ഓണഘോഷം ഗംഭീരമാക്കി മാഞ്ചസ്റ്ററിലെ നഴ്സിങ്‌ ഹോം ജീവനക്കാര്‍

manchester-nursing-home-staff-onam-celebration
SHARE

മാഞ്ചസ്റ്റർ ∙ ഓണാഘോഷം ഗംഭീരമാക്കി യുകെ മാഞ്ചസ്റ്ററിലെ നഴ്സിങ്‌ ഹോം ജീവനക്കാര്‍. മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് എന്നിവിടങ്ങളിലെ നഴ്‌സിങ്‌ ഹോം ജീവനക്കാരാണ് ഓണാഘോഷം നടത്തിയത്. ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന വടംവലി, ഓണസദ്യ എന്നിവ ആസ്വദിക്കാൻ നിരവധി തദ്ദേശിയരും എത്തിയിരുന്നു. 

ആഘോഷ പരിപാടികളിൽ മിഴിവേറി നിന്നത് എയ്ഞ്ചല്‍ മൗണ്ട്, ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരമാണ്. രണ്ട് കെയർ ഹോമുകളിലേയും പുരുഷ, വനിത വിഭാഗങ്ങൾ പ്രത്യേകമായി വടം വലി മത്സരങ്ങൾ നടത്തി. ആവേശകരമായ പോരാട്ടത്തിൽ എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. സമ്മാന തുകയായി 300 പൗണ്ടും ട്രോഫിയും ആണ് വിജയികൾക്ക് നൽകിയത്.

manchester-nursing-home

വിവിധ മലയാളി അസോസിയേഷനുകളും മറ്റ് സംഘടനകളും ചെറു കൂട്ടായ്മകളും യുകെയിൽ ഓണാഘോഷപരിപാടികളും വടംവലി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെങ്കിലും നഴ്‌സിങ്‌ ഹോമുകളിൽ ഇതുപോലെ കേരളീയ തനിമ തുളുമ്പുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. നഴ്സിങ്‌ ഹോമുകളുടെ ഉടമയും ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോഓർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

manchester-nursing-home-staff-onam-celebration1

നഴ്സിങ്‌ ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ ഇത്തരത്തിലുള്ള ഗൃഹാതുരത്വം നിറഞ്ഞ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഷൈനു മാത്യൂസ് സംസാരിച്ചു. ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നിന് മികവ് പകർന്നുകൊണ്ട് വൈവിധ്യമാർന്ന കലാപരിപാടികളും ജീവനക്കാരുടെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി. ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

കലാവിരുന്നുകൾ ആസ്വദിക്കുവാനും ഓണസദ്യ രുചിക്കുവാനും തദ്ദേശിയരും എത്തിച്ചേർന്നത്‌ ആഘോഷ പരിപാടികളുടെ മാറ്റ് വർധിപ്പിച്ചു. കലാവിരുന്നുകൾക്കിടയിൽ സദസ്സിലേക്ക് മാവേലിയായി എത്തിയ നഴ്സിങ്‌ ഹോം സീനിയർ സ്റ്റാഫ്‌ ബേബി ലൂക്കോസ് ഓണ സന്ദേശം നൽകി. വൈകുന്നേരം 4 മണിക്ക് വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 8 മണിക്ക്‌ വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS