ADVERTISEMENT

ലണ്ടൻ∙  യുക്രെയ്ൻ യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിലും പണപ്പെരുപ്പത്തിലും നട്ടം തിരിയുന്ന ബ്രിട്ടനിൽ, ഇതു സമരത്തിന്റെ കാലമാണ്. അതിജീവനത്തിനായുള്ള ജീവനക്കാരുടെ സമരകാലം. നിത്യനിദാന ചെലവുകൾക്കുപോലും വരുമാനം തികയാത്ത സാഹചര്യത്തിലാണ് ശമ്പള വർധന ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ സമരങ്ങൾ.

റെയിൽ ജീവനക്കാർ, ടീച്ചർമാർ, പോസ്റ്റൽ ജീവനക്കാർ, ടെലികോം എൻജിനീയർമാർ, തുടങ്ങി സർവീസ് മേഖല ഒന്നാകെ സമരത്തിലാണ്. ഇവർക്കൊപ്പം ശമ്പള വർധന ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം നഴ്സുമാരും പത്തോളം ആംബുലൻസ് സർവീസുകളും ക്രിസ്മസിനു മുമ്പ് സമരരംഗത്ത് ഇറങ്ങും. 

ഒടുവിൽ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത് ആംബുലൻസ് ക്രൂവാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാരുടെ യൂണിയനായ യൂണിസെന്നും ജീഎംബിയുമാണ് സമരത്തിന് അനുകൂല നിലപാടെടുത്തിരിക്കുന്നത്. പാരാമെഡിക്സും കോൾസെന്റർ ജീവനക്കാരും അടങ്ങുന്ന പത്ത് ആംബുലൻസ് സർവീസുകൾ സമരത്തിൽ പങ്കെടുക്കും. 

ഡിസംബർ 15, 20 തിയതികളിൽ റോയൽ കോളജ് ഓഫ് നഴ്സിംങ്ങിന്റെ നേതൃത്വത്തിൽ നഴ്സുമാർ സമരത്തിന് ഇറങ്ങുമ്പോൾ ഇവർക്കൊപ്പം ആംബുലൻസ് ക്രൂ കൂടി സമരത്തിലായാൽ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാം എന്ന ആലോചനയിലാണ് സർക്കാർ.  

ശമ്പള വർധന ആവശ്യപ്പെട്ടും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരേയും റോയൽ മെയിൽ ജീവനക്കാർ നടത്തുന്ന സമരമാണ് ഇപ്പോൾ ഉച്ചസ്ഥായിയിലുള്ളത്.  20 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലു മുതൽ രണ്ടുദിവസത്തെ തുടർച്ചയായ സമരത്തിലായിരുന്നു കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ.

ഇതിന്റെ തുടർച്ചയായി ഇന്നും ഇന്നലെയും കൂടി പോസ്റ്റൽ ജീവനക്കാർ ജോലിയിൽനിന്നും വിട്ടുനിന്നതോടെ പാഴ്സലും ലെറ്ററും കിട്ടാതെ ബ്രിട്ടണിലെ ജനങ്ങൾ ഒന്നാകെ വലഞ്ഞു. ബ്ലാക്ക് ഫ്രൈഡേയ്ക്ക് ജനങ്ങൾ വാങ്ങിക്കൂട്ടിയ ഉൽപന്നങ്ങൾ പകുതിപോലും ഇനിയും അവരുടെ പക്കൽ എത്തിയിട്ടില്ല. 

താൽകാലിക ജീവനക്കാരെ നിയമിച്ചും തൊഴിൽ ഏജൻസികളെ ആശ്രയിച്ചും ദൈനംദീന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപാകാൻ റോയൽ മെയിൽ ശ്രമിക്കുന്നുണ്ടെങ്കിലും പാഴ്സൽ ഡെലിവറി ഉൾപ്പടെയുള്ള സേവനങ്ങൾ ദിവസങ്ങളായി സ്തംഭിച്ച നിലയാണ്. 

വരും ദിവസങ്ങളിലെല്ലാം തുടർച്ചയായ സമരങ്ങൾക്കാണ് യൂണിയൻ നോട്ടീസ് നൽകിയിട്ടുള്ളത്. ഡിസംബർ 24 വരെയുള്ള ദിവസങ്ങളിൽ ഏഴു ദിവസം കൂടി പോസ്റ്റൽ ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബർ 9,11,14,15,23,24 തിയതികളിലാണ് സമരത്തിന് യൂണിയൻ നോട്ടീസ് നൽകിയിരിക്കുന്നത്. 

വികസിതരാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സമരരീതികളാണ് ഇപ്പോൾ ബ്രിട്ടണിൽ. അതിജീവനത്തിന് മാർഗമില്ലാതായതു തന്നെയാണ് അതിരുവിട്ട പ്രതിഷേധങ്ങളിലേക്ക് തൊഴിലാളികളെ നയിക്കുന്നത്. 

English Summary: UK faces winter of strikes as workers demand higher pay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com