ADVERTISEMENT

യൂറോപ്യൻ രാജ്യങ്ങൾക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച്  ഇന്ത്യയിൽ നിന്നും ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ ജോലിക്കു വന്ന ഹെൽത്ത്കെയർ അസിസ്റ്റന്റുമാരിൽ ഭൂരിഭാഗം ആളുകളും നാട്ടിൽ നിന്നുള്ള നഴ്സിംഗ് യോഗ്യത  ഉള്ളവരാണ്. എന്നാൽ രണ്ടു വർഷങ്ങൾ കഴിഞ്ഞു പെർമിറ്റ് പുതുക്കി ഹെൽത്ത്കെയർ അസിസ്റ്റന്റു ജോലിയിൽ തുടരണമെങ്കിൽ നഴ്സിംഗ് ഡിപ്ലോമ /ബിരുദത്തെക്കാൾ കുറഞ്ഞ ലെവലിൽ ഉള്ള QQI Level 5 കോഴ്സ് നിർബന്ധമായും ആയും ചെയ്യണം എന്നതായിരുന്നു നിലവിലെ നിയമത്തിലെ വിചിത്രമായ വ്യവസ്ഥ. 1500 യൂറോയോളം ചെലവ് വരുന്ന കോഴ്സ് ആണിത്. നിലവിലെ അയർലണ്ടിലെ ഉയർന്ന ജീവിത  ചിലവിന്റെ പശ്ചാത്തലത്തിൽ താരതമ്യേന കുറഞ്ഞ ശമ്പളം വാങ്ങുന്ന കെയർ അസിസ്റ്റന്റുമാർക്കു താങ്ങാവുന്നതിലേറെയാണ് ഈ തുക. നിയമം മാറ്റിയെടുക്കാൻ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട് നടത്തിയ പരിശ്രമത്തിന്റെ നാൾവഴികൾ ഇങ്ങനെ:

 

∙ ആദ്യപടിയായി 1500 ഓളം വരുന്ന  ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ വാട്സാപ്പ്ഗ്രൂപ്പ് ഉണ്ടാക്കുന്നു.

∙  മാർച്ച് 28 ന് പ്രശ്നങ്ങൾ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ  400ൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്ത യോഗം ചേരുന്നു. യോഗത്തിൽ കോർക്കിൽ നിന്നുള്ള പാർലമെന്റ് അംഗം മിക്ക് ബാരി, ഡബ്ലിനിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം റൂത്ത് കോപ്പിഞ്ചർ, അയർലണ്ടിലെ ഏറ്റവും വലിയ ട്രേഡ്യൂണിയൻ ആയ SIPTU പ്രതിനിധി ജോൺ മക്കാമിലി, എന്നിവർ പങ്കെടുത്തു.

∙ മാർച്ച് 30ന് എച് എസ് ഇ (HSE) Slaintecare പദ്ധതിയുടെ മുൻ ചെയർപേഴ്സണും എംപിയുമായ റോഷീൻ ഷോർട്ടാളുമായി ഓൺലൈനിൽ യോഗം ചേരുന്നു.

∙ഏപ്രിൽ 20ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ മിക്ക് ബാരി എം പി ചോദ്യം ഉന്നയിക്കുന്നു.

∙റോഷീൻ ഷോർട്ടാൽ ആരോഗ്യമന്ത്രിക്കും എന്റർപ്രൈസ്,ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിക്കും ചോദ്യം എഴുതി നൽകുന്നു (Parliamentary Question).

issues-in-health-care-assistant-job-permit-became-solved-in-ireland

∙മേയ് 9ന് പാർലമെന്റിന്റെ എ വി റൂമിൽ വച്ച് നടന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട്  ഭാരവാഹികളും ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധികളും പാർലമെന്റ് അംഗങ്ങളുടെ മുന്നിൽ വിഷയം അവതരിപ്പിക്കുന്നു. യോഗത്തിൽ ഷിൻ ഫെൻ പാർട്ടിയുടെ എം പി പോൾ ഡൊണാലി, ഡബ്ലിൻ സൗത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗം ജൊവാൻ കോളിൻസ്, കെറിയിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗങ്ങളും സഹോദരന്മാരുമായ മൈക്കൽ ഹീലി റേ, ഡാനി ഹീലി  റേ, ക്ലെയറിൽ നിന്നുള്ള സ്വതന്ത്ര അംഗമായ വയലറ്റ് ആൻ, സെനറ്റ് അംഗം ഐലീൻ ഫ്ളിൻ, എന്നിവരെ കൂടാതെ പാർലമെന്റ് അംഗങ്ങളായ  റോഷീൻ ഷോർട്ടാൽ, ഭരണകക്ഷി അംഗമായ നൈൽ റിച്ച്മണ്ട് എന്നിവരുടെ പേർസണൽ സ്റ്റാഫുകളും മുൻ പാർലമെന്റ് അംഗം റൂത്ത് കോപിഞ്ചറും പങ്കെടുത്തു സംസാരിച്ചു. മൈക്ക് ബാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ വിഷയം പാർലമെന്റ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. 

