ADVERTISEMENT

ലണ്ടൻ ∙ ഞായറാഴ്ച (9) ലണ്ടനിൽ നടക്കുന്ന പ്രവാസി സംഗമം ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ഉദ്ഘാടനം ചെയ്യുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാരായ പി.രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പ്രവാസി സമൂഹവുമായി  സംവദിക്കും. പൊതുസമ്മേളന വേദി: Tudor Park, Feltham, London. TW13 7EF.

 

ഞായറാഴ്ച രാവിലെ ലോക കേരളസഭ യുകെ–യൂറോപ്പ് മേഖലാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നോർക്ക പ്രതിനിധികളുടെ മേൽനോട്ടത്തിൽ പൂർത്തിയായിട്ടുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ തൊഴിൽമേഖലകളെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും കേരളത്തെ ഒരു വൈഞ്ജാനിക സമൂഹം ആക്കി വികസിപ്പിക്കുവാനും ഉള്ള ശ്രമങ്ങളിൽ പ്രവാസികൾക്ക് ചെയ്യാനുള്ള സംഭാവനകളെക്കുറിച്ചു ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി.രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ്, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.

 

മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുവാൻ പ്രവാസികൾ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്.  പ്രവാസി പൊതുസമ്മേളനത്തോടനുബന്ധിച്ചു   യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള  എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുക്കുന്ന  ‘കേളീരവം’ എന്ന പേരിൽ ഹൃദ്യമായ കലാപാരിപാടികളും അരങ്ങേറും.

 

പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവർക്ക്‌ സൗജന്യ കാർപാർക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നു സംഘാടക സമിതി അറിയിച്ചു. സമ്മേളനപരിപാടികൾ ഒരു ചരിത്രസംഭവമാക്കുവാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് സംഘാടകസമിതിക്കുവേണ്ടി ചീഫ് കോർഡിനേറ്റർ എസ്. ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി. എ. ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com