലെ മുഴുവൻ മലയാളികളോടും കോഓർഡിനേഷൻ സമിതിക്കുവേണ്ടി ചീഫ് കോർഡിനേറ്റർ എസ്. ശ്രീകുമാർ, ജോയിന്റ് കോഓർഡിനേറ്റർ സി. എ. ജോസഫ്,  ഓർഗനൈസേഷന് ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർഥിച്ചു. പൊതുസമ്മേളന വേദി: Tudor Park , Feltham , London . TW13 7EF.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com