ADVERTISEMENT

ലണ്ടൻ ∙ ആറുമാസത്തിടെ ഏഴാം തവണയും പലിശനിരക്ക് കുത്തനെ കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 1.75 ശതമാനത്തിൽനിന്നും 2.25 ആയാണ് പലിശനിരക്ക് ഉയർത്തിയത്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.  പലിശനിരക്കിലെ ഈ മാറ്റം ട്രാക്കർ മോർഗേജിലുള്ളവർക്ക് കനത്ത തിരിച്ചടിയാകും. മോർഗേജ് പേഴ്സണൽ ലോൺ, മറ്റ് വായ്പകൾ എന്നിവയ്ക്കെല്ലാം പലിശനിരക്ക് ഉയരും. 

 

ഇപ്പോൾതന്നെ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്ന ബ്രിട്ടിഷ് സാമ്പത്ത് വ്യവസ്ഥയെ കൂടുതൽ പിന്നോട്ടടിക്കുന്ന തീരുമാനമാണിത്. 

 

ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിൽ 2008ലാണ് ഇതേ നിരക്കിൽ ഇതിനു മുൻപ് പലിശനിരക്ക് ഉയർത്തിയിരുന്നത്. ഇതേത്തുടർന്ന് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും, വിപണി മാന്ദ്യത്തിലേക്കും പ്രവേശിക്കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. 

 

രാജ്യത്ത് പണപ്പെരുപ്പം ഇപ്പോൾതന്നെ കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പലിശനിരക്ക് ഉയരുന്നത് വായ്പകൾ ചെലവേറിയതാക്കും. ജനങ്ങളുടെ വാങ്ങൽശേഷി കുറയുന്നതോടെ വിപണികൾ തളരും. 

 

മോർഗേജിനെയാകും പലിശനിരക്കിലെ മാറ്റം ഏറ്റവും പ്രതികൂലമായി ബാധിക്കുക. ട്രാക്കർ മോർട്ട്ഗേജുകൾക്ക് പ്രതിമാസം ശരാശരി 49 പൗണ്ടിന്റെയും സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിലുള്ളവർക്ക് ശരാശരി 31 പൗണ്ടിന്റെയും വർധനയുണ്ടാകും. പുതിയ മോർട്ട്ഗേജ് കോൺട്രാക്ടുകളെല്ലാം പലിശനിരക്ക് അഞ്ചുശതമാനത്തിന് അടുത്തേയ്ക്ക് എത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം വഴിവയ്ക്കും. 

 

നിലവിൽ ഫിക്സ്ഡ് റേറ്റിലുള്ള മോർട്ട്ഗേജുകൾക്ക് റിന്യൂവൽ സമയത്ത് നിരക്കിലെ ഈ വർധന പ്രതികൂലമായി ബാധിക്കും. 

 

കോവിഡ് കാലത്ത് 0.01 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയിരുന്ന പലിശനിരക്കാണ് കഴിഞ്ഞ ആറുമാസത്തിനിടെ ഏഴുതവണ ഉയർത്തി 2.25 ശതമാനത്തിൽ ഏത്തിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഇനിയും പലിശനിരക്കിൽ ഉയർച്ച ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

 

പലിശനിരക്കിലെ മാറ്റം ഡോളറിനെതിരായ പൗണ്ടിന്റെ മൂല്യം വീണ്ടും കുറച്ചു. 0.7 ശതമാനത്തിന്റെ തകർച്ചയാണ് പ്രഖ്യാപനം വന്ന് മണിക്കൂറിനുള്ളിൽ പൗണ്ടിന് ഉണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com