ADVERTISEMENT

ലണ്ടൻ• യുകെയിലെ മലയാളികളായ സീനിയർ നഴ്സുമാർക്കായി സംഘടന രൂപീകരിക്കുന്നു. യുകെ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന 'ബാൻഡ് 8എ' മുതലുള്ള സീനിയർ തസ്തികളിൽ ജോലി ചെയ്യുന്ന നഴ്‌സ്മാർക്കായാണ് സംഘടന രൂപീകരീക്കുന്നത്. അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (ആസ്‌കെൻ) എന്ന പേരിൽ സംഘടന ഈ മാസം എട്ടു  മുതൽ പ്രവർത്തനം ആരംഭിക്കും. 

 

asken

Read more: ബ്രിട്ടണിൽ വീടുവില ഇടിയുന്നത് 14 വർഷത്തെ ഏറ്റവും വേഗതയേറിയ നിരക്കിൽ, ആർക്കും ഗുണം ചെയ്യാതെ പലിശ വർധന

ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ സംഘടനയുടെ ഉദ്ഘാടനം ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിങ്‌ ഓഫീസറായ ഡേമ് രൂത്ത് മേ നിർവഹിക്കും. ചടങ്ങിൽ ഡപ്യൂട്ടി ചീഫ് ഓഫീസറായ ഡങ്കന്‍ ബര്‍ട്ടന്‍, സീമ മൽഹോത്ര എംപി, എന്‍എംസി അസിസ്റ്റന്റ് ഡയറക്ടര്‍ സാമന്ത ഡോണോഹ്യു എന്നിവർ പങ്കെടുക്കും.

യുകെയിലെ ബാൻഡ് അഞ്ച്, ആറ്, ഏഴ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ഉദ്യോഗക്കയറ്റങ്ങൾക്ക്  അപേക്ഷിക്കുന്നതിന് സഹായിക്കുക, അവർക്ക് പരിശീലനം നൽകുക, പുതുതായി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, എൻഎച്ച്എസിൽ ഉയർന്ന തസ്തികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് ആവശ്യമായ പിന്തുണ നല്‍കുക തുടങ്ങിയവയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

കേരളത്തിലെ നഴ്സുമാരെ യുകെയിൽ ഇതിനകം പ്രതിനിധീകരിക്കുന്ന നിലവിലുള്ള സംഘടനകളുമായി സഹകരിച്ചായിരിക്കും  സംഘടനയുടെ പ്രവർത്തനമെന്ന് ആസ്‌കെൻ വ്യക്തമാക്കിയിട്ടുണ്ട്. സാജൻ സത്യനാണ് ആസ്‌കെനിന്റെ സ്ഥാപകനും ഉപദേഷ്ടാവും. എലിസ മാത്യു ഉപദേഷ്ടവായി പ്രവർത്തിക്കും. സിജി സലിംകുട്ടി, ലീന വിനോദ് എന്നിവരാണ് കോ ചെയർമാർ. ബിജോയ്‌ സെബാസ്റ്റ്യനാണ് ജനറൽ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി സ്വപ്ന തോമസും ട്രഷററായി ഡോ. ഡില്ല ഡേവിസും ആസ്‌കെൻ ഷെയർഡ് ഡിസിഷൻ കൗൺസിൽ അംഗങ്ങളായി ആൻസി തോമസ്, അന്ന ഫിലിപ്പോസ്, ഡോ. അജിമോൾ പ്രദീപ്, വിനീത എബി, പാൻസി ജോസ്, സ്മിത ഡോണി എന്നിവർ പ്രവർത്തിക്കും.

 

എന്‍എച്ച്എസിലെ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീനിയര്‍ മാനേജ്മെന്റിലുള്ള നഴ്‌സുമാരുടെ എണ്ണം  കുറവാണെന്ന് ആസ്‌കെനിന്റെ ജനറൽ സെക്രട്ടറി ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ഇതിനോടകം ഉയർന്ന പദവിയില്‍ എത്തിയിട്ടുള്ള മലയാളികൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാത്ത സാഹചര്യവുമുണ്ട്. അതിനാല്‍ തന്നെ ഇത്തരമൊരു സംഘടന മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരെ സീനിയർ തസ്തികകളിൽ എത്തിക്കുവാൻ ആസ്‌കെൻ പ്രവർത്തനം നടത്തുമെന്നും ബിജോയ്‌ കൂട്ടിച്ചേർത്തു.

English Summary : New organization for senior Malayali nurses in UK; Inauguration of 'Asken' on 8th of this month

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com