ലണ്ടൻ ∙ വെസ്റ്റ് ലണ്ടനിലെ ചാരിറ്റി ഷോപ്പിൽ സംഭാവനയായി ലഭിച്ച വസ്തുക്കളുടെ കൂട്ടത്തിൽ കണ്ടെത്തിയത് 10,000 പൗണ്ട് വിലവരുന്ന കാർട്ടിയർ വാച്ച്. ബ്രിട്ടിഷ് ഹാർട്ട് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായി നടത്തുന്ന ഹൺസ്ലോയിലെ ചാരിറ്റി ഷോപ്പിനാണ് ഈ ‘ചാരിറ്റി ലോട്ടറി’ അടിച്ചത്. 18 കാരറ്റ് സ്വർണത്തിൽ തീർത്ത വാച്ച് 46 റൗണ്ട് ലേലത്തിനൊടുവിൽ വിറ്റുപോയത് 9,766 പൗണ്ടിന്.
ചാരിറ്റി ഷോപ്പിൽ ലഭിച്ച വാച്ച് വിദഗ്ധരെക്കൊണ്ട് പലവട്ടം പരിശോധിപ്പിച്ച് ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരുന്നു ബ്രിട്ടിഷ് ഹാർട്ട് ഫൗണ്ടേഷൻ ലേലത്തിനു വച്ചത്. സാധാരണ പരമാവധി അഞ്ചുപൗണ്ട് വരെ മൂല്യമുള്ള വസ്തുക്കളാണ് ചാരിറ്റി ഷോപ്പുകളിൽ സംഭാവനയായി ലഭിക്കാറ്. അപ്പോഴാണ് യൂറോ മില്യൻ അടിച്ചപോലെ കാർട്ടിയർ വാച്ച് സംഭാവനയായി ലഭിച്ചത്.
ഹോളിവുഡ് താരങ്ങളും രാജകുടുംബാംഗങ്ങളും വൻകിട വ്യവസായപ്രമുഖരും കായികതാരങ്ങളും മറ്റുമാണ് കാർട്ടിയർ വാച്ചിന്റെ ആരാധകർ.