ADVERTISEMENT

ലണ്ടൻ ∙ രണ്ടു ദിവസമായി പുറത്തുവരുന്ന വാർത്തകളിൽ അസ്വസ്ഥരും ആശങ്കാകുലരുമാണ് ബ്രിട്ടനിൽ സ്റ്റുഡന്റ് വീസയിലെത്തിയ ഇന്ത്യൻ വിദ്യാർഥികൾ. വിദ്യാർഥികളായെത്തുന്നവർക്ക് കോഴ്സ് പൂർത്തിയായാൽ രണ്ടുവർഷത്തേക്കു കൂടി ബ്രിട്ടനിൽ തങ്ങാൻ അനുവദിച്ചിരുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസ അഥവ പിഎസ് ഡബ്ല്യു സംവിധാനം നിർത്തലാക്കുമെന്നും ഇതിന്റെ കാലാവധി ആറുമാസമാക്കി കുറച്ചേക്കും എന്നുമുള്ള വാർത്തകളാണ് രണ്ടുദിവസമായി പല ബ്രിട്ടിഷ് മാധ്യമങ്ങളിലും ഇന്ത്യൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. 

പ്രധാനമന്ത്രിയോ, ഹോം സെക്രട്ടറിയോ ഹോം ഓഫിസിന്റെ വെബ്സൈറ്റോ ഒന്നും ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുന്നില്ല. എങ്കിലും  ഇത്തരത്തിൽ ഗൗരവമായ ആലോചന പുരോഗമിക്കുകയാണെന്നും വരുംദിവസങ്ങളിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നുമാണ് പല മാധ്യമ റിപ്പോർട്ടുകളും പറയുന്നത്. എന്തായാലും വാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥി സമൂഹം ആശങ്കയുടെ മുൾമുനയിലാണ്. ഇവിടേക്ക് പഠിക്കാനെത്തിയ എല്ലാവരുടെയും പ്രതീക്ഷ ഈ പോസ്റ്റു സ്റ്റഡി വർക്ക് വീസയിലായിരുന്നു എന്നതു തന്നെ കാരണം. 

കിടപ്പാടം വിറ്റും ലോണെടുത്തും ലക്ഷക്കണക്കിന് രൂപ മുടക്കി ബ്രിട്ടനിലെത്തിയ അനേകായിരം പേരുടെ സ്വപ്നങ്ങളിലേക്കാണ് ഈ മാധ്യമ റിപ്പോർട്ടുകൾ തീകോരിയിട്ടത്. എന്നാൽ  ബ്രിട്ടനിൽ പുതുതായി ഏതു നിയമവും നടപ്പാക്കുമ്പോൾ മുൻകാല പ്രാബല്യം  ഏർപ്പെടുത്താറില്ല  എന്നത് നിലവിലുള്ള വിദ്യാർഥികൾക്ക് ആശ്വാസമായേക്കുമെന്ന പ്രതീക്ഷയാണ് നിയമരംഗത്തെ വിദഗ്ധർ പങ്കുവയ്ക്കുന്നത്. പക്ഷേ, സ്റ്റുഡന്റ് വീസയിലെത്തി കെയർ ഹോമിൽ ജോലിചെയ്തു ജീവിക്കാമെന്നു കരുതുന്നവർക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കങ്ങൾ. 

ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഇപ്പോൾ 6,80,000 വിദേശ വിദ്യാർഥികളാണ് ബ്രിട്ടനിലുള്ളത്. ഇതിൽ 41 ശതമാനം ഇന്ത്യക്കാരാണ്. അതിൽ നാല്ലൊരു ശതമാനം മലയാളി വിദ്യാർഥികളും. കഴിഞ്ഞ വർഷമാണ് ഈ കണക്കിൽ ചൈനയെയും കടത്തിവെട്ടി ഇന്ത്യൻ വിദ്യാർഥികൾ  ഒന്നാമതെത്തിയത്. കേരളത്തിൽനിന്നും ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ കുത്തൊഴുക്കാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ബ്രിട്ടനിലേക്ക്. 

