ADVERTISEMENT

ലണ്ടൻ∙ കാലാവസ്ഥാ വ്യതിയാനം കാര്യമായി പ്രതിഫലിക്കുന്ന ബ്രിട്ടനിൽ ഇക്കുറിയും വേനൽ കനക്കുമെന്ന് മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽതന്നെ ഇംഗ്ലണ്ടിൽ ചൂട് 30 ഡിഗ്രി (86F) കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മിഡ്ലാൻസിലും ഈസ്റ്റേൺ, സതേൺ ഇംഗ്ലണ്ടിലുമാണ് ഉഷ്ണക്കാറ്റും കനത്ത ചൂടും പ്രവചിച്ചിരിക്കുന്നത്. 

Read Also: ആയുധ ഇടപാടിനായി ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍...

ഈ വെള്ളിയാഴ്ച വൈകിട്ടു മുതൽ തിങ്കളാഴ്ച വരെയാണ് ഇംഗ്ലണ്ടിൽ ഹീറ്റ് –ഹെൽത്ത് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയുടേതാണ് (UKHCA) മുന്നറിയിപ്പ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രായമായവരും കുട്ടികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിച്ച് ശരീരത്തെ നിർജലീകരണത്തിൽനിന്നും സംരംക്ഷിക്കണെന്നും ആരോഗ്യ സുരക്ഷാ ഏജൻസി ഓർമിപ്പിക്കുന്നു. 

ഉച്ചയ്ക്ക് 11 മുതൽ മൂന്നുമണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് കഴിയുമെങ്കിൽ ഒഴിവാക്കാൻ നിർദേശമുണ്ട്. പുറത്തിറങ്ങുന്നവർ സൺഗ്ലാസ് ധരിക്കാനും സൺ ക്രീം ഉപയോഗിക്കാനും ശ്രമിക്കണം. വീടുകളിൽ താപനില കുറച്ചു നിർത്താൻ ജനലുകളും കതകും അടച്ചിടാൻ ശ്രമിക്കണമെന്നും നിർദേശമുണ്ട്. ചൂടിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്നും ശരീരത്തിന്റെ നിർജലീകരണം വർധിപ്പിക്കുന്ന മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും ആരോഗ്യ സുരക്ഷാ ഏജൻസി പറയുന്നു. 

Read also: ലണ്ടൻ ഹീത്രൂവിൽ സുരക്ഷാ ഉദ്യോഗസ്ഥർ 31 ദിവസം സമരത്തിന്; വേനൽ അവധി യാത്രകൾ ദുഷ്കരമാകും...

കഴിഞ്ഞവർഷം ജൂലൈയിൽ 40 ഡിഗ്രിവരെ ചൂടാണ് ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇതിനു സമാനമായ സാഹചര്യം ഇക്കുറിയും ഉണ്ടാകുമെന്നതിന്റെ സൂചനയായാണ് ജൂൺ ആദ്യവാരത്തിലെ തന്നെയുള്ള ഈ ചൂടിനെ കാലാവസ്ഥാ വിദഗ്ധർ കാണുന്നത്. മുൻവർഷത്തേക്കാൾ മഴയുടെ ലഭ്യതയും ഇക്കുറി ഇംഗ്ലണ്ടിൽ കുറവാണ്.മേയ് 11നുശേഷം ഒരുതുള്ളി മഴപോലും പെയ്യാത്ത നിരവധി പ്രദേശങ്ങൾ ഇംഗ്ലണ്ടിലുണ്ട്. വരാനിരിക്കുന്ന കൊടിയ വേനലിന്റെ തുടക്കമായാണ് ഈ മഴക്കുറവിനെയും ജൂൺ ആദ്യവാരത്തിലുള്ള 30 ഡിഗ്രി ചൂടിനെയും വിദഗ്ധർ കാണുന്നത്. 

English Summary : A heat warning is in place in Britain for the first week of June, with temperatures of 30 degrees expected at the weekend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com