എനർജി ബിൽ ക്യാപും ഇന്ധന നികുതി ഇളവും നീട്ടി; വിരമിച്ചവരെ ജോലിയിൽ തിരികെയെത്തിക്കാൻ പദ്ധതി

uk-flag
SHARE

ലണ്ടൻ ∙ കൈയടി നേടുന്ന പ്രഖ്യാപനങ്ങളേക്കാൾ സമ്പത്ത് വ്യവസ്ഥയെ തിരികെ ട്രാക്കിലാക്കാൻ സഹായിക്കുന്ന പദ്ധതികളുമായി ഋഷി സുനക് മന്ത്രിസഭയുടെ ആദ്യത്തെ സമ്പൂർണ ബജറ്റ്. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾക്ക് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച 2,500 പൗണ്ടിന്റെ ക്യാപും, ഇന്ധന നികുതിയിൽ നിലവിലുള്ള അഞ്ചു പെൻസിന്റെ ഇളവും ദീർഘിപ്പിച്ചതാണ് പ്രത്യക്ഷത്തിൽ ജനപ്രിയമായ പ്രഖ്യാപനങ്ങൾ. എനർജി ബിൽ ക്യാപ്  മൂന്നു മാസത്തേക്കും (ജൂൺ 30 വരെ) ഇന്ധന നികുതിയിലെ ഇളവ് ഒരു വർഷത്തേക്കുമാണ് ദീർഘിപ്പിച്ചത്. ജോലിയിൽനിന്നും വിരമിച്ച 50 വയസ്സു കഴിഞ്ഞവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള പദ്ധതിയാണ് സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. 63 മില്യൻ പൗണ്ടിന്റെ പദ്ധതിയാണിത്. നിർമാണ മേഖലയിലെ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കാൻ ഇതുമായി ബന്ധപ്പെട്ട അഞ്ച് ജോബ് റോളുകൾക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ രംഗത്ത് വൈദഗ്ധ്യമുള്ളവർക്ക് ബ്രിട്ടനിലേക്ക് എത്താൻ ഈ തീരുമാനം സഹായിക്കും. 

ചൈൽഡ് കെയറിലും  പെൻഷൻ നീക്ഷേപങ്ങളിലും വരുത്തിയ മാറ്റങ്ങളാണ് ബജറ്റിലെ മറ്റ് സുപ്രധാന തീരുമാനങ്ങൾ. പെൻഷൻ ഫണ്ടിലേക്കുള്ള നികുതി രഹിത നിക്ഷേപ അലവൻസ് പ്രതിവർഷം 40,000 പൗണ്ടിൽനിന്നും 60,000 ആക്കി ഉയർത്തി. കഴിഞ്ഞ ഒൻപത് വർഷമായി ഇത് 40,000ൽ തുടരുകയായിരുന്നു. എന്നാൽ പെൻഷൻ ഫണ്ടിന് നിലവിലുണ്ടായിരുന്ന ലൈഫ് ടൈം അലവൻസ് ലിമിറ്റ് റദ്ദാക്കി. അതിസമ്പന്നന്മാരെ മാത്രം ബാധിക്കുന്ന തീരുമാനമാണിത്. 

ജോലിക്കാരായ മാതാപിതാക്കൾക്ക് നൽകുന്ന ആഴ്ചയിലെ 30 മണിക്കൂർ ഫ്രീ ചൈൽഡ് കെയർ  ഒന്നും രണ്ടും വയസ്സു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇനിമുതൽ ലഭ്യമാക്കും. 2025 സെപ്റ്റംബറോടെയാകും ഇത് പൂർണമായും പ്രാബല്യത്തിലാകുക. 2024 ഏപ്രിൽ മുതൽ നിലവിൽ രണ്ടുവയസ്സ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക്  15 മണിക്കൂർ ഫ്രീ കെയറിന് അപേക്ഷിക്കാം. 2024 സെപ്റ്റംബർ മുതൽ ഇത് ഒൻപത് മാസം പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ലഭ്യമാക്കും. 2025 സെപ്റ്റംബർ ആകുമ്പോൾ അഞ്ചുവയസ്സിൽ താഴെ കുട്ടികളുള്ള എല്ലാ സിംഗിൾ വർക്കിങ് പേരൻസിനും ആഴ്ചയിൽ 30 മണിക്കൂർ ചെൽഡ് കെയർ ലഭ്യമാകും. 

പുകയില ഉൽപന്നങ്ങളുടെയും ആൽക്കഹോളിന്റെയും  നികുതി വർധിപ്പിച്ചു. എന്നാൽ പബ്ബുകളിൽ വിൽക്കുന്ന ബിയർ, വൈൻ, സൈഡർ എന്നിവയെ നികുതി വർധനയിൽനിന്നും ഒഴിവാക്കി. സ്വിമ്മിംങ് പൂൾ ഹീറ്റിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ എനർജി എഫിഷ്യന്റ് ആക്കാനായി ലെഷർ സെന്ററുകൾക്ക് 63 മില്യൻ പൗണ്ടിന്റെ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 

അടുത്ത അഞ്ചുവർഷത്തേക്ക് 11 ബില്യൻ പൗണ്ടിന്റെ വർധനയാണ് ഡിഫൻസ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനു  മാത്രമായി കൗൺസിലുകൾക്ക് 200 മില്യൺ പൗണ്ട് അനുവദിച്ചു.  രാജ്യത്തിന്റെ സമ്പത്ത്‌വ്യവസ്ഥ 2023ൽ 0.2 ശതമാനം ചുരുങ്ങുമെങ്കിലും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. 1.8 ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. 2025ൽ ഇത് 2.5 ശതമാനമായി ഉയരുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS