ഡബ്ലിൻ ∙ അയര്‍ലൻഡിലെ ഡണ്‍ലേരി പബ്ലിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ്‌വര്‍ക്ക് (പിപിഎൻ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് ‘ന്യൂ കമ്യൂണിറ്റി ഇനിഷ്യേറ്റിവ്’ പ്രതിനിധിയായി പിപിഎന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 600ഓളം അംഗങ്ങളുള്ള ഡണ്‍ലേരി പിപിഎന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനും ബ്ലാക്ക് റോക്ക് സിറോ മലബാര്‍ കമ്യൂണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി.
Also read : ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു

രാജ്യത്തുടനീളമുള്ള കൗണ്ടി കൗൺസിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പിപിഎന്നുകള്‍. രാജ്യത്ത് ഇതാദ്യമാണ് ഒരു മലയാളി പിപിഎന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പിപിഎന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജം), തോമസ് ജോസഫ് ( സോഷ്യൽ ഹൗസിങ്ങ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അയര്‍ലൻഡിലെ വികേന്ദ്രീകൃത പ്ലാനിംഗ് സംവിധാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ പിപിഎൻ സമിതികള്‍ക്കുമുള്ളത്. കൗണ്‍സിലര്‍മാരോടൊപ്പം പിപിഎന്‍ പ്രതിനിധികളും ചേര്‍ന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് രൂപം നൽകുക. കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കും കൗണ്ടി തലത്തിലുള്ള പിപിഎന്നുകളില്‍ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

കണ്ണൂര്‍ സ്വദേശിയായ അഡ്വ. സിബി സെബാസ്റ്റ്യൻ കഴിഞ്ഞ 17 വര്‍ഷമായി കുടുംബസമേതം അയര്‍ലൻഡിലാണ് താമസം. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യന്‍സ് സ്കൂള്‍ പാർലമെന്റ് അംഗമായും പയ്യന്നൂര്‍ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെഎസ്‍യു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സിബി, വിവിധ കമ്മറ്റികളില്‍ നേതൃത്വം വഹിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുമുണ്ടായിരുന്നു.
മംഗലാപുരത്തെ നിയമ പഠനത്തിനുശേഷം സിബി സെബാസ്റ്റ്യൻ കാസർകോടും, തലശേരിയിലും ഡൽഹിയിലും പ്രവർത്തിച്ചു. സുപ്രധാനമായ പല കേസുകളിൽ ഹാജരാവുകയും ചെയ്തിരുന്നു. ഐറിഷ് നിയമത്തില്‍ ഉപരിപഠനം നടത്തുന്ന സിബി സെബാസ്റ്റ്യൻ ഐറീഷ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടി (Fianna Fail)യിലെ സജീവ പ്രവര്‍ത്തകനും ‘ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍’ കമ്മ്യൂണിറ്റിയുടെ 2023–2024 വര്‍ഷത്തെ സഘാടക സമതി ചീഫ് കോര്‍ഡിനേറ്ററും കൂടിയാണ്.
ആലക്കോട് മേരിഗിരി സ്വദേശി പഴയിടത്ത് ടെന്‍സിയ ടോം ആണ് ഭാര്യ. റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്നും നഴ്സിങ് ഡിഗ്രി കഴിഞ്ഞ ടെൻസിയ ബ്ലാക്റോക് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു. ഡബ്ലിൻ യൂണിവേഴ്സിറ്റി ഗ്രാഡ്വേറ്റ് വിദ്യാർഥികളായ എഡ്വിന്‍, എറിക്ക്, ഇവാനിയ മരിയ എന്നിവര്‍ മക്കളാണ്.
English Summary : Keralite Sibi Sebastian elected to Ireland PPN Secreteriat