എം എ യൂസഫലിക്ക് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണററി വൈസ് പ്രസിഡന്റ് സ്ഥാനം

Mail This Article
വാര്‍സോ∙ ഇന്ത്യ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓണററി വൈസ് പ്രസിഡന്റ് സ്ഥാനം പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ലഭിച്ചു. യൂറോപ്പിലെ ബിസിനസ്സിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പോളണ്ട് സന്ദര്‍ശന വേളയിലാണ് ചേംബര്‍ അദ്ദേഹത്തെ പോളണ്ടില്‍ ആദരിച്ചത്.
കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഐപിസിസിഐയുടെ ബിസിനസ് റിലേഷന്‍സ് ഡയറക്ടറുമായ ചന്ദ്രമോഹന്‍ നല്ലൂര്‍ (വ്യവസായി, മലയാളി സ്പിരിറ്റ്‌സ്, വാര്‍സോ) സ്വാഗതം നല്‍കിയ സമ്മേളനത്തില്‍ കുനാല്‍ ചോക്ഷി വിപി ഐടി ഐപിസിസിഐ, പ്രദീപ് നായര്‍ കേരള അസോസിയേഷന്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് റോയ് സുബ്രമണി, രാജേഷ് നായര്‍ നാഷനല്‍ കോര്‍ഡിനേറ്റര്‍ ഡബ്ല്യു. എം.എഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ജെജെ സിങ് അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചു. ഇന്ത്യയും പോളണ്ടും തമ്മിലുള്ള വാണിജ്യ, വ്യാവസായിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്ത്യ-പോളണ്ട് ചേംബര്‍ ഓഫ് കൊമേഴ്സ് ലുലു ഗ്രൂപ്പിന്റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പോളണ്ടില്‍ 3 ബില്യൻ ഡോളറിന്റെ നിക്ഷേപം ഇന്ത്യന്‍ സ്ഥാപനങ്ങളുടേതായി ഉണ്ട്. ഇന്ത്യയില്‍ പോളിഷ് സ്ഥാപനങ്ങള്‍ 672 മില്യൻ ഡോളറും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഊഷ്മളമായ വരവേല്‍പ്പാണ് ഉദ്യോഗസ്ഥരും പ്രാദേശിക കൂട്ടായ്മകളും യൂസഫലിയ്ക്ക് ഒരുക്കിയത്. കേരള അസോസിയേഷന്‍ ഓഫ് പോളണ്ടും വേള്‍ഡ് മലയാളി ഫെഡറേഷന്‍ പോളണ്ട് യൂണിറ്റുകളും ചേര്‍ന്ന് അദ്ദേഹത്തെ വാര്‍സോയില്‍ സ്വീകരിച്ചു. ഇരുന്നൂറിലധികം മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇറ്റലിക്ക് പിന്നാലെയാണ് പോളണ്ടിലും ലുലു ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. റീട്ടെയ്ല്‍ വ്യവസായ രംഗത്ത് അതികായരായ ലുലു ഗ്രൂപ്പ് യൂറോപ്പില്‍ ഇറ്റലിയിലും പോളണ്ടിലും പുതിയ പദ്ധതികള്‍ക്ക് ധാരണയായതായി അറിയിച്ചു. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിര്‍ണ്ണായക കരാറുകളില്‍ പോളണ്ട് സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് ഒപ്പുവച്ചതയാണ് റിപ്പോര്‍ട്ട്. ഇതുവഴി പോളണ്ടിലെ കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രമാണ് ഇതില്‍ ഒന്നാമത്തേത്.
ഇന്ത്യ, മിഡില്‍ ഈസ്റ്റ് അടക്കമുള്ള മേഖലയില്‍ ഇവ ലഭ്യമാക്കും. പോളണ്ടിലെ വിവിധയിടങ്ങളില്‍ നിക്ഷേപപദ്ധതികള്‍ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തില്‍ പോളിഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് ഏജന്‍സിയും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. ആദ്യഘട്ടമായി 50 മില്യൻ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള കാലയളവില്‍ കയറ്റുമതിയുടെ തോത് വര്‍ധിപ്പിക്കും. ഭക്ഷ്യസുരക്ഷാപ്രോത്സാഹനത്തിനുള്ള ലുലുവിന്റെ ചുവടുവയ്പ്പിന്റെ ഭാഗമായാണ് യൂറോപ്പിലെ പദ്ധതികള്‍. അന്താരാഷ്ട്ര തലത്തില്‍ സ്ഥിരതയുള്ള ഭക്ഷ്യഉല്‍പ്പന്ന വിതരണശ്രംഖലയാണ് ലുലുവിന്റെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായാണ് യൂറോപ്പിലും ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങള്‍ തുറക്കുന്നത്. പോളിഷ് ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ നേരിട്ട് വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിക്കാനാകും. പോളണ്ടിലെ കാര്‍ഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്നതാണ് പദ്ധതി- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പോളണ്ടിലെ നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികളും, മന്ത്രിമാരുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിക്കാഴ്ച്ച നടത്തിയാണ് മടങ്ങിയത്.
English Summary: MA Yusuf Ali selected as Honorary Vice President of Indo-Polish Chamber of Commerce