കവന്ററി∙ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ആകസ്മികമായി മരിച്ച വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുണിന്റെ (33) മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ ബുധനാഴ്ച സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അഭ്യർഥന മാനിച്ച് യുക്മയും കവന്ററി കേരള കമ്മ്യൂണിറ്റിയും സംയുക്തമായി ബെർമിങ്ഹാമിൽ പൊതുദർശനം നടത്തിയിരുന്നു. വ്യാഴാഴ്ച വെളുപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ്, സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ എന്നിവരാണു മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ശേഖരിച്ച ഫണ്ടും ഉടൻ തന്നെ കുടുംബത്തിന് കൈമാറും. യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കും.
ജനുവരി 18 ന് നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു. ഇതേതുടര്‍ന്ന് 19 ന് ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കുന്ന നിലയിലായിരുന്നു. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമായിരുന്നു മരണ കാരണം.
അരുണ്‍ ഒരു വര്‍ഷം മുന്‍പാണു കവന്ററിയിൽ എത്തിയത്. കവന്ററി ഹോസ്പിറ്റലിൽ ഐടിയു വിഭാഗത്തിൽ നഴ്സ് ആയിരുന്നു അരുൺ. തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണു മാതാപിതാക്കൾ. ഭാര്യ: ആര്യ എസ് നായർ. മകൾ: ആര്യ. സഹോദരി: എം.എസ്. ആതിര.