യുകെ നഴ്സിങ് കൗൺസിൽ നിബന്ധനകളില്‍ ഇളവ്; നഴ്സുമാർക്കും യുകെയിലുള്ള കെയറർമാർക്കും ആശ്വാസം

uk-nurse
SHARE

ലണ്ടൻ ∙ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ നിന്നും ഇംഗ്ലിഷ് മീഡിയത്തില്‍ നഴ്സിങ്‌ പഠനം നടത്തിയ യുകെയിലെ കെയറർമാർക്ക് ഉൾപ്പടെ റജിസ്‌ട്രേഷന് അപേക്ഷിക്കാൻ കഴിയും വിധം യുകെ നഴ്സിങ്‌ ആന്‍ഡ് മിഡ് വൈഫറി കൗൺസിൽ (എൻഎംസി) നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി. ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വരും വിധമാണ് ഇളവുകൾ.

എന്നാൽ നിലവിലുള്ള യുകെ എൻഎംസി റജിസ്ട്രേഷനുള്ള ഐഇഎൽടിഎസ്/ഒഇടി സ്കോറുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഇളവുകൾ നടപ്പിലാക്കുന്നത് മൂലം സുരക്ഷിതവും കാര്യക്ഷമവുമായി ജോലി ചെയ്യുന്നതിനാവശ്യമായ ഇംഗ്ലിഷ് പരിജ്ഞാനമുണ്ടോയെന്ന് മാത്രമെ പരിശോധിക്കുന്നുള്ളുവെന്ന് എന്‍എംസി എക്സിക്യുട്ടീവ് ഡയറക്ടര്‍ മാത്യു മെക്ലന്‍ഡ് പറഞ്ഞു. ഇത്തരത്തിൽ ഇളവുകൾ നൽകുന്നതിനാൽ കൂടുതല്‍ പേർക്ക് എന്‍എംസിയില്‍ റജിസ്‌റ്റർ ചെയ്യാന്‍ കഴിയുമെന്നും നിലവില്‍ യുകെ അഭിമുഖീകരിക്കുന്ന നഴ്സുമാരുടെ കുറവ് വലിയൊരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നും മാത്യു മെക്ലന്‍ഡ് കൂട്ടിച്ചേർത്തു.

ജർമനിയിലെ ഐടി മേഖല ഇന്ത്യക്കാരുടെ കൈയ്യില്‍ ; കുടിയേറ്റ വർധന 550 %

എൻഎംസി റജിസ്‌ട്രേഷന് യോഗ്യത നേടാൻ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകളുടെ ആകെത്തുക പരിഗണിക്കുക എന്നതാണ് ഇളവുകളിൽ ആദ്യത്തേത്. ഇത്തരത്തില്‍ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകള്‍ സംയോജിപ്പിക്കുന്നതിന് ടെസ്റ്റുകള്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ഇടവേള 6 മാസം എന്നതില്‍ നിന്നും 12 മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷ് ടെസ്റ്റുകളിൽ ഐഇഎൽടി എസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒഇടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും ഒരു വർഷത്തിനുള്ളിലുള്ള രണ്ടു ടെസ്റ്റുകളിലെ റിസൾട്ടുകൾ സംയോജിപ്പിക്കാൻ കഴിയും.

നിലവിൽ എൻഎംസി റജിസ്റ്ററിൽ ചേരാൻ അപേക്ഷിക്കുന്ന യുകെയ്ക്ക് പുറത്തുള്ള മിക്ക അപേക്ഷകരും ഐഇഎൽടിഎസ്/ഒഇടി എന്നീ ഇംഗ്ലിഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതാ സ്‌കോറുകൾ നേടണം. എന്നാൽ പുതിയ മാറ്റമനുസരിച്ച് രണ്ടു പരീക്ഷകളും ഒരുമിച്ച് യോജിപ്പിക്കുമ്പോൾ റീഡിങ്, സ്പീക്കിങ്, ലിസണിങ് സെക്‌ഷനുകളിൽ ടെസ്റ്റ് സ്‌കോർ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിങ് ടെസ്റ്റ് സ്‌കോർ 6 ഉം മതിയാകും. ഒഇടിയിലും ഇത്തരത്തിൽ രണ്ട് ടെസ്റ്റുകളുടെ റിസൾട്ടുകൾ ഒരു വർഷത്തിനുള്ളിൽ റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്‌ഷനിൽ മിനിമം സ്‌കോർ 'സി+' ഉം റൈറ്റിങ് ടെസ്റ്റിൽ മിനിമം സ്‌കോർ 'സി' ഉം നേടി സംയോജിപ്പിക്കാം.

