ലണ്ടൻ ∙ രാജ്യത്തിന്റെ എല്ലാഭാഗത്തും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനാധിപത്യത്തിൽ അഭിമാനം കൊണ്ടിരുന്ന രാജ്യം ഇന്ന് വലിയൊരു അഗ്നിപർവതത്തിന്റെ മുകളിലാണ് നിലനിൽക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രിട്ടനിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനം പീറ്റർബറോയിൽ ഉദ്ഘാടനം ചെയ്യവേയാണ് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കെതിരെയുള്ള എംവി ഗോവിന്ദന്റെ വിമർശനം. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ സ്വതസിദ്ധമായ ശൈലിയിൽ രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ ഒന്നൊന്നായി അദ്ദേഹം വിശകലനം ചെയ്തു.

കേരള ജനതയുടെ സന്തോഷവും ക്ഷേമവും മാത്രമാണ് പിണറായി മന്ത്രിസഭയുടെ ലക്ഷ്യം. ഇതിനായി കെ- റയിൽ ഉൾപ്പെടെയുള്ള വികനപദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സൃഷ്ടിക്കായുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നവയെല്ലാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു, സമീക്ഷ യുകെ നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. ലോക കേരള സഭാംഗം സി.ഐ. ജോസഫ്, മാധ്യമ പ്രവർത്തകൻ ശ്രീകുമാർ സദാനന്ദൻ എന്നിവർ സംബന്ധിച്ചു.

20ന് വിവിധ ബ്രാഞ്ചുകളിൽനിന്നുള്ള നൂറ്റിയമ്പതോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. 21ന് ഉച്ചയ്ക്കായിരുന്നു പൊതു സമ്മേളനം. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ഞൂറിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു.