മികവിന്റെ മേളയായി രണ്ടാഴ്ച നീണ്ട ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം
Mail This Article
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ ആദ്യത്തെ മലയാളി സംഘടനകളിലൊന്നായ ന്യൂഹാം മലയാളി അസോസിയേഷന്റെ (എൻഎംസി) ഈ വർഷത്തെ ഓണാഘോഷം പതിവുപോലെ രണ്ടു വാരാന്ത്യങ്ങളിലായി കൊണ്ടാടി. സെപ്റ്റംബർ 9 ന് കായിക മൽസരങ്ങളും പതിനാറിന് സാസംകാരിക പരിപാടികളും സംഘടിപ്പിച്ചായിരുന്നു എൻ.എം.സിയുടെ ഓണാഘോഷം.
സെപ്റ്റംബർ ഒമ്പതിന് ബെക്കൻഡ്രി പാർസ്ലോസ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന കായിക മൽസരങ്ങളിൽ നൂറിലേറെ ആളുകൾ പങ്കെടുത്തു. വനിതകൾ പുരുഷന്മാർ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം മൽസരയിനങ്ങളും വടംവലിയും സംഘടിപ്പിച്ചായിരുന്നു ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ നീണ്ട കായിക മൽസരങ്ങൾ.
പതിനാറിന് ഡഗ്നാമിലെ തോമസ് മൂർ പള്ളി ഓഡിറ്റോറിത്തിൽ നടന്ന ഇൻഡോർ ആഘോഷങ്ങളിലും നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. തുടർന്ന് രാത്രി ഒമ്പതു വരെ വിവിധ കലാപിരിപാടികളുടെയും മൽസരങ്ങളുടെയും അകമ്പടിയോടെ മുന്നേറിയ ആഘോഷങ്ങൾ എല്ലാവരും ചേർന്നുള്ള ഫ്ലാഷ് മോബോടെയാണ് സമാപിച്ചത്.
അനിൽ തോമസ്, സ്മിത രാജേഷ്, ദിയ മരിയ ടോമി, മാധവ് രാജ് കീച്ചേരിൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ ആഘോഷകമ്മിറ്റിയായിരുന്നു ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. പൂക്കളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, സംഘനൃത്തം, കസേര കളി, ഓണം ബംബർ നറുക്കെടുപ്പ് എന്നിവയായിരുന്നു ആഘോഷത്തിന് അഴകേകിയത്. നാട്ടിൽനിന്നും മക്കളെ സന്ദർശിക്കാനെത്തിയ മാതാപിതാക്കളായിരുന്നു പതിവുപോലെ ഇക്കുറിയും ആഘോഷത്തിന്റെ ഉദ്ഘാടകർ. വിവിധ മൽസരങ്ങളിലും സ്പോട്സ് ഡേയിലും സമ്മാനങ്ങൾ നേടിയവർക്ക് സംഘടനയിലെ മുതിർന്ന അംഗങ്ങളായ എൻ.എം. തോമസ്, ഏബ്രഹാം വാഴൂർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോലിയിൽനിന്നും വിരമിച്ച് നാട്ടിലേക്കു മടങ്ങുന്ന എൻ.എം.സിയുടെ സജീവ പ്രവർത്തകരായ ജോണി തെങ്ങുംകുടിയിലിനെയും ഭാര്യ ഗ്രേസി ജോണിയെയും പൊണാടയണിയിച്ച് ആദരിച്ചു. വടംവലി മൽസരത്തിൽ വിജയികളായവർക്ക് ഇവർ സ്പോൺസർ ചെയ്ത ഗ്രേസി ട്രോഫിയും ജോണി ട്രോഫിയും ഇരുവരും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു. ഓണസദ്യക്കു പുറമേ വൈകിട്ട് ഡിന്നർകൂടി ഉൾപ്പെടുത്തിയായിരുന്നു എൻഎംസി യുടെ ഓണാഘോഷം.