agimol

അപേക്ഷകന്റെ ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം വെളിപ്പെടുത്തുന്ന  തെളിവുകൾ നൽകാൻ തൊഴിലുടമകളെ പ്രാപ്തരാക്കുന്നതാണ് മറ്റൊരു സുപ്രധാന ഇളവ്. ആവശ്യമായ ഇംഗ്ലിഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും യുകെയിലെ ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ  ജോലി ചെയ്തിട്ടുള്ളവർ രണ്ട് സാക്ഷ്യപത്രങ്ങൾ നൽകണം. ഒന്ന് ഇംഗ്ലിഷ് ഭൂരിപക്ഷം സംസാരിക്കാത്ത രാജ്യത്ത് നഴ്സിങ്  ഇംഗ്ലിഷിൽ പരിശീലനം നേടിയവരാണെങ്കിൽ പഠിച്ച സ്ഥാപനം നൽകുന്ന സാക്ഷ്യപത്രം, മറ്റൊന്ന് ജോലിചെയ്യുന്ന കെയറിങ് സ്ഥാപനം, ആശുപത്രി, ക്ലിനിക്ക് എന്നിവയുടെ എൻഎംസി റജിസ്‌ട്രേഷനുള്ള മേധാവികളിൽ രണ്ടു പേർ നൽകുന്ന സാക്ഷ്യപത്രം എന്നിവയാണ്.

ഇംഗ്ലിഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും മികച്ചതുമാണെന്ന വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന 'സപ്പോർട്ടിങ് ഇൻഫർമേഷൻ ഫ്രം എംപ്ലോയർ (എസ്ഐഎഫ്)' സാക്ഷ്യപത്രമാണ് കെയർഹോം മേധാവികൾ നൽകേണ്ടത്. ഫുൾ ടൈം വർക്കർ ആണെങ്കിൽ ഒരേ ലൈൻ മാനേജർക്ക് കീഴിൽ ഏറ്റവും കുറഞ്ഞത് ആറുമാസം തുടർച്ചയായി ജോലി ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിലൂടെ എൻഎംസി വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം https://www.nmc.org.uk/registration/joining-the-register/english-language-requirements/

 മാറ്റങ്ങൾക്ക് പിന്നിൽ മലയാളികളായ അജിമോളും ഡില്ലയും

യുകെ മലയാളികളായ ഡോ. അജിമോൾ പ്രദീപും ഡോ. ഡില്ല ഡേവിസുമാണ് എൻഎംസിയുടെ ഇളവുകൾക്ക് കാരണക്കാരായത്. യുകെയിലെ എൻഎച്ച്എസ് ആശുപത്രികൾ അഭിമുഖീകരിക്കുന്ന നഴ്‌സുമാരുടെ കുറവ് പരിഹരിക്കുക, ഹെൽത്ത്‌ കെയർ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നഴ്സിങ് യോഗ്യതയുള്ള കെയർ ജീവനക്കാർക്ക് നഴ്സുമാരായി ജോലി ചെയ്യാൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എൻഎംസിയെ സമീപിച്ചത്. ആവശ്യങ്ങൾ ബോധ്യപ്പെട്ട എൻഎംസി ഇരുവരും കൂടി ഉൾപ്പെട്ട എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇവരുടെ നിരന്തരമായ പരിശ്രമ ഫലമായി നിരവധി തെളിവുകളും വിവിധ കമ്മിറ്റികളില്‍ വിശദീകരണങ്ങളും നൽകിയതിനെ തുടര്‍ന്നാണ് എന്‍എംസി ഈ വിഷയം പബ്ലിക് കൺസൾട്ടേഷനായി വിട്ടത്.

പബ്ലിക് കൺസൾട്ടേഷന് വ്യാപകമായ പിന്തുണയേറിയതോടെയാണ് ഇളവുകളിൽ എത്തിച്ചേർന്നത്. എന്നാൽ യുകെ നഴ്സിങ് നിയമം തെറ്റായി വ്യാഖ്യാനിച്ചു യുകെയിൽ ജോലി വാഗ്ദാനം ചെയ്തു നഴ്സിങ് വിദ്യാർഥികളെ കബളിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇരുപത്തിരണ്ട് വർഷം യുകെയിൽ നഴ്‌സ്‌ ആയി പ്രവർത്തിച്ച ഡോ.അജിമോൾ പ്രദീപ്‌ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ അവയവദാന കോ ഓർഡിനേറ്റർ എന്ന നിലയിൽ ചെയ്ത സാമൂഹ്യ സേവനങ്ങൾക്ക് എലിസബത്ത് രാജ്ഞിയിൽ നിന്നും ബ്രിട്ടിഷ് എംപയർ പുരസ്‌കാരം നേടിയ വ്യക്തിയാണ്. ഇരുപത്തി രണ്ടു വർഷമായി യുകെയിൽ ഗവേഷക ആണ് ഡോ. ഡില്ല ഡേവിഡ്.

English Summary : NMC relaxes English-language requirement rules for nurses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS