ADVERTISEMENT

റോം ∙ മലയാളത്തിന്റെ പ്രിയനടൻ ഇന്നസന്റിന്റെ വേർപാടിൽ അനുശോചനമറിയിച്ച് ഇറ്റാലിയൻ എഴുത്തുകാരിയും ദാർശനികയുമായ ഡോ. സബ്രീന ലെയ്. ഇന്നസന്റ് എഴുതിയ, ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് സബ്രീനയായിരുന്നു. ഇന്നലെ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ അക്കൗണ്ടിലൂടെയാണ് ഇന്നസന്റിന്റെ വേർപാടിലുള്ള ദുഃഖവും അദ്ദേഹത്തോടുള്ള ആദരവും സബ്രീന വെളിപ്പെടുത്തിയത്.

 

ഇന്നസന്റിനോടൊപ്പമുള്ള ചിത്രവും, ‘കാൻസർ വാർഡിലെ ചിരി’യുടെ ഇറ്റാലിയൻ പതിപ്പ് ഇന്നസന്റ് സോണിയാ ഗാന്ധിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ച വർത്തമാനപ്പത്രത്തിന്റെ കട്ടിംഗും സബ്രീന ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തിട്ടുണ്ട്.

 

സബ്രീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

Sabrina-Leigh-innocent-fb

മലയാളത്തിലെ പ്രശസ്തനായ ചലച്ചിത്ര നടനും ഇന്ത്യൻ പാർലമെന്റ് മുൻ അംഗവുമായ ഇന്നസന്റിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 2017ൽ ഇന്നസന്റ് റോം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കാണാനുള്ള അവസരമുണ്ടായി. അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം, അദ്ദേഹം എഴുതിയ പ്രചോദനാത്മകമായ പുസ്തകം ‘കാൻസർ വാർഡിലെ ചിരി’ ഞാൻ പിന്നീട് ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. 

 

ഇന്നസന്റ് എങ്ങനെയാണ് കാൻസറിനെ അതിജീവിച്ചത് എന്നതിന്റെ ശക്തമായ കഥയാണ് ആ പുസ്തകം പറയുന്നത്. ഇംഗ്ലീഷ് പതിപ്പിൽനിന്ന് ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്ത പുസ്തകത്തിന് ഇറ്റാലിയൻ വായനക്കാരിൽനിന്ന് വലിയ സ്വീകാര്യതയാണു ലഭിച്ചത്.

 

ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും (ഞാൻ അവരെയും പരിചയപ്പെട്ടിട്ടുണ്ട്) ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കേരളത്തിലെ അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് സിനിമാ ആരാധകരെയും ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെയും ഞാൻ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. നാമെല്ലാവരും അദ്ദേഹത്തെ വളരെ ആഴത്തിൽ മിസ്സ് ചെയ്യുമെന്നും അവർ കുറിച്ചു.

 

ലാറ്റിൻ, ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമുള്ള സബ്രീന, തത്വചിന്തയിൽ ഡോക്ട്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളിയായ ഡോ. അബ്ദുൾ ലത്തീഫ് ആണ് ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com