ലണ്ടൻ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം നടന്നു. മാർച്ച് 12 ഞായറാഴ്ച്ച നടന്ന സമ്മേളനം സമീക്ഷ യുകെ നാഷനൽ ജോ. സെക്രട്ടറി ചിഞ്ചു സണ്ണി ഉദ്ഘാടനം ചെയ്തു. പീറ്റർബറോ ബ്രാഞ്ചിന്റെ ഭാഗമായിരുന്ന ബോസ്റ്റൺ ബ്രാഞ്ച് ഒരു വർഷമായി സ്വന്തം നിലയ്ക്കാണ് പ്രവർത്തിക്കുന്നത്. ഈ കാലയളവിനുളളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവക്കാൻ കഴിഞ്ഞതായി ചിഞ്ചു പറഞ്ഞു.

ബ്രാഞ്ച് പ്രസിഡന്റ് ഷാജി പി. മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് ദേവസ്സി സ്വാഗതമാശംസിച്ചു. ജോ. സെക്രട്ടറി മജോ വെരനാനി നന്ദി പ്രകാശിപ്പിച്ചു. മേൽക്കമ്മറ്റി തീരുമാനങ്ങൾ ഭാസ്കർ പുരയിൽ വിശദീകരിച്ചു. ദേശീയ സമ്മേളനം വിജയിപ്പിക്കാൻ ഒരോരുത്തരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെ യോഗ നടപടികൾ പര്യവസാനിച്ചു.

യുകെയിൽ പ്രാദേശികമായി നടക്കുന്ന ബാഡ്മിന്റൺ ബോസ്റ്റൺ റീജനൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്ററിൽ വച്ചു നടന്നു. ഏഴോളം ടീമുകൾ മാറ്റുരച്ച മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിങ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 151 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 101 പൗണ്ടും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.

വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ് വൈസ് ക്യാപ്റ്റൻ നവീനും ബാഡ്മിന്റൺ ടൂർണമെന്റ് കോഓർഡിനേറ്റർ ആഷിഷും ചേർന്നു നിർവഹിച്ചു. മത്സരത്തിന്റെ നടത്തിപ്പിന് മുൻ കയ്യെടുത്ത ആഷിഷ്, ബെനോയ്, നാഷനൽ കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ നിധീഷ് പാലക്കൽ, ജിതിൻ തുളസി എന്നിവരെ സമീക്ഷ യുകെ അഭിനന്ദിച്ചു.
English Summary: sameeksha uk boston branch session