ബ്രിട്ടനിൽ ശനിയും ബുധനും റെയിൽവേ ജീവനക്കാർ പണിമുടക്കും; യാത്രക്കാർ സ്റ്റേഷനിലേക്ക് പുറപ്പെടുംമുമ്പ് സർവീസുകൾ പരിശോധിക്കണം

Mail This Article
ലണ്ടൻ ∙ വേതന വർധനവ് ആവശ്യപ്പെട്ടുള്ള റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകളോട് സർക്കാർ മുഖംതിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ട്രെയിൻ ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്ക് കൂടുതൽ ശക്തമാക്കുന്നു. ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫ്, ഇതര റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയൻ എന്നിവയാണ് പണിമുടക്ക് ശക്തമാക്കുന്നത്. കഴിഞ്ഞ 18 മാസമായി യൂണിയനുകൾ വിവിധ സമയങ്ങളിൽ പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ ചർച്ചകൾക്ക് തയാറാകാത്തപക്ഷം ക്രിസ്മസ് കാലത്തും പണിമുടക്ക് തുടർന്നേക്കാമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 30 ശനിയാഴ്ചയും ഒക്ടോബർ 4 ബുധനാഴ്ചയും പണിമുടക്കാനാണ് അസ്ലെഫ് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചില സർവീസ് റദ്ദാക്കാൻ സാധ്യതയുണ്ട്. അതിനാൽത്തന്നെ ഇന്നുമുതൽ യാത്രയ്ക്ക് മുമ്പ് യാത്രക്കാർ സർവീസുകൾ യഥാസമയം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രം റെയിൽവേ സ്‌റ്റേഷനുകളിൽ എത്തുവാൻ അധികൃതര്‍ നിർദ്ദേശിക്കുന്നു.
പുതിയ പണിമുടക്കിൽ 16 ട്രെയിൻ കമ്പനികളിലെ തൊഴിലാളികൾ പങ്കെടുക്കുന്നു. അവന്തി വെസ്റ്റ് കോസ്റ്റ്, ചിൽട്ടേൺ റെയിൽവേ, സിടുസി, ക്രോസ് കൺട്രി, ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ, ഗ്രേറ്റർ ആംഗ്ലിയ, ഗ്രേറ്റ് നോർത്തേൺ തേംസ്‌ലിങ്ക്, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, ഐലൻഡ് ലൈൻ, എൽഎൻഇആർ, നോർത്തേൺ ട്രെയിൻസ്, സൗത്തീസ്റ്റ്, സതേൺ ഗ്വിറ്റിക് എക്സ്പ്രസ്, സൗത്ത് വെസ്റ്റേൺ റെയിൽവേ, ട്രാൻസ്പെനൈൻ എക്സ്പ്രസ്, വെസ്റ്റ് മിഡ്‌ലാൻഡ്സ് ട്രെയിൻസ് എന്നിവയിലെ ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെടുക.
പണിമുടക്ക് ദിവസങ്ങളിൽ പല ഓപ്പറേറ്റർമാരും സർവീസുകളൊന്നും നടത്തില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവും വിലക്കയറ്റവും നേരിടാൻ ആനുപാതികമായി ശമ്പള വർധനവ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു. എന്നാൽ കോവിഡ് കാലത്ത് സർവീസുകൾ മുടങ്ങിയതിനാൽ ഇപ്പോൾ പരമാവധി പണം സ്വരൂപിക്കാനുള്ള സമ്മർദ്ദത്തിലാണ് റെയിൽവേ വ്യവസായമെന്ന് സർവീസ് നടത്തിപ്പുകാരും പറയുന്നു. അതിനിടെ അടുത്തമാസം ലണ്ടനിലെ അണ്ടർഗ്രൗണ്ട് ലൈനിലെ ട്യൂബ് ഡ്രൈവർമാരും പണിമുടക്കും. ഇതോടെ ഇംഗ്ലണ്ടിലും ലണ്ടനിലും യാത്രാക്ലേശം കൂടുതൽ കടുത്തതാകും.
ലണ്ടൻ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആർഎംടി അംഗങ്ങൾ ഒക്ടോബർ 4 ബുധനാഴ്ചയും ഒക്ടോബർ 6 വെള്ളിയാഴ്ചയും ആണ് പണിമുടക്കുക. ട്യൂബ് ഡ്രൈവർമാരുടെ പണിമുടക്ക് ലണ്ടനിലെ ട്യൂബ് സർവീസ് പൂർണ്ണമായിത്തന്നെ സ്‌തംഭിപ്പിക്കുമെന്ന് ആർഎംടി പറയുന്നു. പണിമുടക്കിന് ശേഷമുള്ള രാവിലത്തെ സർവീസുകളെയും കാലതാമസം ബാധിക്കുമെന്ന് സർവീസ് നടത്തിപ്പുകാരായ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ സമരം എലിസബത്ത് ലൈൻ, ലണ്ടൻ ഓവർഗ്രൗണ്ട്, ഡിഎൽആർ, ട്രാം സർവീസുകളെ ബാധിക്കില്ല.
English Summary: Rail strike in Britain on Saturday and Wednesday