സ്‌ട്രെപ് എ വൈറസ് ബാധിച്ച കുട്ടികളുടെ മരണം കൂടുന്നു; ആശങ്കയില്‍ മാതാപിതാക്കള്‍

strep-a-viral-infected-kid
സ്‌ട്രെപ് എ രോഗം വന്ന് മരിച്ച കുട്ടികളിൽ ഒരാളായ വെയിൽസിൽ നിന്നുള്ള ഹന്ന
SHARE

ലണ്ടന്‍∙യുകെയിൽ ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തി സ്ട്രെപ് എ വൈറസ് ബാധിച്ച് ഏഴാമത്തെ കുട്ടിയുടെ മരണം. മാതാപിതാക്കളോടും ജിപിമാരോടും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുകയാണ്. ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന 12 കാരന്‍ കൂടി ഈ മാരക വൈറസിനു കീഴടങ്ങിയതോടെ ആരോഗ്യ വിദഗ്ധര്‍ അടിയന്തര മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണു നീങ്ങുന്നതെന്നു മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. തെക്ക് കിഴക്കന്‍ ലണ്ടനിലെ ലൂയിഷാമിലുള്ള, കോല്‍ഫ്സ് സ്‌കൂളിലെ എട്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഒടുവില്‍ മരിച്ചത്. മരണം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നു എട്ടാം വർഷ വിദ്യാർഥി പഠിച്ച സ്‌കൂളിലെ ജീവനക്കാർ പറഞ്ഞു.

ഇതു വരെ മരിച്ച മറ്റ് 6 കുട്ടികളിൽ അഞ്ചു പേരും ഇംഗ്ലണ്ടിൽ നിന്നുള്ള അഞ്ചു വയസ്സിനു താഴെയുള്ളവരായിരുന്നു. മറ്റൊരാൾ വെയിൽസിലെ ഏഴു വയസ്സുകാരിയും. ഇപ്പോൾ ലണ്ടനിൽ നിന്നുള്ള 12 വയസുകാരൻ കൂടി മരിച്ചതോടെ രോഗം സ്കൂൾ വിദ്യാർഥികളിൽ ആർക്കും ഉണ്ടാകാം എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങുകയാണ്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറയുന്നത് സ്‌ട്രെപ് എ  രോഗ ലക്ഷണങ്ങളെയും കുറിച്ചു പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ ഏജൻസി ആഗ്രഹിക്കുന്നുവെന്നാണ്. യുകെയിലെ സ്ട്രെപ്പ് എ അണുബാധ സീസണിന്റെ നേരത്തെയുള്ള തുടക്കം കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ പാർശ്വഫലമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

സാധാരണയായി ഗ്രൂപ്പ് എ സ്‌ട്രെപ് ബാക്ടീരിയകള്‍ വളരെ ശക്തികുറഞ്ഞ രോഗങ്ങള്‍ക്കേ കാരണമാകാറുള്ളു. ത്വക്കിലെ അണുബാധ, സ്‌കാര്‍ലറ്റ് പനി, തൊണ്ടയില്‍ അണുബാധ എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍, വിരളമായ സന്ദര്‍ഭങ്ങളില്‍ ഇതു മരണകാരണം വരെ ആയേക്കാവുന്ന ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കല്‍ എന്ന രോഗത്തിനും കാരണമാകാറുണ്ട്.

യുകെയിലെ ജനങ്ങൾ സാധാരണ സാമൂഹിക മിശ്രണത്തിലേക്കു മടങ്ങിയെത്തിയെന്നും ആളുകൾ സാധാരണ നിലയിലേക്ക് മടങ്ങുകയും ചുറ്റിക്കറങ്ങുകയും ചെയ്യുമ്പോൾ ഇത്തരം അണുബാധകൾ പകരുന്നതിന് സാധ്യത വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സ്‌കൂളുകളില്‍ ഇതു പടരാന്‍ തുടങ്ങിയതോടെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതു നിര്‍ത്താന്‍ ആയിരക്കണക്കിനു മാതാപിതാക്കളാണ് ആലോചിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS