ലണ്ടൻ ∙ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളികളായ രണ്ടു പേർ വിജയിച്ചു. എജ്യുക്കേഷൻ ഓഫിസർ, വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിൻ മാത്യു, കൊല്ലം അഞ്ചൽ സ്വദേശി അഡ്വ. ബിബിൻ ബോബച്ചൻ എന്നിവർ വിജയിച്ചത്. ഇരുവരും നാട്ടിൽ കെഎസ്‌യു വിലൂടെ കോളജ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരാണ്.
സ്ട്രാറ്റ്ഫോഡ്, ഡോക്ക്‌ലാൻഡ്സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളുള്ള യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ 1898 ലാണ് സ്ഥാപിതമായത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തി അയ്യായിരത്തിലധികം വിദ്യാർഥികളാണ് ഇവിടെയുള്ളത്. അശ്വിൻ ബിബിൻ എന്നിവരെ കൂടാതെ ആക്ടിവിറ്റീസ് ആൻഡ് ഓപ്പർച്യൂണിറ്റീസ് ഓഫിസറായി സയ്യിദ് സിറാജുദീൻ, വിവിധ സ്കൂൾ പ്രതിനിധികളായി ജെമിമ അക്കിനോള (ബിസിനസ് ആൻഡ് ലോ), റെബേക്ക റാന്തേ (സൈക്കോളജി) എന്നിവരും വിജയിച്ചു. നാല് സ്കൂളുകളിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഈസ്റ്ററിന് ശേഷം നടക്കും.

യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹിയായി വിജയിക്കുന്നവരുടെ കാലാവധി ഒരു വർഷമാണ്. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം ഉൾപ്പടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. വിദ്യാർഥി വീസയിൽ എത്തിയവർക്ക് ഒരു വർഷത്തേക്ക് വീസ കാലാവധി നീട്ടി നൽകും. ജനറൽ സ്ഥാനങ്ങളിലേക്ക് വിജയിച്ച അശ്വിൻ, ബിബിൻ എന്നിവർക്ക് 26000 പൗണ്ടാണ് വാർഷിക ശമ്പളമായി ലഭിക്കുക. അതായത് മാസത്തിൽ ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപയിലധികം ശമ്പളം ലഭിക്കും.
അശ്വിൻ മാത്യു
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഡോക്ക്‌ലാൻഡ്സ് ക്യാംപസിൽ പ്രോജക്ട് മാനേജ്മെന്റിൽ എംബിഎ വിദ്യാർഥിയാണ് അശ്വിൻ മാത്യു. നിലവിൽ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് എജ്യുക്കേഷൻ ഓഫിസറായ ബ്രിട്ടീഷ് യുവതി പിപ്പ ഇവാൻസിനെ തോൽപ്പിച്ചാണ് 341 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അശ്വിൻ വിജയിച്ചത്. 2022 സെപ്റ്റംബറിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ ചേർന്നത്. പഠനത്തോടൊപ്പം ഇക്കഴിഞ്ഞ ജനുവരി മുതൽ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് അംബാസഡർ ആയി പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. സ്റ്റുഡന്റസ് അംബാസഡർ ആയിരിക്കെ ലഭിച്ച അനുഭവങ്ങൾ തന്റെ പുതിയ പദവിക്ക് മുതൽക്കൂട്ട് ആകുമെന്ന് അശ്വിൻ മനോരമ ഓൺലൈനോട് പറഞ്ഞു.

2023 ജൂലൈ 1 മുതൽ 2024 ജൂൺ 30 വരെയാണ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് യൂണിയൻ എജ്യുക്കേഷൻ ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്. 2023 സെപ്റ്റംബറിൽ എംബിഎ പഠനം പൂർത്തിയാക്കും വരെ അംബാസിഡർ പദവിക്ക് കാലാവധി ഉണ്ടായിരുന്നുവെങ്കിലും സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹിയായി ചുമതല ഏൽക്കുമ്പോൾ നിലവിലുള്ള പദവി ഒഴിയും. യൂണിവേഴ്സിറ്റി നടത്തുന്ന ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ട അംബാസഡർ പദവിക്കും ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ ശമ്പളമായി ലഭിച്ചിരുന്നതായി അശ്വിൻ പറഞ്ഞു. കാസർകോട് വെള്ളരിക്കുണ്ട് ഇലവുങ്കൽ വീട്ടിൽ റിട്ട. ഹൈ സ്കൂൾ അധ്യാപകൻ ഇ. എം. മത്തായി, റിട്ട. നഴ്സിങ് സൂപ്രണ്ട് കെ. എ. ആലീസ് എന്നിവരാണ് മാതാപിതാക്കൾ. യുഎഇ യിൽ ജോലി ചെയ്യുന്ന അരുൺ മാത്യു സഹോദരനാണ്.
2014 ൽ തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ കോളജിൽ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. വിദ്യാർഥിയായിരിക്കെ കെഎസ്‌യു കോളജ് യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. എസ്എഫ്ഐക്ക് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന കോളജിൽ അശ്വിൻ പ്രസിഡന്റ് ആയിരിക്കെയാണ് കോളേജ് യൂണിയന്റെ ഏഴു കെഎസ്‌യു സ്ഥാനാർഥികൾക്ക് മിന്നുന്ന വിജയം നേടിയെടുക്കാൻ കഴിഞ്ഞത്. നാട്ടിലെ പഠനത്തിന് ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അശ്വിൻ യുകെയിൽ എത്തിയ ശേഷമാണ് സ്റ്റുഡന്റസ് യൂണിയനിലേക്ക് ആദ്യമായി മത്സരിക്കുന്നതും വിജയിക്കുന്നതും.
യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർഥികൾക്ക് പൂർണ്ണ സുതാര്യത ഉറപ്പാക്കുക, വിദ്യാർഥികളുടെ ആവശ്യങ്ങൾ യൂണിവേഴ്സിറ്റി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, വിദ്യാർഥികളുടെ അക്കാദമിക് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് കോഴ്‌സ് പ്രതിനിധികളുമായും വിദ്യാർഥി പ്രതിനിധികളുമായും അടുത്ത് സഹകരിക്കുക, വിദ്യാർഥികളുടെ ക്ഷേമത്തിനായും മാനസികാരോഗ്യത്തിനായും ശിൽപശാലകൾ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളാണ് എജ്യുക്കേഷൻ ഓഫീസർ എന്ന നിലയിൽ തനിക്ക് ലഭിക്കുകയെന്ന് അശ്വിൻ പറഞ്ഞു. ഇത് കൂടാതെ ആദ്യ ഭാഷ ഇംഗ്ലീഷ് അല്ലാത്ത വിദ്യാർഥികളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളും നടത്തുമെന്നും പഠന ശേഷം വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ മുൻകൈ എടുക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
അഡ്വ. ബിബിൻ ബോബച്ചൻ
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ സ്ട്രാറ്റ്ഫോഡ് ക്യാംപസിൽ ഇന്റർനാഷനൽ ലോ ആൻഡ് ലീഗൽ പ്രാക്ടീസിൽ എൽഎൽഎം വിദ്യാർഥിയാണ് ബിബിൻ ബോബച്ചൻ. 2023 ജനുവരിയിലാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ ചേർന്നത്. നാട്ടിൽ ഒരു വർഷത്തോളമായി അഡ്വക്കേറ്റായി പ്രാക്റ്റീസ് നടത്തി വരികയായിരുന്നു. മലയാളികൾ ഉൾപ്പടെ 4 പേർ മത്സരിച്ച വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസർ സ്ഥാനത്തേക്ക് 357 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിബിൻ വിജയിച്ചത്. നാട്ടിൽ നിന്നും വിവിധ കോളജ് യൂണിയനുകളിൽ മത്സരിച്ചു വിജയിച്ചപ്പോൾ ലഭിച്ച അനുഭവങ്ങൾ തനിക്ക് യുകെയിൽ മുതൽക്കൂട്ടായെന്ന് ബിബിൻ ബോബച്ചൻ മനോരമ ഓൺലൈനോട് പറഞ്ഞു.
2023 ജൂലൈ 1 മുതൽ 2024 ജൂൺ 30 വരെയാണ് യൂണിവേഴ്സിറ്റിയുടെ വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസർ ആയി പ്രവർത്തിക്കേണ്ടത്. കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ഡിഗ്രിക്ക് പഠിക്കവേ മാഗസിൻ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ലോ കോളജിൽ പഠിക്കവേ ക്ലാസ് പ്രതിനിധിയായും വിജയിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പറായി മത്സരിച്ചിരുന്നു. കെ. എസ്. യു പുനലൂർ അസംബ്ലി കമ്മിറ്റി വൈസ് പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്. യുകെ യിലെ നിയമ പഠനത്തിന് ശേഷം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ബിബിൻ പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റി പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള അധ്യയന വർഷം ഒരുക്കുക, ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം ഒരുക്കുക, ക്യാംപസിന് അകത്തും പുറത്തുമുള്ള വിവിധ വിഷയങ്ങളിൽ വാദം കേൾക്കുക, ഇൻ-ക്യാംപസ് ഇവന്റുകളും സ്പോർട്സ് ഇവന്റുകളും സംഘടിപ്പിക്കുക, വിദ്യാർഥികളെ സാമൂഹികവൽക്കരിക്കാൻ പ്രാപ്തരാക്കുന്ന ഔട്ട്ഡോർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫിസറെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന പ്രധാന ചുമതലകളെന്ന് ബിബിൻ ബോബച്ചൻ പറഞ്ഞു. കൊല്ലം അഞ്ചൽ അരീപ്ലാച്ചി പള്ളിപടിഞ്ഞാറ്റതിൽ വീട്ടിൽ കർഷകനായ ഒ. ബോബച്ചൻ, വീട്ടമ്മയായ ഏലിയാമ്മ ബോബച്ചൻ എന്നിവരാണ് മാതാപിതാക്കൾ. ബിൻസി ബോബച്ചൻ സഹോദരിയാണ്.
English Summary: Malayali students win university of east london union election