ADVERTISEMENT

സൂറിക് ∙ സ്വീഡനിലെ ഇന്ത്യക്കാർ നാട്ടിൽ നിന്നും കൊണ്ടുവരുന്നതോ, അവർക്കിവിടെ ഏറ്റവും ‘മിസ്’ ചെയ്യുന്നതോ ആയ സാധനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് പ്രഷർ കുക്കറാണത്രേ. സ്വീഡനിൽ കുക്കർ കിട്ടാഞ്ഞിട്ടല്ല, ഇന്ത്യൻ കുക്കറുകളുടെ അത്ര അവയൊന്നും വരില്ലെന്ന് "ദി ലോക്കലി"ന്റെ സ്വിഡിഷ് എഡിഷനിൽ വന്ന ലേഖനത്തിൽ പറയുന്നു. ലേഖനത്തിൽ പറയുന്നപ്രകാരം സ്വീഡനിലേക്ക്‌ ഇന്ത്യയിൽ നിന്നും വരുന്നവർ പ്രധാനമായി എട്ടു സാധനങ്ങളാണ് കൊണ്ടു വരുന്നത്. അതിൽ ഒന്നാമതാണ് കുക്കർ.

വേവ് അധികമില്ലാത്ത യൂറോപ്യൻ വിഭവങ്ങൾക്ക് അനുയോജ്യമായി നിർമിച്ചിട്ടുള്ള യൂറോപ്യൻ കുക്കറുകൾ, ഇന്ത്യൻ രുചിക്കൂട്ടുകൾക്ക് അത്ര പോരെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഇന്ത്യൻ വിഭവങ്ങൾക്ക് തനിമ വരാൻ മെയ്‌ഡ്‌ ഇൻ ഇന്ത്യ കുക്കർ തന്നെ വേണം. അത് കയ്യിൽ ഇല്ലാത്തവർ അടുത്ത വരവിന് ഇന്ത്യയിൽ നിന്നും കൊണ്ടുവന്നിരിക്കും. യൂറോപ്പിൽ കിട്ടാത്ത ഇന്ത്യൻ സ്‌പൈസി ചിപ്സുകൾക്കാണ് കുക്കറിന് പിന്നിൽ രണ്ടാം സ്ഥാനം. 

യൂറോപ്യൻ ചിപ്സിൽ ചീസ്, ഉള്ളി, പുളി, കാപ്‌സിക്കം തുടങ്ങിയ ലൈറ്റ് ഫ്ലേവറുകൾക്കാണ് മുൻതൂക്കം. നല്ല ഹോട്ട് ചിപ്സ് കൊറിച്ചു ശീലിച്ചവർക്ക്, യൂറോപ്യൻ ചിപ്സ് അതുകൊണ്ട് തന്നെ അത്ര പിടുത്തമില്ല. "ലെയ്‌സ്" ബ്രാൻഡിന്റെ ചിപ്സുകൾ യൂറോപ്പിലും ഇന്ത്യയിലും കിട്ടുമെങ്കിലും രണ്ടും തമ്മിൽ രുചിയിൽ അജഗജാന്തര അന്തരം. ലെയ്‌സിന്റെ ഫയർ ബ്രാൻഡ് ഇന്ത്യൻ മാജിക് മസാല ബ്ലൂ പാക്കറ്റ്, സ്വീഡനിലേക്ക്‌ വരുന്നവരുടെ ബാഗുകളിലെ സ്ഥിര സാന്നിധ്യമെന്ന് ലേഖനം പറയുന്നു.

സ്വിഡിഷ് നിരത്തുകളിൽ ഇന്ത്യക്കാർ ഏറ്റവും ‘മിസ്’ ചെയ്യുന്നത് നല്ല കോൺട്രാസ്റ്റ് നിറങ്ങളിലുള്ള ഓട്ടോറിക്ഷകളെയാണ്. ചെറിയ അകലത്തിലേക്ക്, പബ്ളിക് ട്രാൻസ്‌പോർട് സംവിധാനങ്ങൾക്ക് പകരമുള്ള ബജറ്റ് ബദലുകൾ തേടുന്നവർക്ക്, സ്വീഡനിൽ സൈക്കിളും, ഇ സ്‌കൂട്ടറും മാത്രമേ ഓപ്‌ഷനുള്ളൂ. ചിലവേറിയ ടാക്സികൾക്ക് പകരം നമ്മുടെ ഓട്ടോ ഒന്ന് വന്നിരുന്നെങ്കിൽ എന്നാണവരുടെ ആഗ്രഹം. 

ബട്ടർ കിട്ടുമെങ്കിലും രുചിക്ക് ഗീ (നെയ്യ്) തന്നെ വേണമെന്ന് കരുതുന്നവരാണ് സ്വിഡനിലെ ഇന്ത്യക്കാർ ഏറെയും. യൂറോപ്പുകാരുടെ ലൈറ്റ് കളർ ഷെയ്‌ഡ്‌ കോട്ടൺ വസ്ത്ര പാറ്റേണുകളിൽ ഇന്ത്യക്കാർക്ക് അത്ര തൃപ്തിയില്ല. വേനൽ യൂറോപ്പിൽ കുറവെങ്കിലും, കുറഞ്ഞ വിലയിൽ മികച്ച ഡിസൈനിൽ, വ്യത്യസ്ഥ നിറങ്ങളിൽ കിട്ടുന്ന ഇന്ത്യൻ നിർമ്മിത കോട്ടൺ വസ്ത്രങ്ങളെയാണ് അവർ ആ സമയത്തു തിരഞ്ഞെടുക്കുന്നത്.

പൊറോട്ടയ്ക്കും, ചപ്പാത്തിക്കും മാവ് നല്ല വിസ്തൃതിയിൽ പരത്താൻ പറ്റുന്ന തടി റോൾ, ഇന്ത്യൻ ഒറിജിൻ മുളക് പൊടി, മസാലകൂട്ടുകൾ, ഇന്ത്യയിൽ സാധാരണവും സ്വീഡനിൽ കിട്ടാത്തതുമായ പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയും സ്വിഡിഷ് ഇന്ത്യക്കാർക്ക് ‘മിസ്’ ചെയ്യുന്നതായി ലേഖനത്തിലുണ്ട്.

ഇനി സ്വീഡനിൽ എത്തിയ ഒരു മലയാളിയുടെ കാര്യമോ? കേരളത്തിൽ നിന്നും പഠിക്കാനെത്തിയ വിഗ്നേഷ് നടുക്കണ്ടി പ്രദീപിന് സ്വീഡനിൽ ഏറ്റവും ‘മിസ്’ ചെയ്യുന്നത് പൊറോട്ടയും ബീഫും ആണെന്നാണ് ലേഖനത്തിലെ ഉത്തരം. 

English Summary: Eight things Indians wish they'd brought with them to Sweden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com