ADVERTISEMENT

ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ് ഖത്തര്‍ എയര്‍വേയ്സ് കരസ്ഥമാക്കുന്നത്. ഇക്കൊല്ലത്തെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ കിരീടം നേടിയാണ് ഖത്തര്‍ റെക്കോര്‍ഡിട്ടത്. 25–ാം വാര്‍ഷികം ആഘോഷിക്കുന്ന അതേ വര്‍ഷം തന്നെ അവാര്‍ഡുകള്‍ നേടുന്നത് കൂടുതല്‍ ലോക യാത്രക്കാരെ ആകര്‍ഷിക്കുമെന്നുറപ്പാണ്. 350–ലധികം എയര്‍ലൈനുകളില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലോകത്ത് രണ്ടാം സ്ഥാനത്തും എമിറേറ്റ്സ് മൂന്നാം സ്ഥാനത്തും എഎന്‍എ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് നാലാം സ്ഥാനത്തും ക്വാണ്ടാസ് എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍, സ്റ്റാഫ് സര്‍വീസ് എന്നീ രണ്ടു അവാര്‍ഡുകള്‍ നേടിയ ഇന്ത്യയുടെ വിസ്താര പട്ടികയില്‍ 20–ാം സ്ഥാനത്താണ്. ഈ അവാര്‍ഡുകള്‍ നേടിയത് അവിശ്വസനീയമാംവിധം സന്തോഷകരം ആണന്ന് വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. അതോടൊപ്പം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച കാബിന്‍ ക്രൂവിനുള്ള അവാര്‍ഡും വിസ്താര സ്വന്തമാക്കി. എന്നാല്‍, ഏറ്റവും മികച്ച ദീര്‍ഘദൂര ലോ കോസ്റ്റ് സര്‍വീസ്, ബെസ്റ്റ് ലിഷര്‍ എയര്‍ലൈന്‍സ്, ബെസ്റ്റ് കാബിസ് സ്റ്റാഫ്, ബെസ്റ്റ് എയര്‍ലൈന്‍ കാബിന്‍ ക്ലീൻനെസ്സ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ചസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡുകളിൽ ഇന്ത്യന്‍ കമ്പനികള്‍ വളരെ അകലെയായി എന്നതും ശ്രദ്ധേയം.

അതേസമയം, യൂറോപ്പിലെ ഏറ്റവും മെച്ചപ്പെട്ട എയര്‍ലൈന്‍, കിഴക്കന്‍ യൂറോപ്പിലെ മികച്ച എയര്‍ലൈന്‍ സ്റ്റാഫ് എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി 2022–ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകളില്‍ എയര്‍ബാള്‍ട്ടിക് ആദ്യമായി വിജയം ആഘോഷിച്ചു. 37 വര്‍ഷത്തെ ചരിത്രത്തില്‍ വിവാദങ്ങളെ ഒരിക്കലും ഭയക്കാത്ത ഐറിഷ് എയര്‍ലൈന്‍ റയാന്‍എയര്‍ യൂറോപ്പിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയര്‍ലൈനിനുള്ള കിരീടം സ്വന്തമാക്കി. അവരുടെ ആദ്യ പുരസ്കാരമാണിത്.

അവാര്‍ഡ് ദാതാക്കളായ സ്കൈട്രാക്സിന്റെ വിലയിരുത്തലില്‍ കോവിഡ് പ്രതിസന്ധിയിലും നിര്‍ത്താതെ സർവീസുകള്‍ നടത്തിയ പ്രധാന കമ്പനികളില്‍ ഒന്നായിരുന്നു ഖത്തര്‍. ഒരു സമയത്തും മുപ്പതോ അതിലധികമോ സ്ഥലങ്ങളിലേക്ക് അവര്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഈ നിശ്ചയദാര്‍ഢ്യം യാത്രക്കാരെ ഖത്തര്‍ എയര്‍വേയ്സിനെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ 2022 ആയി തെരഞ്ഞടുക്കാന്‍ പ്രേരിപ്പിച്ചത്.

ഖത്തര്‍ എയര്‍വേയ്സിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും ഒൻപത് അവാര്‍ഡുകൾ വീതം ലഭിച്ചു. ആറു അവാര്‍ഡുകള്‍ നേടിയ ഡെല്‍റ്റ എയര്‍ ലൈന്‍സ് വടക്കേ അമേരിക്കയിലെ വിജയമായിരുന്നു. യൂറോപ്പില്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആധിപത്യം പുലര്‍ത്തി. യൂറോപ്പിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ടൈറ്റില്‍ ഉള്‍പ്പെടെ നാലു അവാര്‍ഡുകള്‍ നേടി.

2021 സെപ്റ്റംബറിനും 2022 ആഗസ്റ്റിനും ഇടയിലായി 14 മില്യണിലധികം യാത്രക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചായിരുന്നു അവാര്‍ഡുകള്‍ നിശ്ചയിച്ചത്. രണ്ടു വര്‍ഷത്തെ വെര്‍ച്വല്‍ അവാര്‍ഡ് ചടങ്ങുകള്‍ക്ക് ശേഷം, ഇത്തവണ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ഇവന്റ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലാങ്ഹാം ഹോട്ടലിലാണ് നടന്നത്. ഏവിയേഷന്‍ വ്യവസായത്തിന്റെ ‘ഓസ്കർ’ എന്ന് പരക്കെ കണക്കാക്കപ്പെടുന്ന വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകള്‍ 1999–ലാണ് ആരംഭിച്ചത്.

English Summary : Qatar Airways named world's best airline at the 'Oscars of Aviation' for the seventh year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com