ADVERTISEMENT

ലണ്ടൻ ∙ ആശുപത്രികൾ നിറഞ്ഞുകവിയുന്ന തണുപ്പുകാലത്ത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയർത്തി ബ്രിട്ടനിൽ പുതിയ പകർച്ചവ്യാധി. കുട്ടികളിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്ട്രെപ് ഫീവറാണ് വിന്ററിലെ പുതിയ വില്ലൻ. സ്ട്രെപ്റ്റോക്കോക്കസ് –എ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയും തൊണ്ട വേദന ഉൾപ്പെടെയുള്ള മറ്റു ലക്ഷണങ്ങളുമാണ് സ്ട്രെപ് ഫീവർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. സെപ്റ്റംബർ മുതൽ ഇതുവരെ ബ്രിട്ടനിൽ 15 കുഞ്ഞുങ്ങൾക്കാണ് ഇതുമൂലം ജീവൻ നഷ്ടമായത്. പ്രായപൂർത്തിയായ 47 പേരും ഇതുമൂലം മരിച്ചു. ഈ കണക്കുകൾ പുറത്തുവന്നതോടെ ചെറിയ പനിയെ പോലും ആളുകൾ ആശങ്കയോടെ കാണുന്ന സ്ഥിതിയിലേക്ക് മാറുകയാണ്.

 

ഭയചകിതരായ മാതാപിതാക്കൾ പനി തുടങ്ങിയാലുടൻ  കുട്ടികളെയുമായി ആശുപത്രികളിലേക്ക് എത്തുകയാണ്. രോഗികളുടെ ആശങ്കാകുലമായ അന്വേഷണങ്ങൾ മൂലം ജോലിഭാരം ഏറുകയാണെന്ന് ജിപി സർജറികളും വ്യക്തമാക്കുന്നു. ഭൂരിഭാഗം സ്ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും ആന്റിബയോട്ടിക് ചികിൽസ ആവശ്യമായി വരികയും ചെയ്യുന്നുണ്ട്. ചികിൽസാ മേഖലയ്ക്ക് അധിക സമ്മർദ്ദമാണെങ്കിലും രോഗലക്ഷണങ്ങളുള്ള കുട്ടികൾ വൈകാതെ ചികിൽസ തേടുന്നത് തന്നെയാണ് ഉത്തമമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ നിലപാട്. 

 

തൊണ്ട വേദനയും പനിയുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. ത്വക്കിലുണ്ടാകുന്ന പാടുകളും തൊണ്ടയിലെ വെളുത്തനിറവും  മറ്റു ലക്ഷണങ്ങളാണ്. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും ഇൻഫെക്ഷൻ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ബാധിച്ച് വഷളായാൽ അടിയന്തര ചികിൽസ ആവശ്യമാണ്. ഇതൊഴിവാക്കാൻ തുടക്കത്തിലെ ആന്റിബയോട്ടിക്കുകൾ നൽകുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം. 

 

2017-18 കാലത്താണ് ഇതിനു മുൻപ് സ്ട്രെപ് ഫീവർ ബ്രിട്ടനിൽ വ്യാപകമായി ഉണ്ടായത്. 27 കുട്ടികൾ ഉൾപ്പെടെ 328 പേരാണ് അന്ന് ഇതുമൂലം മരിച്ചത്. തണുപ്പുതകാലത്ത് നിരവധി വൈറസുകൾ പനി പരത്തുന്ന സാഹചര്യത്തിൽ എല്ലാ പനിയും സ്ട്രെപ്സ് ഫീവറാണെന്ന് സംശയിക്കേണ്ടതില്ല. എങ്കിലും ഏതു പനിയിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനും ആകില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com