ADVERTISEMENT

സോമർസെറ്റ്∙ ഇ–സിഗരറ്റുകൾ ഡിസ്പോസിബിൾ വേപ്പുകൾ എന്നിവയുടെ സമ്പൂർണ നിരോധനം ബ്രിട്ടനിൽ നടത്തണമെന്ന ആവശ്യം ഉയരുന്നു. കുട്ടികളുടെ ഡോക്ടർമാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിപിസിഎച്ച്) ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ശ്വാസകോശങ്ങളിലും ഹൃദയങ്ങളിലും തലച്ചോറിലും ദീർഘകാലാടിസ്ഥാനത്തിൽ രോഗങ്ങൾ ഉണ്ടാക്കാൻ ഇ–സിഗരറ്റുകളും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ വേപ്പുകളും ഇടയാക്കുന്നുവെന്ന് ആർസിപിസിഎച്ച് ഭാരവാഹികൾ പറയുന്നു. ബ്രിട്ടന്റെ അയൽരാജ്യങ്ങളായ സ്കോട്ട്‌ലൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിൽ ഡിസ്പോസിബിൾ വേപ്പുകൾക്കും ഇ–സിഗരറ്റുകൾക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ട്. ഇതു മാതൃകയാക്കാൻ ബ്രിട്ടൻ തയാറാകണമെന്നും ആർസിപിസിഎച്ച് ഭാരവാഹികൾ പറഞ്ഞു.

Read Also: ലഹരികടത്ത് തടയാൻ ആന്‍റി നാർക്കോട്ടിക് കൗൺസിലുമായി ദുബായ്; ഷെയ്ഖ് സെയ്ഫ് അധ്യക്ഷനാകും...

യുകെയിൽ ഓരോ ആഴ്ചയും 1.3 ദശലക്ഷം ഡിസ്പോസിബിൾ വേപ്പുകൾ വലിച്ചെറിയപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റവും പുതിയ എൻഎച്ച്എസ് ഡിജിറ്റൽ ഡാറ്റ പ്രകാരം 2021 ൽ 15 വയസ്സുള്ള അഞ്ച് കുട്ടികളിൽ ഒരാൾ ഡിസ്പോസിബിൾ വേപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ യുവാക്കളുടെ എണ്ണം അതിവേഗം വളരുകയാണ്. 2023 ലെ കണക്കുകൾ പ്രകാരം 11 നും 17 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ ഇ-സിഗരറ്റിന്റെയും ഡിസ്പോസിബിൾ വേപ്പിന്റെയും പരീക്ഷണാത്മക ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% വർധിച്ചിട്ടുണ്ട്. കുട്ടികൾ നിക്കോട്ടിൻ വാപ്പുകൾ ഉപയോഗിക്കുന്നത് മൂലം അജ്ഞാതമായ ദീർഘകാല രോഗങ്ങൾ പിടികൂടാൻ കാരണമാകുന്നുണ്ട്.

എന്താണ് ഇ–സിഗരറ്റും ഡിസ്പോസിബിൾ വേപ്പും അപകടവശങ്ങളും

ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇവയിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്.

ഇ–സിഗരറ്റിന്റെയും ഡിസ്പോസിബിൾ വേപ്പിന്റെയും ഉപയോഗം അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഡിഎൻഎ ഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.

കൗതുകത്തിനായി ഇവ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ മറ്റു നിക്കോട്ടിൻ ഉൽപന്നങ്ങൾ ക്രമേണ ഉപയോഗിക്കുന്നു. കൂടുതൽ അപകടകരമായ ലഹരിവസ്തുക്കൾ പുകരൂപത്തിൽ ഉള്ളിലെത്തിക്കാൻ ഉപയോഗിച്ചു വരുന്നതായി കണ്ടു വരുന്നു.

English Summary: UK paediatricians call for ban on e-cigarettes and disposable vapes to protect children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com