ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രിയും സംഘവും ഇനി ബ്രിട്ടനിലേക്ക്. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണു  ലണ്ടനിലെ പരിപാടികൾ. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഫിൻലൻഡ് സന്ദർശിച്ചിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥ സംഘമാണു ഫിൻലൻഡിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് നോർവയിലെത്തുകയായിരുന്നു.ശനി, ഞായർ ദിവസങ്ങളിലാണു ബ്രിട്ടനിലെ പ്രധാന പരിപാടികൾ. 

ശനിയാഴ്ച പാർലമെന്റ് സ്ക്വേയറിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാറൽ മാർക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കും. ഞായറാഴ്ച രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിലാണ് (ടാജ്) ലോക കേരള സഭ യൂറോപ്പ്- യുകെ മേഖലാ സമ്മേളനം. 

cm-programs

രാവിലെ 9.20ന് ദേശീയ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം. 9.25ന് ലോകകേരകള സഭ മുദ്രാഗാനം, കർട്ടൺ റെയ്സർ. 9.30ന് ചീഫ് സെക്രട്ടറി വി.പി. ജോയി മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. തുടർന്ന് മുഖ്യമന്ത്രി സ്പീക്കർ എന്നിവർ വേദിയിലെത്തും. പ്രസീഡിയം അംഗങ്ങളെ സ്പീക്കർ വേദിയിലേക്ക് ക്ഷണിക്കും. 9.35ന് സ്വാഗത പ്രസംഗം. സ്പീക്കർ എ.എം. ഷംസീറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല മൂന്നാം ലോക കേരള സഭയുടെ സംക്ഷിപ്ത അവലോകനം നടത്തും. ആശംസാ പ്രസംഗങ്ങൾക്കു ശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തും. 

1. വൈജ്ഞാനിക സമൂഹ നിർമിതിയും പ്രവാസലോകവും, 2. ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, 3. നവകേരള നിർമാണം – പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, 4. യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ വിഷയങ്ങളിലാണ് വിശദമായ ചർച്ചകൾ. 

പോതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. സ്പീക്കറുടെ സമാപന സന്ദേശത്തോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിൽ ലോകകേരള സഭ പ്രസീഡിയം അംഗമായിരുന്ന ടി. ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗൽഭ്യ പുരസ്കാരദാനം മുഖ്യമന്ത്രി നിർവഹിക്കും.

ഞായറാഴ്ച വൈകിട്ട് ലണ്ടൻ മിഡിൽസെക്സിലെ ഹെൽറ്റം ടൂഡോ പാർക്കിൽ നടക്കുന്ന മലയാളി പ്രവാസി സംഗമമാണ് മറ്റൊരു പ്രധാന പരിപാടി. കേളീരവം എന്ന സാസംകാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, സ്പീക്കർ, നോർക്ക റൂട്ട്സ് ഡയറക്ടമാർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിക്കും. വൈകിട്ട് രാത്രി എഴു മുതൽ ഒമ്പതുവരെ കേളീരവം സാംസ്കാരിക പരിപാടികൾ തുടരും.  

വ്യവസായ മന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ, എന്നിവർക്കൊപ്പം ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജും ലണ്ടനിൽ മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേരും. സ്പീക്കർ എ.എൻ ഷംസീർ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ പരിപാടികൾക്കൊപ്പം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com