2019ൽ ബ്രീട്ടിഷ് സർക്കാർ പുറത്തുവിട്ട ഹയർ എജ്യുക്കേഷൻ സ്ട്രാറ്റജി ലക്ഷ്യമിട്ടത് 2030 ആകുമ്പോഴേക്കും 6,00,000 വിദേശ വിദ്യാർഥികളെയാണ്. എന്നാൽ ഈ ലക്ഷ്യം മൂന്നുവർഷം പൂർത്തിയാകും മുമ്പേ നേടിക്കഴിഞ്ഞു. ഇതാണ് പിഎസ്ഡബ്ല്യുവിന്റെ കാലാവധി കുറയ്ക്കാൻ ആലോചിക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. 

രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളോ ഗവേഷണ വിദ്യാർഥികളോ ആണെങ്കിൽ അവർക്ക് കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനുള്ള സൗകര്യം ബ്രിട്ടിഷ് സർക്കാർ അനുവദിച്ചിരുന്നു. ഈ സൗകര്യം പലരും എമിഗ്രേഷനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന സത്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും കോഴ്സിനു ചേർന്ന് ജീവിതപങ്കാളിയെയും കുട്ടികളെയും ഇവിടെ എത്തിച്ചശേഷം കോഴ്സ് പൂർത്തിയാക്കാതെയും കോഴ്സിന് ഒരു പ്രാധാന്യവും നൽകാതെയും കഴിയുന്നവർ നിരവധിയാണ്. ഇതാണ് പിഎസ്ഡബ്ല്യുവിന് കുരുക്കുവീഴാനുള്ള മറ്റൊരു കാരണം. പിഎസ്ഡബ്ല്യു ഇല്ലെങ്കിലും നിലവിലുള്ള പോയിന്റ് ബേയ്സ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിലൂടെ മികച്ച നിലവാരമുള്ള ചെറുപ്പക്കാരെ രാജ്യത്ത് എത്തിക്കാനാകുമെന്ന വിശ്വാസമാണ് സർക്കാരിനുള്ളത്. 

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എതിർപ്പു മാത്രാമാണ് ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക് ആശ്വസിക്കാൻ എന്തെങ്കിലും വക നൽകുന്നത്. പോസ്റ്റ് സ്റ്റഡി വീസയിലെ നിയന്ത്രണം വിദേശവിദ്യാർഥികളുടെ വരവുതന്നെ ഇല്ലാതാക്കുമെന്നും ഇത് മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാർഥികളെ വഴിതിരിച്ചുവിടാൻ മാത്രമേ സഹായിക്കൂ എന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ നൂറ്റിമുപ്പതിലേറെ വരുന്ന യൂണിവേഴ്സിറ്റികളുടെ നിലനിൽപുതന്നെ വിദേശ വിദ്യാർഥികളെ ആശ്രയിച്ചാണ്. വിദേശ വിദ്യാർഥികളെ നിയന്ത്രിക്കുന്നത്  വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂണിവേഴ്സിറ്റികളെ എത്തിക്കും.

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാനുള്ള ബ്രിട്ടന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർഥി വീസയിന്മേലുള്ള ഈ നിയന്ത്രണങ്ങളും ചർച്ചയാകുന്നത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ ഇതിനോടകം ആറു റൗണ്ട് പൂർത്തായായി കഴിഞ്ഞു. എന്നാൽ ഈ ചർച്ചകളുമായി വീസ നയത്തെ കൂട്ടിക്കെട്ടാനാകില്ലെന്ന ഉറച്ച നിലപാട് ബ്രിട്ടിഷ് ട്രേഡ് മിനിസ്റ്റർ കെമി ബാഡ്നോക് കഴിഞ്ഞയാഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്, ഓസ്ട്രേലിയയുമായുള്ള ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാര കരാർ, 35 വയസിൽ താഴെയുള്ള ഓസ്ട്രേലിയൻ യുവാക്കൾക്ക് മൂന്നു വർഷം ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും ഇന്ത്യയുമായി ഉണ്ടാകാനുള്ള സാധ്യതയേ ഇല്ല എന്നാണ് ട്രേഡ് സെക്രട്ടറി വ്യക്തമാക്കിയത്. വ്യാപാര കരാറുമായി കൂട്ടിക്കെട്ടി പിഎസ്ഡബ്ല്യു തുടരാനുള്ള സാധ്യതയും തീരെയില്ലെന്ന് ചുരുക്കം. 

English Summary : Home secretary mulls cut to post-study student visa stay in UK

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com