ലണ്ടൻ∙ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ മണ്ണിൽ മലയാളികൾക്കു മാത്രമായി ട്വന്റി 20 ലീഗിന് കളമൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളിലായി വർഷങ്ങളായി കളിച്ചു തഴക്കവും പഴക്കവും വന്നവർക്കൊപ്പം പുതിയതായി നാട്ടിൽ നിന്നെത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് 'എൽജിആർ അക്കാദമി കേരള സൂപ്പർ ലീഗ്' ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കളമൊരുക്കുന്നത്.
മിഡ്‌ലാൻഡ്സ്, യോർക്ക്ഷെയർ, കേംബ്രിഡ്ജ് ഷെയർ, കെന്റ്, ലണ്ടൻ, ഈസ്റ്റ് സസക്സ്, ഹാമ്പ്ഷെയർ, ബ്രിസ്റ്റോൾ, കാർഡിഫ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ മഹാഭാരത കഥയ്ക്കും അപ്പുറത്തേക്കും നീളുമെങ്കിലും 2003 ൽ ക്രിക്കറ്റിന്റെ പിള്ളതൊട്ടിലെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിൽ ആരംഭിച്ച ട്വന്റി20 ആണ് ഈ കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നത്. 2008 ഏപ്രിൽ 18 ന് ബാഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഇൻഡ്യൻ പ്രമീയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നല്കി കൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറയേണ്ടതാണ്.
ഐപിഎല്ലിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്ന് ഈ വർഷം മുതൽ 'എൽജിആർ അക്കാദമി കേരള സൂപ്പർ ലീഗ് ട്വന്റി 20' എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിക്കുന്നത്. കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു മുതൽ കൂട്ടായി തീരുമെന്നും പ്രതീക്ഷിക്കാം.
ഇംഗ്ലണ്ടിലെ മലയാളികൾക്കു വേണ്ടി ആദ്യമായി തുടങ്ങുന്ന ടൂർണമെന്റിൽ 32 ടീമുകൾ 8 ലീഗിലായി പരസ്പരം ഏറ്റുമുട്ടും. ഓരോ ലീഗിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾ പ്രീക്വാർട്ടറിൽ പ്രവേശിക്കും. പ്രീക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളായിരിക്കും. ലീഗിലെ എല്ലാ മത്സരങ്ങൾക്കും' മാൻ ഓഫ് ദി മാച്ച്' ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
ജൂൺ മുതൽ മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒരേ ദിവസം നടത്തി വിജയികൾക്ക് ട്രോഫികളും 6000 പൗണ്ടിൻ്റെ ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ട്വന്റി 20 ലീഗ് സ്പോൺസർ ചെയ്യുന്നതിന് താല്പര്യമുള്ളവർക്കും സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
•റോസ്ബിൻ രാജൻ: +447881237894
•ലിജു ലാസർ: +447429325678
•കിജി കൊറ്റമം: +447446936675
•പ്രണവ് പവി: +447435508303
•ബാബു തോമസ്: +447730883823