ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ ക്രിസ്ത്യാനികളെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നവരുടെ എണ്ണം അനുദിനം കുറയുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികളെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നവരുടെ ചരിത്രത്തിലാദ്യമായി എണ്ണം 50 ശതമാനത്തിലും താഴെയായി. 2021 ലെ സെൻസസ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2011ലെ സെൻസസിൽ, ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയവർ 59.3 ശതമാനമായിരുന്നു. ഇതാണ് 2021ൽ 46.2 ശതമാനമായി കുറഞ്ഞത്. മതമില്ല എന്നു രേഖപ്പെടുത്തിയവരുടെ എണ്ണം 37.2 ശതമാനമായി ഉയരുകയും ചെയ്തു. അതേസമയം, രാജ്യത്തെ മുസ്‌ലിംകളുടെ എണ്ണം 4.9 ശതമാനത്തിൽനിന്നു പത്തുവർഷം കൊണ്ട് 6.5 ശതമാനമായി ഉയർന്നു. 

ഇംഗ്ലണ്ടിലും വെയിൽസിലും, വെള്ളക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ് പത്തുവർഷം കൊണ്ട് ഉണ്ടായതായാണ് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തുവർഷം മുമ്പ് 86 ശതമാനമായിരുന്ന വെളുത്തവർഗക്കാരുടെ എണ്ണം ഇംഗ്ലണ്ടിലും വെയിൽസിലും 81.7 ശതമാനമായി കുറഞ്ഞു. 

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ മൊത്തം കണക്കെടുത്താൽ വെളുത്തവർഗക്കാരുടെ മൊത്തം സാന്നിധ്യം 74.4 ശതമാനം മാത്രമാണ്. ബ്രിട്ടനുലെ അനുദിം വർധിച്ചുവരുന്ന കുടിയേറ്റ ജനതയുടെ സാന്നിധ്യം വ്യക്തമാക്കുന്ന കണക്കാണിത്. കുടിയേറ്റത്തിൽ ഏറ്റവും മുന്നിലുള്ളത് ഏഷ്യൻ വംശജരാണ്. അതിൽത്തന്നെ ഏറ്റവും അധികം ഇന്ത്യക്കാരും. 

ഏഷ്യൻ, ഏഷ്യൻ ബ്രിട്ടിഷ്, ഏഷ്യൻ വെൽഷ് എന്നു രേഖപ്പെടുത്തിയവർ ജനസംഖ്യയുടെ 9.3 ശതമാനമാണ്. 4.2 ശതമാനത്തിൽനിന്ന് ഏഷ്യൻ ജനതയുടെ സാന്നിധ്യം 5.5 ശതമാനമായി വർധിച്ചു. ബ്ലാക്ക്, ബ്ലാക്ക് ബ്രിട്ടിഷ്, ബ്ലാക്ക് വെൽഷ്, കരീബിയൻ, ആഫ്രിക്കൻ എന്നിങ്ങനെ രേഖപ്പടുത്തിയവരുടെ എണ്ണം 2.5 ശതമാനമാണ്.  പത്തുവർഷം മുമ്പ് ഇത് 1.8 ശതമാനമായിരുന്നു. 

ബ്രിട്ടനിലെയും വെയിൽസിലെയും പത്തിലൊന്നു വീടുകളും കുടിയേറ്റ ജനതയുടെ കുടുംബങ്ങളായി മാറിയെന്നാണ് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. ലൂട്ടൺ, ബർമിങ്ങാം ലസ്റ്റർ എന്നിവയുൾപ്പെടെ രാജ്യത്തെ 14 പട്ടണങ്ങളിൽ വെള്ളക്കാർ ന്യൂനപക്ഷമായി മാറി എന്നതാണ് കുടിയേറ്റത്തിന്റെ കണക്കിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

English Summary : England and Wales Christians reduced to less than half for first time - says UK 2021 census

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com