ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയില്‍ ആരോഗ്യ പ്രവര്‍ത്തകർ ചൊവ്വാഴ്ച മുതൽ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ആശുപത്രികള്‍, സൈക്യാട്രിക് ക്ലിനിക്കുകൾ, പരിചരണ സൗകര്യങ്ങള്‍, അടിയന്തര സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കും. രണ്ടു ദിവസത്തെ പണിമുടക്കില്‍ ബവേറിയയില്‍ മാത്രം 30 ൽ അധികം മുനിസിപ്പല്‍ ആശുപത്രികളും ജില്ലാ ക്ലിനിക്കുകളും പ്രായമായവരെ പരിചരിക്കുന്ന നിരവധി സ്ഥാപനങ്ങളും പങ്കെടുക്കും. 

ന്യൂറംബര്‍ഗ് ഹോസ്പിറ്റലിന് ട്യൂമര്‍ രോഗികള്‍ ഉള്‍പ്പടെയുള്ള ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നു. മാറ്റിവയ്ക്കാനാവാത്ത ഓപ്പറേഷനുകള്‍ മാത്രമേ നടക്കു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ബര്‍ലിനില്‍, ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും മറ്റ് ക്ളിനിക്കുകളിലും മുന്നറിയിപ്പ് സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസലിലെ പ്രധാന ആശുപത്രിയിലെയും ക്ളിനികം റീജിയന്‍ ഹാനോവറിലെയും ജീവനക്കാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആള്‍ട്ടോണ, ബാര്‍ംബെക്ക്, ഹാര്‍ബുര്‍ഗ്, നോര്‍ഡ്, സെന്റ് ജോർജ്, വാന്‍ഡ്സ്ബെക്ക്, വെസ്റ്റ് ക്ലിനികം ഹാംബര്‍ഗ്, ഹാംബര്‍ഗ് എപ്പന്‍ഡോര്‍ഫ് എന്നീ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ഹാംബര്‍ഗ് എപ്പന്‍ഡോര്‍ഫ് (യുകെഇ) എന്നിവിടങ്ങളിലെ അസ്ക്ളെപിയോസ് ക്ലിനിക്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കുമെന്ന് വെര്‍ഡി തൊഴിലാളി യൂണിയൻ വെളിപ്പെടുത്തി. പണിമുടക്കിന് മുന്നോടിയായി എമര്‍ജന്‍സി കെയര്‍ ഉറപ്പാക്കി. ജീവന്‍ രക്ഷാ ചികിത്സ ആവശ്യമുള്ളവരെ പരിപാലിക്കും.

തൊഴിലുടമകള്‍ ഈ വര്‍ഷം വേതനത്തില്‍ മൂന്നു ശതമാനവും അടുത്ത വര്‍ഷം രണ്ടു ശതമാനം വര്‍ധനയും രണ്ടു വര്‍ഷത്തേക്ക് 2,500 യൂറോയുടെ നികുതി രഹിത ഒറ്റത്തവണ പേയ്മെന്റുകളും വാഗ്ദാനം ചെയ്തിരുന്നു. എങ്കിലും വെര്‍ഡി ഈ ഓഫര്‍ നിരസിച്ചു. പ്രതിമാസം 10.5 ശതമാനം കൂടുതല്‍ വേതനമാണ് വെർഡി ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 500 യൂറോ വർധനവ്. മൂന്നാം ഘട്ട വിലപേശല്‍ ചര്‍ച്ച മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കും. ട്രെയിനികള്‍, വിദ്യാര്‍ത്ഥികള്‍, ഇന്റേണുകള്‍ എന്നിവര്‍ക്ക് പ്രതിമാസം 200 യൂറോ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം അപ്രന്റീസുകള്‍ക്ക് സ്ഥിരമായ തൊഴില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

വെര്‍ഡി യൂണിയന്‍ തിങ്കളാഴ്ച വിമാനത്താവളങ്ങളില്‍ വീണ്ടും പണിമുടക്കി. ഗ്രൗണ്ട്, ഏവിയേഷന്‍ സെക്യൂരിറ്റി ജീവനക്കാരും ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടിരിക്കുകയാണ്. ജര്‍മ്മനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ഇന്‍ഡസ്ട്രിയല്‍ യൂണിയന്‍ ഓഫ് മെറ്റല്‍ വര്‍ക്കേഴ്സ് (IG Metall) അംഗങ്ങള്‍ പണിമുടക്കുന്നുണ്ട്. റെയില്‍വേ ജീവനക്കാര്‍ക്കിടയിലുള്ള സമരത്തിലാണ് അവര്‍. റെയില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ (EVG) നിലവില്‍ വേതനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ട്രെയിനികള്‍, വിദ്യാര്‍ത്ഥികള്‍, ഇന്റേണുകള്‍ എന്നിവര്‍ക്ക് പ്രതിമാസം 200 യൂറോ ശമ്പളം വർധിപ്പിക്കണമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അപ്രന്റീസുകള്‍ക്ക് സ്ഥിരമായ തൊഴില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

English Summary: German healthcare workers begin two-day strike for pay and investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com