ADVERTISEMENT

ലണ്ടൻ ∙ കോൺസുലാർ സർവീസുകൾക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. പാസ്പോർട്ട്, ഒസിഐ, വീസ തുടങ്ങി ഒൻപത് സർവീസുകൾക്കാണ്  മിനിമം സർവീസ് സമയം നിശ്ചയിച്ച് ഹൈക്കമ്മിഷൻ ഉത്തരവിറക്കിയത്.

രണ്ടുദിവസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിലേക്ക് ഇ-വീസ അനുവദിക്കണമെന്ന ആവശ്യത്തിന് സമ്മർദം ഏറിവരുന്നതിനിടെയാണ് വീസ ലഭിക്കാൻ കുറഞ്ഞത് എട്ടുദിവസമെങ്കിലും വേണമെന്ന പുതിയ നിബന്ധന.  ഇ-വീസ കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനം വൈകുകയാണ്.  

പുതിയ പാസ്പോർട്ട്, പാസ്പോർട്ട് പുതുക്കൽ എന്നീ സർവീസിന് പത്തുദിവസവും തത്കാൽ പാസ്പോർട്ട് സർവീസിന് കുറഞ്ഞത് മൂന്നു ദിവസവുമാണ് പുതിയ സമയം. ബർത്ത് റജിസ്ട്രേഷൻ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, നോൺ അക്വിസിഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റു കോൺസുലാർ സർവീസുകൾക്ക് ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും സമയമെടുക്കും. 

ഇന്ത്യൻ പാസ്പോർട്ടുള്ളവരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ചുരുങ്ങിയത് അഞ്ചാഴ്ച്ചയാണ് സമയം വേണ്ടത്. ഇതിനുള്ള അപേക്ഷയും വിഎഫ്എസ് വഴിയാണ് സമർപ്പിക്കേണ്ടത്. പവർ ഓഫ് അറ്റോർണി, സ്വോൺ അഫിഡവിറ്റ്, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷ നൽകിയാൽ അന്നുതന്നെ ലഭിക്കും. ഇതിനുള്ള അപേക്ഷകൾ ഹൈക്കമ്മിഷൻ ആസ്ഥാനത്ത് നേരിട്ട് സമർപ്പിക്കാം 

പുതിയ ഒസിഐ കാർഡ് ലഭിക്കാനും ഒസിഐ പുതുക്കാനും  ആറാഴ്ചയാണ് കുറഞ്ഞ സമയം. ഫോറിൻ സ്പൗസ് കാറ്റഗറി ഒസിഐകൾക്ക്  കുറഞ്ഞത് 12 ആഴ്ചയെടുക്കും. 

സാധാരണമല്ലാത്ത സന്ദർശക വീസകൾക്കും പ്രീ വേരിഫിക്കേഷൻ ആവശ്യമായ പാസ്പോർട്ട് സർവീസുകൾക്കും ഇതിലും കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് സർക്കുലർ വ്യക്തമാക്കുന്നത്. 

എമർജൻസി വീസകൾക്കും തത്കാൽ പാസ്പോർട്ടിനും അപേക്ഷ നൽകുന്നവർക്ക് info.london@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ വിവരങ്ങളും അടിയന്തര സാഹചര്യവും ഹൈക്കമ്മിഷനെ ബോധ്യപ്പെടുത്താം. ഇവർക്കായി 02076323025/ 02076323168/ 07768765035 എന്ന ഹെൽപ് ലൈനുകളും ലഭ്യമാണ്. സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ info.london@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ നൽകാവുന്നതാണ്. info.inuk@vfshelpline.com 02037938629 എന്ന വിലാസത്തിലും നമ്പരിൽനിന്നുമായി വിഎഫ്എസ് വഴിയുള്ള അപേക്ഷകളുടെ സ്റ്റാറ്റസ് അറിയാവുന്നതാണ് 

English Summary : Britain sets service time for consular services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com