ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി കീർത്തി പുരസ്കാരം ഷൈമോൻ തോട്ടുങ്കലിന്

Mail This Article
ലണ്ടൻ∙ ചങ്ങനാശേരി അതിരൂപത പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി കീർത്തി പുരസ്കാരം ഷൈമോൻ തോട്ടുങ്കലിന്. കഴിഞ്ഞദിവസം ചങ്ങനാശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാാർഡ് സമ്മാനിച്ചു. ബ്രിട്ടണിൽ സാമൂഹ്യ- രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും നിറഞ്ഞുനിൽക്കുന്ന ഷൈമോൻ, സീറോ മലബാർ സഭയോടു ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ അംഗവും അസോസിയേറ്റ് പി.ആർ.ഓയുമാണ് ഷൈമോൻ. പ്രവാസി കേരളാ കോൺഗ്രസിന്റെ യു കെ ഘടകം പ്രസിഡന്റ് കൂടിയാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ ഷൈമോൻ തോട്ടുങ്കൽ.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് മുൻപ് ചങ്ങനാശേരി അതിരൂപതയിൽനിന്നും യുകെയിലുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലൻഡ്, ന്യൂകാസിൽ എന്നിവിടങ്ങളിൽ പലവർഷങ്ങളിലായി നടത്തിയ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി. 2018ലെ പ്രളയകാലത്ത് കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇടുക്കി നിയോജക മണ്ഡലത്തിലെ നിരവധി കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഓഖി ദുരന്തകാലത്തും സമാനമായ സേവനങ്ങൾക്ക് നേതൃത്വം നൽകി.
യുകെയിൽ എത്തിയ കാലം മുതൽ സീറോ മലബാർ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും വൈദികരോടു ചേർന്നു പ്രവർത്തിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന സീറോ മലബാർ യുകെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗമായിരുന്നു. ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദ റോസറി മിഷന്റെ മുൻ ട്രസ്റ്റിയായ . ദൃശ്യ- അച്ചടി മാധ്യമ രംഗങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന ഷൈമോൻ ബ്രിട്ടണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. കോവിഡ് കാലത്ത് ബ്രിട്ടണിൽനിന്നുള്ള ഷൈമോന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ കേരളത്തിൽ ഗ്രാമവികസന മന്ത്രിയായിരുന്ന സി.എഫ് തോമസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. വിദ്യാർഥിയായിരുന്നപ്പോൾ കെ.എസ്.സി (എം) യുടെയും പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും നേതാവായിരുന്നു. നിലവിൽ ബ്രിട്ടണിലെ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡിൽ അഡ്വൈസറാണ്.
ഭാര്യ സിമി. വിദ്യാർഥികളായ സിറിയക്, ജേക്കബ് എന്നിവരാണ് മക്കൾ.