സ്റ്റോക്ഹോം ∙ നാറ്റോ സഖ്യത്തിനു സമാന്തരമായി സ്വന്തം നിലയ്ക്ക് പ്രതിരോധ വ്യോമ സൈനിക സഖ്യം രൂപീകരിക്കാന്‍ സ്വീഡന്‍, ഫിന്‍ലന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ നാലു രാജ്യങ്ങളും നോര്‍ഡിക് രാജ്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
അതേസമയം, നാറ്റോയുടെ കീഴില്‍ തന്നെ തുടരുകയും വിവിധ രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതി അവലംബിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞയാഴ്ച ജര്‍മനിയിലെ റംസ്റെറയ്ന്‍ എയര്‍ ബേസില്‍ നടന്ന യോഗത്തില്‍ നാറ്റോ എയര്‍ കമാന്‍ഡ് ചീഫ് ജനറല്‍ ജയിംസ് ഹെക്കര്‍ പങ്കെടുത്തിരുന്നു.
റഷ്യയില്‍നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ണായക തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്തു വരുകയാണ്.
നോര്‍വേക്ക് 57 എഫ് 16 യുദ്ധവിമാനങ്ങളും 37 എഫ് 35 വിമാനങ്ങളുമുണ്ട്. ഫിന്‍ലന്‍ഡിന് 62 എഫ്എ 18 ജെറ്റുകളും 64 എഫ് 35 ജെറ്റുകളും ഡെന്മാര്‍ക്കിന് 58 എഫ് 16 വിമാനവും 27 എഫ് 35 വിമാനവുമുണ്ട്. സ്വീഡന് 90ലേറെ ഗ്രിപെന്‍ ജെറ്റുകളുണ്ട്. തങ്ങള്‍ ഒരുമിച്ചാല്‍ ഒരു വലിയ യൂറോപ്യന്‍ രാജ്യത്തിന്റെ കരുത്ത് ലഭിക്കുമെന്നാണ് ഈ രാജ്യങ്ങളുടെ കണക്കുകൂട്ടല്‍.
വ്യോമാതിര്‍ത്തി നിരീക്ഷണം സംയോജിതമാക്കുകയാണ് സഖ്യത്തിന്റെ ആദ്യ നടപടി. സ്വീഡനും ഫിന്‍ലന്‍ഡും കഴിഞ്ഞ വര്‍ഷം നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ഹംഗറിയുടെയും തുര്‍ക്കിയയുടെയും എതിര്‍പ്പ് കാരണം ഇതുവരെ ലഭ്യമായിട്ടില്ല.
English Summary : Nordic countries plan joint air defence to counter Russian threat