എർഡിങ്ങ്ടൺ∙ കാലപ്രവാഹത്തിൽ കൈമോശം വരാതെ മലയാളി എന്നും നിധി പോലെ സൂക്ഷിക്കുന്ന ഓണമെന്ന ഒരുമയുടെ ആഘോഷം പ്രൗഡഗംഭീരമാക്കി എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ .കുട്ടികളുടെ വിവിധ കല കായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കമായി. സട്ടൻകോൾഡ്‌ഫീൽഡ് സെന്റ് ചാഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനപങ്കാളിത്തം വളരെ കൂടുതലായിരുന്നു .

പൊതുസമ്മേളനത്തിൽ ഇഎംഎ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു. സെക്രട്ടറി അനിത സേവ്യർ പ്രവർത്തന റിപ്പോർട്ടും ട്രെഷർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു. ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും,യുക്മ കായിക മത്സര വിജയികൾക്കും ഡോക്ടർ ബിരുദം നേടിയ അലൻ ഷാജികുട്ടിയെയും കുട്ടികൾക്ക് കല പരിപാടികൾക്ക് പരിശീലനം നൽകിയ ആൻകിത സെബാസ്റ്റ്യനും സമ്മാനങ്ങൾ വിതരണം ചെയ്തു.


ഇഎംഎ മുൻ പ്രസിഡന്റുമാരെ പൊന്നാട അണിയിച്ചു ആദരിച്ചു. വിവിധ ഏരിയകളെ പ്രതിധാനം ചെയ്ത് നടന്ന പൂക്കളമത്സരവും നാടൻപാട്ട് മത്സരവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ആരവമുയർത്തിയ നിറഞ്ഞ സദസ്സിൽ അവതരിച്ച മഹാബലി തിരുമേനി എവരെയും ആകർഷിച്ചു.ആവേശതുടിപ്പായി നടന്ന വടം വലി മത്സരത്തിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ പങ്കെടുത്തു. ഫോക്കസ് ഫിനിഷുർ, ഡെയിലി ഡിലൈറ്റ് ,ഗൾഫ് മോട്ടോർസ്, മലബാർ ഫുഡ്സ്, ഫൈൻ കെയർ എന്നിവർ ആഘോഷ പരിപാടിയുടെ സ്പോൺസേഴ്സ് ആയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു. ജോയിന്റ് ട്രെഷറർ ജെൻസ് ജോർജ്, കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസ്, ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ്, മേരി ജോയി ,അശോകൻ മണ്ണിൽ എന്നിവർ ഓണഘോഷത്തിനു നേതൃത്വം നൽകി.
