ലണ്ടൻ ∙ ബ്രിട്ടനിലെ കെറ്ററിങ്ങിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ കുടുംബത്തിനായി സമാഹരിച്ച തുക കൈമാറി. മന്ത്രി വി. എൻ. വാസവനാണ് തുക കുടുംബത്തിന് കൈമാറിയത്. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷനും കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്നാണ് ക്രൌഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ അഞ്ജുവിന്റെ കുടുംബത്തെിനായി 28,72000 ലക്ഷം രൂപ സമാഹരിച്ചത്. യുക്മയുടെയും മലയാളി അസോസിയേഷന്റെയും, മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുവാൻ യുകെ മലയാളി സമൂഹം നൽകിയ 31338 പൗണ്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനും വയ്ക്കുന്നതിനുള്ള ചിലവും, മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ച മനോജിന്റെ ടിക്കറ്റ് ഉൾപ്പെടെ ചിലവായ തുകയും കഴിഞ്ഞുള്ള ബാക്കി തുകയാണ് കുടുംബത്തിന് മന്ത്രി കൈമാറിയത്.
കഴിഞ്ഞവർഷം ഡിസംബർ 15നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചിരുന്നു.
തുക കൈാറിയ ചടങ്ങിൽ യുക്മ മിഡ്‌ലാൻഡ്സ് മുൻ റീജനൽ ട്രഷറർ സോബിൻ ജോൺ, ജിജി സോബിൻ, സിപിഎം ജില്ലാ സെക്രട്ടറി എ. വി. റസ്സൽ, ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, മറവവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. രമ എന്നിവർ പങ്കെടുത്തു.