ADVERTISEMENT

ലണ്ടന്‍∙ യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎൽആർ) എട്ടു വർഷത്തിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നത് ഉൾപ്പടെയുള്ള നിയമങ്ങളാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇംഗ്ലീഷ് മാധ്യമമായ 'ഡെയിലി മെയിൽ' ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുള്ളത്.

Read Also: യൂറോ മില്യൻസ് ലോട്ടറി; 1146 കോടി രൂപ അടിച്ച വിജയി ടിക്കറ്റ് ഹാജരാക്കി...

യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നതിനാലാണ് ആഭ്യന്തര വകുപ്പ്  കടുത്ത നടപടികള്‍ ആലോചിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഐഎല്‍ആര്‍ ലഭിക്കാനായി യുകെയില്‍ രണ്ട് വര്‍ഷമെങ്കിലും തൊഴിലെടുത്തതായോ അല്ലെങ്കില്‍ സ്‌കൂള്‍ പഠനം നടത്തിയതായോ തെളിയിക്കേണ്ട രേഖകളും ഹാജരാക്കേണ്ടി വരും. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണ് ഐഎൽആർ ലഭിക്കുക.

കൂടാതെ ഐഎല്‍ആർ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷക്കാലം ക്രിമിനല്‍ കുറ്റങ്ങളിലൊന്നും അകപ്പെട്ടിട്ടില്ലെന്ന് അപേക്ഷകന്‍ നിര്‍ബന്ധമായും തെളിയിക്കേണ്ടതായും വരും. നിലവില്‍ ഐഎല്‍ആര്‍ ലഭിക്കുന്നതിനായി 65 വയസിന് മുകളിൽ പ്രായമുള്ളവര്‍ ബ്രിട്ടീഷ് ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയെഴുതേണ്ടതില്ല. എന്നാല്‍ പരിഗണനയിലുള്ള നിയമങ്ങൾ കർശനമാക്കിയാൽ ഈ ഇളവും റദ്ദാക്കും. യുകെയിലേക്കുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ താന്‍ വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഇത്തരം കര്‍ശന നടപടികൾക്ക് ഋഷി സുനക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് കാൻസർവേറ്റീവ് പാർട്ടി മുമ്പേ തന്നെ നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷൻ സർവകാല റെക്കോർഡിലാണ്. എന്നാൽ മൈഗ്രേഷനിലൂടെ യുകെയിൽ എത്തിയ കുടുംബത്തിന്റെ പിന്മുറക്കാരനായ ഋഷി സുനക് ഇത്തരത്തിൽ നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. യുകെയിൽ എത്തിയ പുതു തലമുറയിൽ ഉൾപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ നിന്നും ഉൾപ്പടെയാണ് പ്രതിഷേധം ഉയരുന്നത്.

 

English Summary: Rishi Sunak to tighten PR rules; It will be difficult to get British citizenship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com