ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തില്‍ കോവിഡ് വ്യാപനം; സർവീസുകളുടെ എണ്ണം ചുരുക്കി

Mail This Article
ലണ്ടന്‍ ∙ ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തില്‍ വീണ്ടും പ്രതിസന്ധി. ഡേറ്റ പ്രശ്നവും, ജീവനക്കാരുടെ എണ്ണക്കുറവും മൂലം ഏതാനും മാസങ്ങള്‍ക്കിടെ പ്രതിസന്ധി നേരിട്ട വിമാനത്താവളത്തില്‍ ഇക്കുറി കൊറോണ വൈറസ് വ്യാപനമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ക്ക് ഇടയിൽ വൈറസ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ദിവസേന സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
സർവീസുകളുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. നിയന്ത്രണം ഒക്ടോബര്‍ 1 വരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന നിമിഷം യാത്ര റദ്ദാക്കുന്നതും, തടസ്സങ്ങള്‍ നേരിടുന്നതും ഒഴിവാക്കാനാണ് വിമാനങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ ചുമതലയുള്ള നാറ്റ്സ് ജീവനക്കാര്‍ക്കിടയില്‍ വൈറസ് പടര്‍ന്നതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെ എത്തിക്കാന്‍ കഴിയാതെയായി.
കഴിഞ്ഞ ദിവസങ്ങളിൽ 50 സർവീസുകളാണ് റദ്ദായത്. ഇതോടെ 8000 യാത്രക്കാർക്ക് തടസ്സം നേരിട്ടു. ഫ്ളൈറ്റ് റഡാര്‍24 ട്രാക്കിങ് വെബ്സൈറ്റാണ് റദ്ദായ സർവീസുകളെ കുറിച്ചു വെളിപ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനും, അനിശ്ചിതാവസ്ഥ ഒഴിവാക്കാനുമാണ് ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊണ്ടതെന്ന് ലണ്ടന്‍ ഗാറ്റ്വിക് സിഇഒ സ്റ്റുവാര്‍ട്ട് വിന്‍ഗേറ്റ് പറഞ്ഞു.
കോവിഡ് ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കാരണങ്ങള്‍ പറഞ്ഞ് നാറ്റ്സ് ടവര്‍ സ്റ്റാഫിലെ 30% ജീവനക്കാരാണ് കൂട്ട അവധിയിലുള്ളത്. സംഭവത്തില്‍ നാറ്റ്സ് യാത്രക്കാരോട് മാപ്പ് പറഞ്ഞു. തുടർന്നുള്ള മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി ഇത്തരമൊരു സാഹചര്യം ഒഴിവാക്കുമെന്നാണ് ഇവരുടെ വിശദീകരണം.
English Summary: Gatwick Airport Limits Flights As Covid Outbreak Causes Staff Shortages