പ്രോസിക്യൂട്ടേഴ്സിന്റെ രാജ്യാന്തര സമ്മേളനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി പി. പ്രേംനാഥ്
Mail This Article
ലണ്ടൻ ∙ ലണ്ടനിൽ നടന്ന പ്രോസിക്യൂട്ടർമാരുടെ രാജ്യാന്തര സമ്മേളനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മലയാളിയായ പി. പ്രേംനാഥ്. ഇന്റർനാഷനൽ അസോയിയേഷൻ ഓഫ് പ്രോസിക്യൂട്ടേഴ്സിന്റെ പ്രതിനിധിയായി കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രേംനാഥാണ് രാജ്യാന്തര സെമിനാറിൽ ശ്രദ്ധേയ സാന്നിധ്യമായത്. വിവിധ രാജ്യങ്ങളിൽനിന്നായി അഞ്ഞൂറിലധികം പ്രോസിക്യൂട്ടർമാർ പങ്കെടുത്ത സമ്മേളനത്തിൽ കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംബന്ധിച്ച വിഷയത്തിൽ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ചാണ് പ്രേംനാഥ് പ്രതിനിധികളുടെ കൈയടി നേടിയത്.
പരമ്പരാഗത ശൈലിയിലുള്ള പ്രോസിക്യൂഷൻ സംവിധാനങ്ങൾ ലോകത്തിലെമ്പാടും മാറിവരുകയാണെന്നും കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനം ക്രിമിനൽ നീതി മേഖലയിൽ പൊതു വിശ്വാസം ഉറപ്പാക്കാൻ സഹായിക്കുമെന്നും പി. പ്രേംനാഥ് അഭിപ്രായപെട്ടു.
ക്രിമിനൽ നീതി സംവിധാനം, മയക്കു മരുന്ന്, ഗാർഹിക, സൈബർ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അറിവും അവബോധവും നൽകുകയും അതുവഴി കുറ്റകൃത്യങ്ങൾ തടയുകയുമാണ് കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനത്തിന്റെ പ്രത്യകത.
വിവിധ സർക്കാർ ഏജൻസികളുടെയും സർക്കാർ ഇതര സാമൂഹ്യ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനത്തിൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി പ്രോസിക്യൂട്ടർമാർ വിദ്യാലയങ്ങൾ റെസിഡന്റ്‌സ് അസോസിയേഷൻ, പൊതുജന കൂട്ടായ്മകൾ എന്നിവടങ്ങൾ സന്ദർശിച്ച് സാമൂഹ്യ അവബോധന പ്രവർത്തനങ്ങൾ നടത്തും.
കാനഡ ഡപ്യൂട്ടി അറ്റോർണി ജനറൽ കാത് ലീൻ റൗസ്സലിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ നോർത്തേൺ അയർലൻഡ് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ സ്റ്റീഫൻ ഹെറോൺ, യുഎൻ. സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം മേധാവി ഡേവിസ് സ്കറിയ, സിർകാസ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജീൻ ഫ്രാങ്കോയ്സ് തോനി, ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് ക്രൗൺ പ്രോസിക്യൂട്ടർ റോബിൻ വെയ്ൽ, യു.എസ്. ലീഗൽ അറ്റാഷേ കെൻ കോഹി, ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടേഴ്‌സ് പ്രസിഡന്റ് ജുവാൻ ബൗടിസ്ടാ മാഹിക്യുസ് എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയായ പ്രേംനാഥ് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂഷൻ ഇന്ത്യ സബ്കമ്മിറ്റി കൺവീനറുമാണ്. ഈ മാസം 24 മുതൽ 27 വരെയായിരുന്നു ലണ്ടനിലെ രാജ്യാന്തര സമ്മേളനം.
English Summary: P. Premnath became notable presence at the international conference of prosecutors held in London