യോഗത്തിനു ശേഷം പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ പ്രതിപക്ഷ നേതാവും ഷിൻ ഫെൻ പാർട്ടിയുടെ  പ്രസിഡണ്ടുമായ മേരി ലൂ മക്ഡൊണാൾഡിനെ നേരിട്ട് കണ്ടു വിഷയം അവർക്കുമുന്നിൽ അവതരിപ്പിച്ചു. ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ എല്ലാ വിധ പിന്തുണയും മേരി ലൂ മക്ഡൊണാൾഡ്‌ വാഗ്ദാനം ചെയ്തു. പ്രവാസികളായ ആരോഗ്യപ്രവർത്തകരുടെ ഉന്നമനത്തിനായി മൈഗ്രന്റ് നേഴ്സ്സ് അയർലണ്ട് നടത്തുന്ന പ്രവർത്തങ്ങളെ  എം പിമാർ യോഗത്തിൽ അഭിനന്ദിച്ചു.

∙ മേയ് 10ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ മിക്ക് ബാരി എം പി ഈ വിഷയം വീണ്ടും അവതരിപ്പിക്കുന്നു. അന്ന് തന്നെ നടന്ന പാർലമെന്റിന്റെ എംപ്ലോയ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിൽ മിക്ക് ബാരി എം പി ഈ വിഷയം അവതരിപ്പിക്കുകയും പുനഃപരിശോധിക്കണമെന്ന് മന്ത്രി പ്രസ്താവിക്കുകയും ചെയ്യുന്നു.

∙ മേയ് 23ന് മിക്ക് ബാരി എം പിയും ജോൺ കോളിൻസ് എം പിയും  പാർലമെന്റിന്റെ ടോപ്പിക്കൽ ഇഷ്യൂ ചർച്ചയിൽ ഈ വിഷയങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾ അയർലണ്ട് എന്ന രാജ്യം വലിയ വിലമതിക്കുന്നു എന്നും പ്രശ്നപരിഹാരത്തിന് തന്റെ ഓഫിസ് ഇടപെടാൻ തയ്യാറാണ് എന്നും സ്പീക്കർ ഷോൺ ഓ ഫിയർഗെയിൽ അറിയിക്കുന്നു.

∙മേയ് 25ന് ചിൽഡ്രൻ, ഇക്വാലിറ്റി, ഡൈവേർസിറ്റി ആൻഡ് ഇൻക്ലൂഷൻ മന്ത്രി റോഡറിക്ക് ഓഗോർമാനെ മൈഗ്രന്റ് നഴ്സ്സ്  അയർലണ്ട് നാഷണൽ ട്രെഷറർ സോമി തോമസ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ നേരിട്ട്‌ കണ്ടു ഈ വിഷയങ്ങൾ അവതരിപ്പിച്ചു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായി റോഷീൻ ഷോർട്ടാൽ എംപിക്ക് ആദ്യം മേയ് 3ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോന്നെള്ളി നൽകിയ മറുപടിയിലും പിന്നീട് എംപിയുടെ തന്നെ തുടർചോദ്യങ്ങൾക്ക്  മന്ത്രി മേയ് 16 നും 24നും നൽകിയ മറുപടികളിലും Quality and Qualifications Ireland (QQI)   ലെവൽ 6/7/8 വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തികൾക്ക് നിലവിലെ ചട്ടങ്ങളിൽ പറയുന്ന ലെവൽ 5 കോഴ്സ് ചെയ്യേണ്ടതില്ല  എന്നും അവർ അവരുടെ തൊഴിൽദാതാവിന്റെ കയ്യിൽനിന്നും പ്രത്യേക ഫോമിൽ സൈൻഓഫ് ചെയ്തു സമർപ്പിച്ചാൽ  ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്  പുതുക്കാൻ  കഴിയും എന്ന് രേഖാമൂലം  അറിയിച്ചു. ഇന്ത്യയിലെ ജനറൽ നഴ്സിംഗ് ഡിപ്ലോ QQI ലെവൽ ആറും ബിഎസ്‌സി നഴ്സിംഗ് ഡിഗ്രി  ലെവൽ ഏഴും ആയി പരിഗണിക്കപ്പെടുന്നു എന്ന് Quality and Qualifications Ireland (QQI), NARIC Ireland ന്റെ വെബ്‌സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്.

ഇത് മൈഗ്രന്റ്  നഴ്സ്സ്  അയർലണ്ട്  നടത്തിയ പ്രവർത്തങ്ങളുടെ വിജയവും അതിലൂടെ നഴ്‌സായിരിക്കുമ്പോൾ തന്നെ കെയർ അസിസ്റ്റന്റ് ആയി ജോലിചെയ്യാൻ വീണ്ടും ഒരു കോഴ്സ് ചെയ്യേണ്ടി വരിക എന്ന ദുരവസ്ഥയിൽനിന്ന് കെയർ അസിസ്റ്റന്റുമാർക്കു മോചനമാകുകയും ചെയ്യും. ഈ യാത്രയിൽ മൈഗ്രന്റ്  നഴ്സ്സ്  അയർലണ്ടിന്റെ ഒപ്പം നിന്ന എല്ലാവർക്കും പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പ്രത്യേക നന്ദി ഭാരവാഹികൾ അറിയിച്ചു. ഈ വിജയം ഫാമിലി വിസ ലഭിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് ഊർജം പകരുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Content Summary: Issues in Health Care Assistant Job Permit Became Solved in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com