ലിസ്ബൺ ∙ സമീക്ഷ ലിസ്ബൺ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ദേശീയ സെക്രട്ടറി ദിനേശൻ വെള്ളാപ്പള്ളി നിർവ്വഹിച്ചു. യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച നോർത്തേൺ അയർലൻഡിലെ സമീക്ഷ ഏരിയാ കമ്മിറ്റിയുടെ കോഓർഡിനേറ്റർ ബൈജു നാരായണൻ സംഘടനയുടെ ഭരണഘടനയെ കുറിച്ചും പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.
സമീക്ഷ ലിസ്ബൺ യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ഈ മേഖലയിലെ മലയാളികൾക്കുള്ള മതേതര വേദി വിശാലമാക്കുക എന്നതാണ്.
കൂടാതെ, വംശത്തിന്റെ പേരിൽ കേരളത്തിലെ കുടിയേറ്റക്കാർ നേരിടുന്ന തൊഴിൽ സ്ഥലങ്ങളിലെ അസമത്വങ്ങൾ പരിഹരിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമായിരിക്കും. സമീക്ഷ ലിസ്ബൺ യൂണിറ്റ് 2010 ലെ തുല്യതാ നിയമത്തിന്റെ തത്ത്വങ്ങൾ ജോലിസ്ഥലങ്ങളിൽ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജീവമായി പ്രവർത്തിക്കും.
സാംസ്കാരിക സമന്വയം പ്രവാസ ജീവിത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. മലയാളി സമൂഹവും പ്രാദേശിക സംസ്കാരങ്ങളും, മേഖലയിലെ മറ്റ് കുടിയേറ്റ സമൂഹങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സമീക്ഷ ലിസ്ബൺ യൂണിറ്റ് ശ്രമങ്ങൾ നടത്തും.
ഉദ്‌ഘാടന യോഗത്തിൽ സമീക്ഷ ലിസ്ബൺ യൂണിറ്റിന്റെ പ്രഥമ ഭാരവാഹികളെ ദിനേശൻ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുണിറ്റ് സെക്രട്ടറിയായി വൈശാഖ്, പ്രസിഡന്റ്- സ്മിതേഷ് ശശിധരൻ, വൈസ് പ്രസിഡന്റ്- ആതിര ബിജോയ്, ജോയിൻ സെക്രട്ടറി- പ്രതീപ് വാസുദേവൻ, ട്രഷർ മനു മംഗലം എന്നിവരെ തിരഞ്ഞെടുത്തു.